പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, ഒരു വൈകുന്നേരം ചന്ദ്രിക എന്റെ കുടക്കീഴിലേക്കും അതേപോലെ മനസ്സിലേക്കും ഓടിക്കയറിയത്. അന്ന് അവൾ ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്നു. ഇരു വശത്തേക്കും മുടി പകുത്തു കെട്ടി, കണ്ണിൽ കരിമഷിയെഴുതി, വിടർന്ന മിഴികളും, നുണക്കുഴിയുമൊക്കെയായി എന്റെ ചന്ദ്രിക.
അന്ന് പെരുമഴയായിരുന്നു . വൈകുന്നേരം സ്കൂൾ വിടാൻ നേരത്ത് എവിടെനിന്നോ ആർത്തലച്ചുവന്ന ഒരു മഴ. ആ മഴയത്ത് പുറത്തേക്കിറങ്ങാൻ കയ്യിൽ കുട ഉള്ളവർ പോലും ഒന്ന് മടിച്ചു. ഒടുവിൽ ആ മഴ ഒന്ന് കുറഞ്ഞപ്പോഴാണ് ഞാൻ കുടയും നിവർത്തി പുറത്തേയ്ക്ക് ഇറങ്ങിയത്.
എവിടെ നിന്നാണെന്നു അറിയില്ല , പെട്ടന്നാണ് അവൾ എന്റെ കുടക്കീഴിലേക്ക് വന്നു കയറിയത്. ആ കുടക്കീഴിൽ അവളുടേത് മാത്രമായ ഒരു ഗന്ധം ഞാൻ അറിഞ്ഞു. പിന്നീട് പലപ്പോഴും ഞാൻ അതേക്കുറിച്ച് അവളോട് പറഞ്ഞിട്ടുണ്ട്. എന്നോട് അവൾക്ക് സ്നേഹം തോന്നുമ്പോൾ അവൾക്ക് ഒരു ഗന്ധം ഉണ്ടെന്ന്. അത് അവൾ ഒരു തമാശയായിട്ടേ കണ്ടിട്ടുള്ളങ്കിലും എനിക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന, എന്നെ ഭ്രാന്തമാക്കുന്ന ഒരു ഗന്ധം അവൾക്ക് ഉണ്ടായിരുന്നു.
അന്നത്തെ ആ മഴയാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയത് . ഒരു കുടയിൽ ഒന്നിച്ചു സഞ്ചരിച്ച ആ ചെറിയ നിമിഷങ്ങൾ ഒരു യുഗം പോലെ എനിക്ക് തോന്നി. ആ മഴ ഒരിക്കലും അവസാനിക്കാതെ, ഞങ്ങൾക്ക് നടന്നു തീരാനുള്ള പാത ഒരിക്കലും അവസാനിക്കാതെയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
പുസ്തകങ്ങൾ മാറോടടുക്കിവെച്ച്, മഴത്തുള്ളികൾ മനോഹരമാക്കിയ ആ മുഖം ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്. ആദ്യ പ്രണയം. അത് ആർക്കും ഒരിക്കലും മറക്കാൻ സാധിക്കുന്ന ഒന്നല്ലല്ലോ. അത് പ്രണയിച്ചിട്ടുള്ളവർക്ക് നല്ലതുപോലെ അറിയാം. കാലമെത്ര കഴിഞ്ഞാലും ലോകത്തിന്റെ ഏതു കോണിൽ ആയാലും ആ പ്രണയം അനശ്വരമായിരിക്കും. അത് സാഹചര്യത്താൽ പ്രകടിപ്പിക്കാൻ കഴിയില്ലായിരിക്കാം. പക്ഷെ ആ പ്രണയം. അത് അവിടെത്തന്നെയുണ്ടാകും.
