top of page
Writer's pictureRahul Raghav

അദ്ധ്യായം 1

ആത്മാക്കൾ ഭൂമിയിലേക്ക് എത്തുന്നത് അപ്പൂപ്പൻ താടികളായിട്ടാണത്രേ! അമ്മിണിയമ്മ പറഞ്ഞു തന്നതാണ്. ഇങ്ങനെയുള്ള ഒരുപാട് കഥകൾ അമ്മിണിയമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട് . മാനം മുട്ടെ വളർന്നു നിൽക്കുന്ന വാക മരങ്ങൾ നിറഞ്ഞ തീണ്ടാരിക്കാവിൽ പറന്നു നടക്കുന്ന അപ്പൂപ്പൻ താടികളെ എത്രയോ വട്ടം കണ്ടിരിക്കുന്നു. എന്തൊരു മനോഹരമായ കാഴ്ചയാണ്. എത്ര വട്ടം കണ്ടാലും വീണ്ടും കാണുമ്പോൾ ഒരേ കൗതുകം. ആകാശത്തിൽ നിന്നും ഞെട്ടറ്റു ഭൂമിയിലേക്ക് പതിക്കുന്ന സ്വപ്‌നങ്ങൾ ആയിട്ടാണ് എനിക്ക് അവയെ കാണുമ്പോൾ അനുഭവപ്പെടുന്നത്. പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട് ഒരു അപ്പൂപ്പൻ താടി പോലെ ഭാരമില്ലാതെ ഇങ്ങനെ ഒഴുകി നടക്കുന്നത്. വാകമരങ്ങൾ പൊഴിച്ചിടുന്ന രക്തപുഷ്പ്പങ്ങളാൽ ഇടയ്ക്കിടെ കാവ് ചുവന്നു കിടക്കുന്നതുകൊണ്ടാണത്രെ ഈ കാവിനു തീണ്ടാരിക്കാവെന്നു പേര് വന്നത്. കുട്ടിക്കാലം മുതൽ തന്നെ ഒരുപാട് കഥകൾ ഈ കാവിനെക്കുറിച്ചു കേട്ടിട്ടുണ്ട്. പേടിയോടെ മാത്രമേ കാവിലേക്ക് നോക്കാറുണ്ടായിരുന്നുള്ളെങ്കിലും  ചിലപ്പോഴൊക്കെ മുടിയഴിച്ചു വശ്യമായ ഒരു പുഞ്ചിരിയോടെ എന്നെ  ആ കാവ് മാടി വിളിക്കുന്നതായി  എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . 

                                       

അമ്മിണിയമ്മ സുന്ദരിയാണ്. കാതിൽ ചുവന്ന കല്ല് വെച്ച ജിമിക്കയും, നെറ്റിയിലെ ഭസ്മക്കുറിയും, ആ താംബൂലഗന്ധവും, തികച്ചും നിഷ്കളങ്കമായ ചിരിയുമൊക്കെയാണ് അമ്മിണിയമ്മയെക്കുറിച്ചുള്ള എൻ്റെ ഓർമ്മകൾ. അമ്മിണിയമ്മ എൻ്റെ അമ്മയുടെ അമ്മയാണ്. അമ്മൂമ്മ എന്നൊന്നും ഞാൻ ഇതേവരെ വിളിച്ചിട്ടില്ല. ഓർമ്മ വെച്ച കാലം മുതൽ അമ്മിണിയമ്മ എന്ന് വിളിച്ചാണ് ഞാൻ ശീലിച്ചത്. ഞാൻ മാത്രമല്ല എൻ്റെ അനുജത്തി ലീലയും എനിക്കറിയാവുന്ന മറ്റുള്ളവരും എല്ലാം അമ്മിണിയമ്മ എന്നാണു വിളിച്ചു കേട്ടിട്ടുള്ളത്. അമ്മിണിയമ്മക്കും അങ്ങനെ വിളിച്ചു കേൾക്കാനാണ് ഇഷ്ടം. 


എല്ലാവർക്കും കുടുംബ കാരണവ സ്ഥാനത്തുള്ള  അമ്മിണിയമ്മയോട്, വലിയ  ബഹുമാനമായിരുന്നു. നെല്ലുകുത്താൻ വരുന്ന പെണ്ണുങ്ങളൊക്കെ അമ്മിണിയമ്മയെ കാണുമ്പോൾ ഭവ്യതയോടെ മാറി  നിൽക്കുന്നത് ഞാൻ എത്രയോ തവണ കണ്ടിരിക്കുന്നു. ആരോടും ഇതുവരെയും കയർത്തു സംസാരിക്കുന്നതോ മുഖം കറുപ്പിക്കുന്നതോ ഞാൻ കണ്ടിട്ടേ ഇല്ല. എല്ലാവർക്കും നല്ലതു മാത്രം വരണം എന്ന് കരുതി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക മാത്രമല്ല എല്ലാവർക്കും തന്നാൽ കഴിയുന്ന എന്തെങ്കിലുമൊക്കെ  സഹായങ്ങൾ ചെയ്തു കൊടുക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. 


