നട്ടുച്ചക്കുപോലും തീണ്ടാരിക്കാവിന്റെ ഉള്ളിൽ ഇരുട്ടാണ്. ഈ നാട്ടിലുള്ള മനുഷ്യരുടെ മനസിന്റെ ഉള്ളിലും. ഫാക്ടറിക്ക് എതിരായി സമരം നടത്തിയവരെ പോലീസ് അടിച്ചോടിച്ചു. മുൻ നിരയിൽ ഉണ്ടായിരുന്ന കണ്ടാൽ അറിയാവുന്നവർക്കെല്ലാം എതിരെ പോലീസ് കേസെടുത്തു. എന്നത്തേയും പോലെ പണം ഉള്ളവർക്കൊപ്പം ആയിരുന്നു അധികാര വർഗം. പോലീസ് എന്ന ആയുധത്തെ അവർ വേണ്ട രീതിയിൽ ഉപയോഗിച്ചു. പൊതു യോഗങ്ങൾ കൂടുന്നതിന് വിലക്ക് ഏർപ്പെടുത്തി.
തൊഴിലാളി വർഗ്ഗത്തിന്റെ അവകാശങ്ങൾ എല്ലാം അടിച്ചമർത്തപ്പെട്ടു. എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന് എന്റെ മനസ്സിൽ ഇരുന്ന് ആരോ പറയുംപോലെ.
" നീ ഇടയക്കുന്നിന്റെ മകൻ ആണ്. ഇവിടെ ഒരു മാറ്റം കൊണ്ടുവരാൻ നിനക്ക് കഴിയണം"
കുഞ്ഞിമാമനുമായി കൂടിയാലോചിച്ച് ഞങ്ങൾ ഒരു പദ്ധതി ആസൂത്രണം ചെയ്തു. ഇവിടെ തുടങ്ങാൻ പോകുന്ന ഫാക്ടറിക്ക് ബദൽ ആയിട്ട് ഒരു സ്വദേശി ഫാക്ടറി രൂപീകരിക്കുക. അന്നാട്ടുകാരുടെ സമ്പാദ്യം അതിലേക്ക് മാറ്റിവെക്കാനുള്ള മനസ് ഉണ്ടായാൽ, എല്ലാവർക്കും അവിടെ തൊഴിൽ ലഭിക്കും എന്നത് മാത്രമല്ല, നാളെ ഇടയക്കുന്നം അറിയപ്പെടുന്നത് ഇതിന്റെ പേരിൽ ആയിരിക്കും. തൊട്ടടുത്ത ദിവസംതന്നെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി ഒരു യോഗം വിളിച്ചുകൂട്ടാൻ തീരുമാനിക്കപ്പെട്ടു.
നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ രഹസ്യമായി മാത്രമേ ഞങ്ങൾക്ക് യോഗം ചേരാൻ കഴിയുമായിരുന്നുള്ളൂ. അത് തന്നെയായിരുന്നു ഞങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും. ഈ ആശയത്തെ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ഒരു നിസ്സാരകാര്യമല്ല. ഭരണകൂടത്തിന്റെ പ്രത്യേക താല്പര്യാർത്ഥം ആരംഭിക്കാൻ പോകുന്ന ഒരു പ്രസ്ഥാനത്തിന് ബദലായി മറ്റൊരു പ്രസ്ഥാനം കൊണ്ട് വരിക. അത് തന്നെ ഒരു വലിയ വിപ്ലവം ആണ്. കമ്യൂണിസത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനാൽ, നാട്ടുകാരിൽ ആരൊക്കെ കൂടെയുണ്ടാകും എന്നുറപ്പുപറയാൻ സാധിക്കുകയില്ല. കുഞ്ഞിമാമൻ ജന സമ്മതൻ ആയതുകൊണ്ടുതന്നെ , അദ്ദേഹം പറയുന്ന വാക്കിനെ അത്ര നിസ്സാരമായി തള്ളിക്കളയാൻ അന്നാട്ടുകാർക്ക് കഴിയില്ല. അതായിരുന്നു എനിക്കുണ്ടായിരുന്ന ഏക പ്രതീക്ഷ.
ഞങ്ങളുടെ ആദ്യത്തെ യോഗത്തിൽ ആകെ പതിമൂന്നു പേരാണ് ഉണ്ടായിരുന്നത്. അവർക്കു മുന്നിൽ ഞാൻ എന്റെ ആശയം അവതരിപ്പിച്ചു. ഇതിനോടകം പല ലഘു സംരംഭങ്ങളും നടത്തി വിജയിപ്പിച്ചിട്ടുള്ള ആത്മ വിശ്വാസമായിരുന്നു എനിക്കുള്ള ഊർജം. ഞങ്ങൾ പതിമൂന്നുപേർ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല. നാട്ടിലെ മുഴുവൻ ജനങ്ങളെയും ഈ ആശയത്തിലേക്ക് കൊണ്ട് വരണം. ഈ ഫാക്ടറി ഇന്നാട്ടിലെ ഓരോ പൗരന്റേതും ആകണം. ലാഭവിഹിതം അവരിലേക്ക് തുല്യമായി എത്തപ്പെടണം. മുതലാളിത്ത വ്യവസ്ഥിതിയിൽ ഒരാളിലേക്ക് മാത്രം കേന്ദ്രീകൃതമാകുന്ന പണം ഇവിടെ തൊഴിലാളികളിലേക്ക് നേരിട്ടെത്തുന്നു. ഭ്രാന്തമായ ഒരു ആശയം. പക്ഷെ ഒന്ന് ചിന്തിച്ചാൽ , എല്ലാവരും ഒരേ മനസോടെ കൂടെ നിന്നാൽ , ഇത് അപ്രാപ്യമായ ഒരു സംഗതിയല്ലന്നു മനസിലാക്കാം. എല്ലാവരും ഇതിനെ അനുകൂലിക്കണം എന്നില്ല. ശക്തമായി പ്രതികൂലിക്കുന്നവരും ഉണ്ടാകാം. നിറയെ വെല്ലുവിളികൾ ഉണ്ടാകാം. എല്ലാത്തിനെയും നേരിടാൻ കർമ്മനിരതരായി ഒന്നിച്ചു നിൽക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്തു.