പത്താം ക്ലാസ്സിൽ ഞാൻ ഉപയോഗിച്ച പുസ്തകങ്ങൾ തന്നെയാണ് അടുത്ത വർഷം ചന്ദ്രിക ഉപയോഗിച്ചത്. പുതിയ പുസ്തകങ്ങൾ കാശു കൊടുത്തു വാങ്ങാനുള്ള സാമ്പത്തിക ശേഷിയൊന്നും അന്ന് അവർക്കുണ്ടായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ചെറിയ കുട്ടികൾക്ക് വീട്ടിൽ ട്യൂഷൻ എടുക്കുന്നുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ ചന്ദ്രികയും അവർക്കൊപ്പം ചേർന്നു. അവൾ കണക്കിന് അൽപ്പം പിന്നിലേക്കായിരുന്നു. അന്നൊക്കെ പ്രണയം മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഞാൻ എന്റെ പ്രീ ഡിഗ്രി വിദ്യാഭ്യാസത്തിന്റെ അവസാന നാളുകളിൽ എത്തിയപ്പോഴേക്കും ഞങ്ങളുടെ പ്രണയം അതിന്റെ തീവ്രതയിലേക്ക് എത്തിയിരുന്നു.
ബസ് മൂന്നാർ ബസ് സ്റ്റാൻഡിലേക്ക് അടുത്തു. ഞാൻ എന്റെ സ്വപ്നങ്ങളിൽ നിന്നും ഉണർന്നു. പഴയ ഓർമ്മകളൊക്കെ മനസിലേക്ക് കയറിവന്നപ്പോൾ ചന്ദ്രികയെ ഒരിക്കൽ കൂടി ഒന്ന് കാണണം എന്ന ആഗ്രഹം മനസ്സിൽ ശക്തമായി. ഇവിടെ നിന്നും ഇനിയും പതിനാലു കിലോ മീറ്റർ കൂടി സഞ്ചരിച്ചു വേണം കുഞ്ഞിമാമൻ ഉള്ളയിടത്തേക്ക് എത്താൻ. ഇവിടെ നിന്നും അവിടേക്ക് ബസ് സർവീസ് ഇല്ല. ജീപ്പിൽ പോകണം. ഞാൻ ജീപ്പ് നിർത്തിയിട്ടിരിക്കുന്നിടത്തേക്ക് നടന്നു. നടന്നു പോയ വഴിയിൽ അന്നത്തെ ദിനപ്പത്രം ഒന്ന് വാങ്ങാൻ ഞാൻ മറന്നില്ല. നാട്ടിലെ സംഘർഷങ്ങൾക്ക് ഒരു അയവും വന്നിട്ടില്ലെന്നും ഉടനെയൊന്നും ഒരു തിരിച്ചു പോക്ക് സാധ്യമല്ലെന്നും ആ ദിനപ്പത്രം എന്നെ മനസിലാക്കിത്തന്നു.
കുഞ്ഞിമാമൻ അവിടെ വഴിയിൽ തന്നെ എന്നെയും കാത്തിരിക്കുകയായിരുന്നു. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും എന്നെ കാണാതിരുന്നപ്പോൾ ഞാൻ പോലീസിന്റെ കയ്യിൽ അകപ്പെട്ടു കാണുമോ എന്ന് മാമൻ പേടിച്ചു. എന്നെ കണ്ട മാമൻ എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങൾക്ക് ഇനിയും കുറെ ദൂരം സഞ്ചരിക്കേണ്ടതായുണ്ട്. പൈതൃകത്തിന്റെ വേരുകൾ തേടി ഒരു യാത്ര. ആകെ ഞങ്ങൾക്ക് കൈമുതലായുള്ളത് കാൽ നൂറ്റാണ്ടു മുന്നേ എഴുതപ്പെട്ട ഒരു എഴുത്തു മാത്രമാണ്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ പലതും അവ്യക്തമാണ്. എങ്കിലും ഒരു ശ്രമം നടത്തി നോക്കാം എന്ന് ഞങ്ങൾ കരുതി. ഒരിക്കലും വിജയിക്കും എന്ന് ഉറപ്പില്ലാത്ത ഒരു ശ്രമം. മുത്തച്ഛനെക്കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ഞങ്ങൾക്ക് കഴിയുമോ ?