തീണ്ടാരിക്കാവിൻ്റെ ഓരം ചേർന്ന് പ്രൗഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന മനയ്ക്കൽ തറവാട്ടിലാണ് ഞാൻ ജനിച്ചു വളർന്നത്. നാല് വശവും കാട് വളർന്നു തറവാടിനെക്കാളും ഉയരത്തിൽ നിൽപ്പാണ്. അരളിയും മന്ദാരവുമെല്ലാം മത്സരിച്ചു പൂവിട്ടു നിൽക്കുന്ന ആ കാടിന് നടുവിലായി ഒരു നാഗമണിപ്പൂവ് പോലെയാണ് എൻ്റെ തറവാട് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. തീണ്ടാരിക്കാവിൽ കുടിയിരുത്തിയിട്ടുള്ള ഭഗവതിയും മുത്തപ്പനുമാണ് ഇടയക്കുന്നം എന്ന എൻ്റെ ഗ്രാമത്തിന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം എന്നാണു ഇവിടെ എല്ലാവരുടെയും വിശ്വാസം. 


കുംഭമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഇവിടെ കാവിലെ തിറ നടത്തുന്നത്. അപ്പോൾ കാവിലെ വാകമരങ്ങളിലൊന്നും ഒരു ഇല പോലും ഉണ്ടാവില്ല. മരങ്ങൾ നിറയെ രക്തപുഷ്പങ്ങൾ  നിറഞ്ഞു കാവിനാകെ ഒരു ചുവന്ന  നിറമായിരിക്കും. ഈ ഗ്രാമം മുഴുവൻഅന്ന് ഈ കാവിൽ ഉണ്ടാകും. വേദ മന്ത്രോച്ചാരണങ്ങൾക്കും സ്വർണ്ണ വർണ്ണത്തിൽ  നിറഞ്ഞു നിന്ന് ആളിക്കത്തുന്ന പന്തങ്ങളുടെയും നെയ്‌വിളക്കിന്റെയും പ്രഭാകാന്തിയിൽ സുഗന്ധ ധൂമത്തിലൂടെ അമ്മിണിയമ്മയുടെ കാതിലെ കമ്മലിലെ ചുവന്ന കല്ല് തിളങ്ങുന്നത്, ചെറുപ്പത്തിൽ ഞാൻ വലിയ അത്ഭുതത്തോടെ നോക്കി നിൽക്കുമായിരുന്നു. 


ദൈവക്കോലം കെട്ടിയ മൂപ്പൻ കാവിലേക്ക് നടന്നു വരുന്നത് കാണേണ്ട ഒരു കാഴ്ച തന്നെ ആയിരുന്നു. ചെമ്പട്ടുടുത്ത്, വാദ്യക്കാരുടെ അകമ്പടിയോടെ, ദൈവം ആവേശിച്ച മൂപ്പൻ വിറച്ചു തുള്ളിക്കൊണ്ട് കാവിലേക്ക് പ്രവേശിക്കും. കാളിക്ക് മൂന്നു വലത്തു വെച്ച ശേഷം ഉറക്കെ അലറിക്കൊണ്ട് കുരുതിക്കളത്തിലേക്ക് കയറും. ദൈവക്കോലത്തിന്റെ കണ്ണുകൾക്ക് വാകപ്പൂക്കളേക്കാൾ ചുവപ്പായിരിക്കും. പല രാത്രികളിലും ദൈവക്കോലം കെട്ടിയ മൂപ്പൻ എന്റെ സ്വപ്ങ്ങളിൽ വരുമായിരുന്നു. അലറിക്കൊണ്ട് എന്റെ നേരെ പാഞ്ഞടുക്കുന്ന രൂപമാണ് പലപ്പോഴും കാണുന്നത്. വിയർത്തു കുളിച്ച് ഞെട്ടി എണീക്കുമ്പോൾ,  അത് യാഥാർഥ്യമല്ല എന്ന് ഉൾക്കൊള്ളാൻ എനിക്ക് ഒരുപാട് സമയം വേണ്ടിവന്നിരുന്നു. 


