ലളിതം സുന്ദരം
സാഹിത്യ ലോകത്തിലെ ഇളമുറക്കാരനായാണ് നോവൽ അറിയപ്പെടുന്നത്. കഥകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് നോവലിന്റെ രൂപശില്പം. കഥകൾ വ്യാവസായിക ലോകത്തിന്റെ ഏകാന്തമായ സാഹിത്യസൃഷ്ടിയാണെങ്കിൽ നോവൽ വിശാലമായ കാൻവാസിൽ സൃഷ്ടിക്കപ്പെടുന്ന വിപുലമായ ആശയ പ്രപഞ്ചമാണ്. ഒരു നോവലിന്റെ ചെറുരൂപമല്ല കഥ എന്നത് പോലെ ഒരു ചെറുകഥയുടെ അടിച്ചു പരത്തലല്ല നോവൽ. അതൊരു വിശാലമായ വശ്യസാഗരം പോലെയാണ്. ദസ്തയേവിസ്ക്കി, ഗബ്രിയേൽ ഗാർഷ്യമാർക്കേസ് തുടങ്ങി സാഹിത്യ ലോകത്ത് ലോകപ്രശസ്തരായ എഴുത്തുകാർ കഥയെഴുത്തിലൂടെയും നോവൽ രചനയിലൂടെയും വരച്ചിട്ടത് മനുഷ്യരുടെ ഏകാന്തതയും വിഷാദവുമാണ്.
ആധുനികതയുടെ മികച്ച അടയാളപ്പെടുത്തലായ ചെറുകഥകൾ ആന്റൺ ചേക്കോവ്, ഫ്രാൻസിസ് കാഫ്ക്ക, മോപ്പാസാങ്, ഹെമിംഗ് വെ തുടങ്ങിയ ലോകപ്രശസ്തരായ എഴുത്തുകാരിലൂടെ സഞ്ചരിച്ച് ഈ സത്യാനന്ദരകാലത്തെ പ്ലാറ്റ്ഫോമിൽ എത്തി നിൽക്കുന്നു.
കഥകൾ സംഘർഷങ്ങളാലും വാഗ്മയ ചിത്രങ്ങളാലും സമ്പന്നമാവുമ്പോൾ നോവൽ ഉഴുതു മറിച്ചിട്ട മണ്ണാണ് എന്നാണ് മിഖായേൽ ഷോളോകോവ് പറഞ്ഞത്. മനുഷ്യാവസ്ഥകളുടെ സമഗ്രമായ ആവിഷ്കാരമാണ് നോവലിൽ ദൃശ്യമാകേണ്ടത്. കൃത്യമായ പ്രമേയവും ലാളിത്യവും നോവലിന്റെ മുഖമുദ്രയാവണം. അതോടൊപ്പം ചടുലവും ചലനാത്മകവുമാകണം നോവലിന്റെ രൂപശില്പം.
അന്തരീക്ഷത്തെയും പാത്രങ്ങളെയും കൃത്യമായി വിശദീകരിക്കേണ്ടതുണ്ടെങ്കിലും എന്തും വെറുതേ വാരി നിറക്കാനുള്ള വെറും കീറച്ചാക്കല്ല നോവൽ എന്നതും എഴുത്തുകാരൻ മനസ്സിലാക്കേണ്ടതാണ്. ഫോക്സിന്റെ അഭിപ്രായത്തിൽ വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷമാണ് നോവൽ. എന്തൊക്കെയാണെങ്കിലും ആധുനികതയുടെ തീരത്തും ഉത്തരാധുനിക കാലത്തും വായനക്കാരെ ഏറെ ആകർഷിക്കുന്നതാണ് നോവലിന്റെ രൂപശില്പം എന്ന് പറയാതെ വയ്യ.
എഴുത്തുകാരനും ചിത്രകാരനുമായ രാഹുൽ രാഘവിന്റെ തീണ്ടാരിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന നോവൽ തുടങ്ങുന്നത് ആത്മാവുകൾ അപ്പൂപ്പൻ താടികളായാണ് ഭൂമിയിലേക്ക് പറന്നിറങ്ങുന്നത് എന്ന വാചകത്തോടെയാണ്. തീർത്തും മനോഹരവും കാല്പനികവുമായ ഈ തുടക്കത്തിലൂടെ രാഹുൽ വായനക്കാരെ തന്റെ നോവലിലേക്ക് കൈ പിടിച്ചു കയറ്റുകയാണ്. പിന്നീട് അനുവാചകർ മനോഹരമായ മറ്റൊരു യാത്ര നടത്തുകയാണ്. തീണ്ടാരിക്കാവിലും മനയ്ക്കൽ തറവാട്ടിലും, ഇടയക്കുന്നമെന്ന ഗ്രാമത്തിന്റെ നടവരമ്പിലുമൊക്കെ നടന്നു കയറി നോവലും വായനക്കാരും ദേശങ്ങൾ താണ്ടുകയാണ്.
വ്യത്യസ്ത കാലങ്ങളിലൂടെ, ദേശങ്ങളിലൂടെ വായനക്കാരെ ബോറടിപ്പിക്കാതെ കൂട്ടിക്കൊണ്ട് പോകാനുള്ള രാഹുലിന്റെ കയ്യടക്കം നോവലിൽ മുഴച്ചു നിൽക്കുന്നുണ്ട് എന്നത് നിസ്തർക്കമാണ്.
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വ്യത്യസ്തമായ മൂന്ന് കാലഘട്ടങ്ങളിലൂടെ ആസ്വാദ്യകരമായി മുന്നേറുന്ന രാഹുലിന്റെ രചനാ പാടവം പിന്നീട് ഗ്രാമങ്ങളിൽ നില നിൽക്കുന്ന അന്ധവിശ്വാസങ്ങളോടും മറ്റും കാലികമായി സംവദിച്ച് സാമൂഹ്യപരമായ ബാധ്യത നിറവേറ്റുന്നുണ്ട്.
പ്രണയവും കാല്പനികതയും വിശ്വാസങ്ങളും ആചാരങ്ങളും യാത്രയുമൊക്കെ ഇഴചേരുന്ന തീണ്ടാരിക്കാവിലെ അപ്പൂപ്പൻ താടികൾ നല്ല വായനാ സുഖം പ്രധാനം ചെയ്യുന്ന സുന്ദരവും ലളിതവുമായ സൃഷ്ടിയാണ് എന്ന് പറയുന്നതിൽ യാതൊരു രസക്കേടുമില്ല.
തുടക്കം പോലെ തന്നെ മനോഹരമായ വാചകങ്ങളാൽ അവസാനിക്കുന്ന രാഹുലിന്റെ തീണ്ടാരിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന നോവൽ ഏറെ വായിക്കപ്പെടട്ടെ എന്നാശംസിക്കുന്നു. ഇത്രയും മനോഹരമായൊരു സൃഷ്ടി വായനാ ലോകത്തിനു സമ്മാനിച്ച രാഹുൽ രാഘവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
നജീബ് കാഞ്ഞിരോട് (എഴുത്തുകാരൻ )
കണ്ണൂർ.
Comentários