ഞങ്ങളെ യാത്രയാക്കാൻ കുഞ്ഞിമാമന്റെ സുഹൃത്തും എത്തിയിരുന്നു. കുറച്ചു പണവും, യാത്രയിലേക്ക് ഞങ്ങൾക്ക് ആവശ്യമായേക്കാവുന്ന സാധനങ്ങളടങ്ങിയ ഒരു ബാഗും അദ്ദേഹ അമ്മാവനെ ഏൽപ്പിച്ചു. വൈകുന്നേരം മൂന്നുമണിയോടെ ഞങ്ങൾ യാത്ര ആരംഭിച്ചു. രാമേശ്വരം വഴി പോകാൻ ആണ് ഞങ്ങൾ തീരുമാനിച്ചത്. അവിടെ നിന്നും ബോട്ടിൽ കയറി പുറം കടലിൽ കിടക്കുന്ന കപ്പലിലേക്കും, അതുവഴി ശ്രീലങ്കയിലേക്കും എത്തുക എന്നതാണ് ഞങ്ങളുടെ പദ്ധതി. കുഞ്ഞിമാമൻ കുറേക്കാലം സൈന്യത്തിൽ സേവനം അനുഷ്ടിച്ചിരുന്നപ്പോൾ ഒരുപാട് തവണ രാമേശ്വരത്തും ധനുഷ്കോടിയിലും എല്ലാം വരേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ശ്രീലങ്കൻ യാത്രയെക്കുറിച്ച് യാതൊരു ആശങ്കയും മാമന് ഉണ്ടായിരുന്നില്ല.
രാമേശ്വരത്തു നിന്നും പുറം കടലിലേക്കുള്ള ബോട്ട് യാത്ര ഞാൻ ഒരിക്കലും മറക്കില്ല. പല തവണ ബോട്ടിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ചെറിയ ഒരു ബോട്ടിൽ, കടലിലൂടെയുള്ള യാത്ര ഇത് ആദ്യാനുഭവമാണ്. കൂറ്റൻ തിരമാലകളിൽ ഒരു കുന്നോളം ഉയരത്തിൽ ആടി ഉലഞ്ഞ്, പെട്ടന്ന് പാതാള ഗർത്തത്തിലേക്ക് വീഴുന്നപോലെ ഒരു യാത്ര. ആ യാത്രയിൽ ഞാൻ കുറേ ഛർദിച്ച് വശംകെട്ടു. കുഞ്ഞിമാമനെ ഇതൊന്നും ബാധിക്കുന്നതേയില്ല. മുന്നോട്ടു തന്നെ മിഴികളുറപ്പിച്ച്, മനസ്സിൽ ഈ കടലിലുള്ളതിലും വലിയ തിരമാലകളുമായി കുഞ്ഞിമാമൻ.
ഏതാണ്ട് മുക്കാൽ മണിക്കൂറോളം ഞങ്ങൾ ആ ചെറിയ ബോട്ടിൽ തിരമാലകളുമായി മല്ലിട്ടു. ഞങ്ങൾക്ക് പോകാനുള്ള കപ്പൽ ഇപ്പോൾ ദൂരെ പൊട്ടുപോലെ കാണാം. കടൽ ഇപ്പോൾ കുറച്ചു ശാന്തമായി. ദൂരെ പൊട്ടുപോലെ തോന്നിച്ച കപ്പൽ വലുതായി വലുതായി വന്നു. താഴേക്ക് എറിഞ്ഞു തന്ന കോവണിയിൽ പിടിച്ച് ഞങ്ങൾ മുകളിലെത്തി. കപ്പലിന്റെ മുകൾത്തട്ടിലേക്കു കയറിയപ്പോൾ മറ്റേതോ ഗ്രഹത്തിൽ നിന്നും ഭൂമിയിലേക്കെത്തിയ സമാധാനമാണ് എനിക്ക് അനുഭവപ്പെട്ടത്. കപ്പൽ ചെറുതായി ഇളകുന്നത് മാത്രം അറിയാം. ബാക്കിയെല്ലാം ശാന്തം.
കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ ശ്രീലങ്കയുടെ തീരം തൊടും. അന്ന് ഞാൻ ഉറങ്ങിയതേയില്ല. കപ്പലിൽ നിന്നുമുള്ള പ്രഭാതത്തിന്റെ കാഴ്ച. അത് വളരെ പുതുമയുള്ള ഒന്നായി തോന്നി. കപ്പലിനോട് മത്സരിച്ചിട്ടെന്നപോലെ കപ്പലിനൊപ്പം സഞ്ചരിക്കുന്ന മീവൽ പക്ഷികൾ. കപ്പലിന്റെ ഉള്ളിലേക്ക് പറന്നിറങ്ങുന്ന തിത്തിരിപ്പക്ഷികളെ പോലെയുള്ള ചെറു കിളികൾ. ഇത്തിരിയേ അല്ലങ്കിലും അവരുടെ ശബ്ദം തെല്ലസഹനീയം തന്നെയെന്ന് പറയാതെ വയ്യ. ആകാശത്തിന്റെ വെള്ളി തിരശീല വകഞ്ഞു മാറ്റിക്കൊണ്ട് ദൂരെ ചക്രവാളത്തിൽ ഉദയസൂര്യന്റെ കാഴ്ച. ദൂരെ കര കാണാൻ കഴിയുന്നുണ്ട്. ഇനി മുന്നോട്ട് കപ്പൽ പോകില്ല. കപ്പൽ അവിടെ നങ്കൂരമിട്ടു. അൽപ്പ സമയം കാത്തിരുന്നപ്പോൾ ഞങ്ങൾക്ക് കരയിലേക്ക് പോകാനുള്ള ബോട്ടെത്തി. അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ഞങ്ങൾ കരയിലെത്തി.
ഭാഷ പോലും അറിയാത്ത ഒരു നാട്ടിൽ , അതും മറ്റൊരു രാജ്യത്ത് , കാൽ നൂറ്റാണ്ടിനു മുൻപുള്ള ഒരു കത്തിന്റെ ഉറവിടം തേടി. ഭ്രാന്തെന്നേ ആരും പറയൂ. രക്തബന്ധത്തിന്റെ കാന്തിക വലയം അങ്ങനെയാണ്. അത് നമ്മളെ ആകർഷിച്ചുകൊണ്ടേയിരിക്കും. ആ കാന്തിക ആകർഷണത്തിൽപ്പെട്ട ഞങ്ങൾ ഇപ്പോൾ ഈ രാവണ രാജ്യത്തിലെത്തിയിരിക്കുന്നു. വയറു കത്തി കാളുന്നുണ്ട്. ഇനിയെന്തായാലും ഭക്ഷണം കഴിച്ചിട്ട് മുന്നോട്ടുപോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു. ശ്രീലങ്കൻ ഭക്ഷണം അതീവ ഹൃദ്യമായി തോന്നി. വിശപ്പിന്റെ ആധിക്യം ഭക്ഷണത്തിന്റെ സ്വാദ് കൂട്ടും എന്നാണല്ലോ.
ഞങ്ങൾക്ക് ലഭിച്ച കത്തിലുള്ള സീലിൽ അനുരാധപുരം പോസ്റ്റ് ഓഫീസിന്റെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആ പ്രദേശത്ത് താമസിച്ചുകൊണ്ട് ഞങ്ങളുടെ അന്വേഷണം ആരംഭിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. ബോട്ടിറങ്ങിയ സ്ഥലത്തുനിന്നും ഇരുപത്തിയഞ്ചു മൈലോളം ദൂരമുണ്ട് അനുരാധപുരത്തിന് .