മുത്തപ്പൻറെയും ഭഗവതിയുടെയും പ്രീതിക്കായി പണ്ട് ഇവിടെ കോഴിയെ കുരുതി കൊടുക്കാറുണ്ടായിരുന്നു. അന്ന് തീണ്ടാരിക്കാവിലെ പൂജകൾ നടത്താനുള്ള അവകാശം മനയ്ക്കൽ തറവാടിനായിരുന്നില്ല. മലനായ്ക്കർ എന്ന ജാതിയിൽ പെട്ട ആളുകൾ ആയിരുന്നു അന്ന് ഇവിടെ പൂജയൊക്കെ നടത്തിയിരുന്നത്. വാറ്റ്ചാരായവും, കോഴി കുരുതിയുമൊക്കെയായിരുന്നു അന്നത്തെ പ്രധാന നേദ്യങ്ങൾ . നാടൊട്ടുക്ക് വസൂരി പടർന്നു പിടിച്ചപ്പോൾ , അത് ആരാധനാ രീതിയോടുള്ള ദേവിയുടെ അതൃപ്തിയാണെന്ന് അരുളിപ്പാടുണ്ടാവുകയും, അത് ശരിയാണെന്ന്   പ്രശ്നവശാൽ തെളിയുകയുമുണ്ടായി. അതോടെ കാവിൽ പൂജ നടത്താനുള്ള അവകാശം മനയ്ക്കൽ തറവാടിന് കൈവന്നു. 


ഇതൊക്കെ വളരെ വർഷങ്ങൾക്കു മുൻപ്  അമ്മിണിയമ്മ വളരെ ചെറുപ്പമായിരുന്നപ്പോൾ സംഭവിച്ച കാര്യങ്ങളാണ്. എങ്കിലും ഇപ്പോളും അമ്മിണിയമ്മ അതൊക്കെ വർണ്ണിച്ചു  പറയുന്നത് കേൾക്കുമ്പോൾ മലനായ്ക്കർ കുരുതിക്കളത്തിൽ  കോഴിയുടെ കഴുത്തറുക്കുന്നതും  അവയുടെ കഴുത്തിൽ നിന്നും ചുടുചോര ചിന്തി തെറിക്കുന്നതുമൊക്കെ നേരിട്ട് കാണുന്നത് പോലെയാണ്  അനുഭവപ്പെടാറുള്ളത്. 


അമ്മിണിയമ്മ ഒരു അധ്യാപിക ആവേണ്ടിയിരുന്ന ആളായിരുന്നെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എത്ര തന്മയത്തോടെയാണ് അമ്മിണിയമ്മ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. എത്ര മനോഹരമായാണ് അമ്മിണിയമ്മ സംസാരിക്കുന്നത്. പള്ളിക്കൂടത്തിലൊക്കെ അമ്മിണിയമ്മ പോയിട്ടുണ്ടോ എന്നെനിക്ക് നിശ്ചയമില്ലെങ്കിലും, പൊതുവായ കാര്യങ്ങളിലും കുടുംബകാര്യങ്ങളിലും അമ്മിണിയമ്മ നല്ല സമർത്ഥ ആയിരുന്നു. 


അമ്മയുടെ അച്ഛൻ അതായത് അമ്മിണിയമ്മയുടെ ഭർത്താവായിരുന്ന മാധവൻ തമ്പി ശ്രീലങ്കയിൽ ആയിരുന്നു ജോലി നോക്കിയിരുന്നത്. എൻ്റെ അമ്മക്ക് പതിനാലു വയസുള്ളപ്പോഴാണത്രെ അദ്ദേഹം മരണപ്പെട്ടത്. ഒരു കപ്പലപകടത്തിൽ അദ്ദേഹം മരിച്ചു പോയി എന്ന ഒരു കാര്യമല്ലാതെ അമ്മയുടെ അച്ഛനെക്കുറിച്ചു കൂടുതൽ ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. തറവാടിന്റെ പൂമുഖത്തു നിറം മങ്ങി തുടങ്ങിയ ഒരു ചിത്രം മാത്രമാണ് അമ്മയുടെ അച്ഛനെക്കുറിച്ചുള്ള ഓർമ്മയായി ആകെയുള്ളത്. ആ ചിത്രത്തിൽ ഉള്ള ആളിന് എൻ്റെ മുഖ ചായ ഉള്ളത് പോലെ എനിക്ക് തോന്നാറുണ്ട് എങ്കിലും വേറെ ആരും അങ്ങനെ എന്നോട് പറഞ്ഞിട്ടില്ല.