ആദ്യമായാണ് ഞാൻ കുതിരവണ്ടിയിൽ കയറുന്നത്. ജലദോഷം പിടിച്ചതു പോലെ ഞങ്ങളുടെ കുതിര ചീറ്റുകയും മുരളുകയും ചെയ്യുന്നുണ്ട്. ഒരു വയസൻ കുതിരയും അതിനേക്കാൾ വയസ്സനായ ഒരു വണ്ടിക്കാരനും. വണ്ടിയിൽ ഞങ്ങൾ രണ്ടാളെക്കൂടാതെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഒരു സോഡാക്കുപ്പി കണ്ണട വെച്ച ഒരു കഷണ്ടിയാൻ . ആ കണ്ണടയിലൂടെ നോക്കുമ്പോൾ അയാളുടെ കണ്ണുകൾ നല്ല മുഴുത്ത കോഴിമുട്ടപോലെ തോന്നിച്ചു. ഞങ്ങൾ മലയാളത്തിൽ സംസാരിക്കുന്നത് അയാൾക്കത്ര പിടിച്ചമട്ടില്ല . ഇടയ്ക്കിടെ ആയാൾ ഞങ്ങളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
അനുരാധപുരം ഒരു ചെറിയ പട്ടണപ്രദേശമാണ് . പല നിറത്തിലുള്ള സോപ്പ് പെട്ടികൾ അടുക്കി വെച്ചതുപോലെയാണ് അവിടത്തെ കെട്ടിടങ്ങളെന്ന് എനിക്ക് തോന്നി. പൊതുവെ നല്ല വൃത്തിയുള്ള വഴികളാണ് അനുരാധപുരത്തിലേത് . ആ തെരുവിന്റെ കിഴക്കേ മൂലയിലായി കണ്ട ഒരു ലോഡ്ജിൽ ഞങ്ങൾ മുറിയെടുത്തു. അനുരാധപുരം പോസ്റ്റ് ഓഫീസിന് അടുത്തായിരുന്നു ഞങ്ങളുടെ മുറി. അന്വേഷണം പോസ്റ്റ് ഓഫീസിൽ നിന്നും ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
പോസ്റ്റ്ഓഫീസിൽ പ്രായമായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. ഞങ്ങൾ വന്ന കാര്യം പറഞ്ഞപ്പോൾ അയാൾ ഒന്ന് പുഞ്ചിരിച്ചു. ഇരുപത്തിയെട്ടു വർഷങ്ങൾക്ക് മുൻപ് അയച്ച ഒരു കത്തിന്റെ ഉടമയെ തെരഞ്ഞ് ഇന്ത്യയിൽ നിന്നും രണ്ടുപേർ. അയാൾക്ക് അതൊരു തമാശയായി തോന്നിയിട്ടുണ്ടാകും. അയാൾ ഞങ്ങളുടെ കയ്യിൽ നിന്നും കത്ത് വാങ്ങി നോക്കി. അതിലെ തീയതി അയാൾ കുറിച്ചെടുത്തു. എന്നിട്ട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ദ്രവിച്ചു തുടങ്ങിയ ഒരു രെജിസ്റ്റർ ബുക്കുമായി മടങ്ങി വന്നു. ആ കത്ത് പോസ്റ്റ് ചെയ്ത സമയത്ത് ആ പോസ്‌റ്റോഫീസിൽ ജീവനക്കാരായി ഉണ്ടായിരുന്ന രണ്ടുപേരുടെ മേൽവിലാസം ആ രജിസ്റ്ററിൽ നോക്കി അയാൾ കുറിച്ച് തന്നു. ഇരുപത്തിയെട്ടു വർഷങ്ങൾക്കു മുൻപുള്ള മേൽവിലാസമാണ്. അവിടെ ഇപ്പോൾ അവർ ഉണ്ടാകുമോ എന്നൊന്നും യാതൊരു ഉറപ്പും ഇല്ല. എന്തായാലും ഇവിടെ വരെയെത്തി. ഞങ്ങൾ രണ്ടാളും ആ മനുഷ്യൻ കുറിച്ച് തന്ന മേൽവിലാസക്കാരെ തേടിയിറങ്ങി.