പലപ്പോഴും അദ്ദേഹത്തെക്കുറിച്ചു കൂടുതൽ അറിയാനായി അമ്മയോടും അമ്മിണിയമ്മയോടും ചോദിച്ചിട്ടുണ്ടെങ്കിലും ഒരു വ്യക്തമായ മറുപടി കിട്ടാറുണ്ടായിരുന്നില്ല. അതേക്കുറിച്ചു ഞാൻ എപ്പോൾ ചോദിച്ചാലും,വിദൂരതയിലേക്ക് മിഴികളൂന്നി ഒരു ദീർഘ നിശ്വാസമാകും മറുപടി. അല്ലങ്കിൽ , എല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ ഇനി അതൊക്കെ എന്തിനാ കുട്ടീ പറയുന്നത് എന്നൊക്കെ പറഞ്ഞൊഴിയുകയാണ് പതിവ്. 


അമ്മിണിയമ്മക്ക് അമ്മയെ കൂടാതെ രണ്ടാണ്മക്കളും അമ്മയുടെ അനുജത്തിയായി ഒരു പെൺകുട്ടിയും ആണുണ്ടായിരുന്നത്. അമ്മിണിയമ്മയുടെ ആൺമക്കൾ, അതായത് എൻ്റെ അമ്മാവന്മാരിൽ പ്രായത്തിനു മൂത്തത് ചന്ദ്രകാന്തൻ മാമൻ ആയിരുന്നു. മാമനും മാമന്റെ രണ്ടു മക്കളും മാമിയും തൃശൂർ അടുത്തുള്ള കുന്നംകുളം എന്ന ദേശത്താണുള്ളത്. അവിടത്തെ വില്ലേജോഫീസിലെ ക്ലർക്കാണ് മാമൻ. 


ചന്ദ്രകാന്തൻ മാമന്റെ താഴെയുള്ള മാമൻ പട്ടാളക്കാരൻ ആയിരുന്നു. സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം ഇവിടെ തറവാട്ടിൽ തന്നെയാണ്. മാമൻ വിവാഹം കഴിച്ചിട്ടില്ല. മാമന് പണ്ടൊരു പ്രണയം ഉണ്ടായിരുന്നെന്നും ആ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പറ്റാതെ പോയതുകാരണമാണ് ഇപ്പോഴും മാമൻ അവിവാഹിതനായി തുടരുന്നതെന്നാണ് ചന്ദ്രകാന്തൻ മാമന്റെ മകളായ രേണുവിന്റെ കണ്ടുപിടിത്തം. ശരത് ചന്ദ്രൻ എന്നാണ് മാമന്റെ പേരെങ്കിലും ഞാനും പെങ്ങൾ ലീലയും കുഞ്ഞി മാമൻ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. അച്ഛനില്ലാതെ വളർന്ന ഞങ്ങളെ ഒരു അച്ഛന്റെ കുറവ് അറിയിക്കാതെ വളർത്തിയത് എൻ്റെ കുഞ്ഞിമാമൻ ആയിരുന്നു. തീണ്ടാരിക്കാവിലെ തിറയ്ക്ക് പുത്തനുടുപ്പും, കാറ്റാടിയും, കളർ പെൻസിലുമൊക്കെ വാങ്ങിത്തന്നിരുന്ന കുഞ്ഞിമാമൻ. 


അമ്മയുടെ അനുജത്തിയായ നന്ദിനി ചിറ്റക്ക് ജന്മനാൽ തന്നെ സംസാര ശേഷി ഉണ്ടായിരുന്നില്ല. അമ്മിണിയമ്മയെപ്പോലെ സുന്ദരിയാണ് നന്ദിനി ചിറ്റയും. പക്ഷെ സംസാരിക്കാൻ കഴിയാത്തതും, മറ്റുള്ള കുട്ടികളെപ്പോലെ പള്ളിക്കൂടത്തിൽ പോകാനും സന്തോഷിക്കാനുമൊക്കെ കഴിയാതെ പോയതിലുമുള്ള മനഃപ്രയാസം അവരെ ഒരുപാട് തളർത്തിയിട്ടുണ്ടാകാം. ആ കണ്ണുകളിൽ വിഷാദത്തിന്റെ കണ്ണീർത്തിളക്കം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അടുക്കളയിൽ തന്നെ ഒരു വേലക്കാരിയെപ്പോലെ ഒതുങ്ങിക്കൂടി ജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ട ഒരു പാവം ജന്മം.

4 views0 comments

Recent Posts

See All

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page