പ്രതീക്ഷിച്ചതുപോലെതന്നെ, ആ വിലാസങ്ങൾ കണ്ടു പിടിക്കുക എന്നത് അത്ര അനായാസകരമായ ഒരു പരിപാടിയല്ല എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. കാൽ നൂറ്റാണ്ടിനു മുൻപ് അവർ താമസിച്ച ഇടങ്ങളിൽ നിന്നും അവർ താമസം മാറിയിരുന്നു. മൂന്നു ദിവസത്തെ അലച്ചിലിനൊടുവിൽ അതിലെ ഒരാളുടെ ഇപ്പോഴത്തെ താമസ സ്ഥലം ഞങ്ങൾ കണ്ടു പിടിച്ചു.
ഞങ്ങൾക്ക് വേണ്ടിയിരുന്ന ആളെത്തന്നെയാണ് ഞങ്ങൾ അവിടെ കണ്ടെത്തിയതെന്ന് അൽപ്പസമയത്തിനുള്ളിൽത്തന്നെ ഞങ്ങൾ മനസിലാക്കി. മാധവൻതമ്പി എന്ന ഒരാളെ പരിചയമുണ്ടോ എന്ന ഒരൊറ്റ ചോദ്യം തന്നെ അയാളുടെ മുഖത്തിന്റെ ഭാവം മാറ്റി. പകുതി തമിഴും , ഇംഗ്ലീഷും കലർന്ന ഭാഷയിൽ അയാൾ സംസാരിച്ചു തുടങ്ങി. അയാളുടെ അടുത്ത സുഹൃത്തായിരുന്നു എന്റെ മുത്തച്ഛൻ എന്ന് അയാളിൽ നിന്നും ഞങ്ങൾ മനസിലാക്കി. അവർ ഒന്നിച്ചുള്ള ഒരു പഴയ ചിത്രം അയാളുടെ ആൽബത്തിൽ നിന്നും ഞങ്ങളെ കാട്ടിത്തന്നു. ആരാണ് പാർവതി എന്ന ഞങ്ങളുടെ ചോദ്യത്തിന്, നിങ്ങൾക്കെങ്ങനെ പാർവതിയെ അറിയാം എന്ന മറു ചോദ്യമാണ് അയാൾ ചോദിച്ചത്.
"ഒരു വാക്കുകൊണ്ടോ വര കൊണ്ടോ വർണ്ണിക്കാൻ കഴിയുന്ന കഥയല്ല മാധവൻ തമ്പിയുടേത് ...
അതൊരു ചരിത്രമാണ് ! അനുരാധപുരത്തിന്റെ ചരിത്രം !! "
അയാൾ ഒന്ന് ദീർഘമായി നിശ്വസിച്ചു.
" നമുക്ക് ഓരോ ചായ കുടിച്ചിട്ടു സംസാരിച്ചാലോ ?"
അയാൾ ആതിഥ്യ മര്യാദകളിലേക്ക് കടന്നു. ഞാൻ അയാളെ ഒന്ന് നോക്കി. നരച്ച തലമുടി ഭംഗിയായി ചീകി ഒതുക്കി വെച്ചിരിക്കുന്നു. കറുത്ത ഫ്രയിമുള്ള തടിച്ച കണ്ണട അയാളുടെ പ്രൗഢി കൂട്ടുന്നു. താടി മനോഹരമായി വെട്ടി ഒരുക്കിയിരിക്കുന്നു. ചെറുപ്പ കാലത്ത് ഇയാൾ ഒരു സുന്ദരൻ തന്നെയായിരിക്കണം. ഇപ്പോഴും ആ പ്രൗഢിക്ക് ഒരു മാറ്റവും വന്നിട്ടില്ല. എനിക്കെന്തോ ആ മനുഷ്യനോട് ഒരു അടുപ്പം തോന്നി. രാമലിംഗം [ റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ ] എന്ന് ബോർഡ് വെച്ച ആ വീടിന്റെ വരാന്തയിൽ ഞാനും മാമനും പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു.
Comments