ഉത്തരവാദിത്തങ്ങൾ പതിമൂന്നായി ഞങ്ങൾ വിഭജിച്ചു. ഇനിയുള്ള ദിവസങ്ങളിലേക്ക് ഒരു കർമ്മ പദ്ധതി ഞങ്ങൾ തയ്യാറാക്കി. അത് അനുസരിച്ചു പ്രവർത്തിക്കാനുള്ള മൂലധനം ഞാൻ എന്റെ കയ്യിൽ നിന്ന് തന്നെ ചെലവാക്കാൻ തീരുമാനിച്ചു. ലഘു ലേഖകൾ തയ്യാറാക്കി, വീട് വീടാന്തരം സഞ്ചരിച്ച് ഈ ആശയം ജനങ്ങളിൽ എത്തിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഒരു പൊതുയോഗം ചേർന്ന്, ഈ ആശയത്തെ പൊതു ജനങ്ങളിലേക്കെത്തിക്കാൻ ഇപ്പോഴത്തെ സാചര്യത്തിൽ, പ്രത്യേകിച്ച് ഈ അടിയന്തിരാവസ്ഥക്കാലത്ത് കഴിയുമായിരുന്നില്ല.
ലഘു ലേഖകൾ അച്ചടിക്കുക, അവ വിതരണം ചെയ്യുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങൾ ദിനേശൻ എന്ന ആൾക്കായിരുന്നു. ഊർജസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു ദിനേശൻ. അന്നുതന്നെ ലഘു ലേഖ അച്ചടിക്കാനുള്ള കരട് തയ്യാറാക്കുകയും, എത്രയും വേഗം തന്നെ അത് അച്ചടിച്ച് കിട്ടാനുള്ള ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. അത് അച്ചടിച്ച് കിട്ടുന്നതിന് മുൻപ് തന്നെ ഞങ്ങൾക്കെതിരായ ആദ്യത്തെ പ്രഹരമുണ്ടായി. പോലീസ് നിർദേശം അവഗണിച്ച് യോഗം കൂടിയത് ചൂണ്ടിക്കാണിച്ച്, പോലീസ് ഞങ്ങൾക്കെതിരെ കേസെടുത്തു. എങ്കിലും വ്യക്തമായ തെളിവുകൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ ഞങ്ങളെ അധികം ബുദ്ധിമുട്ടിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ചോദ്യം ചെയ്ത ശേഷം ഞങ്ങളെ അവർ വിട്ടയച്ചു.
ഞങ്ങൾ യോഗം ചേർന്ന സമയത്ത് ഞങ്ങൾ ഓരോരുത്തരും മറ്റിടങ്ങളിൽ ആയിരുന്നു എന്ന് സ്ഥാപിക്കാനുള്ള സാക്ഷികളെ ഞങ്ങൾ നേരത്തെ തന്നെ സജ്ജരാക്കിയിരുന്നു. അതുകൊണ്ട്, അത്തവണ ഞങ്ങൾ രക്ഷപ്പെട്ടു. അതിൽ നിന്നും ഞങ്ങൾ മനസിലാക്കിയത് നാട്ടിൽതന്നെ പോലീസിന്റെ ചാരന്മാർ ഉണ്ടെന്നാണ്. അല്ലങ്കിൽ രാത്രിയുടെ മറവിൽ അതീവ രഹസ്യമായി ഞങ്ങൾ ഒത്തുചേർന്നത് പാലത്തിനക്കരെയുള്ള പോലീസ് സ്റ്റേഷനിൽ എങ്ങനെയെത്താനാണ് ?
ഇത്രയും കാലത്തെ ജീവിതത്തിനിടയ്ക്ക് എനിക്ക് വേണ്ടിയല്ലാതെ എന്തെങ്കിലും ചെയ്യാൻ തുടങ്ങി എന്ന് മനസ്സിൽ തോന്നിത്തുടങ്ങിയത് ഇപ്പോഴാണ്. ശരിക്കും എന്തൊരു സ്വാർത്ഥനായിരുന്നു ഞാൻ. പണം ഉണ്ടാക്കാനായുള്ള ഓട്ടത്തിനിടയ്ക്ക് ഞാൻ എല്ലാവരെയും മറന്നു. സ്നേഹിച്ചവരെ, കൂടെ നിന്നവരെ, എന്തിന് എന്റെ കൂടപ്പിറപ്പിനെപ്പോലും ഞാൻ അവഗണിച്ചു. പക്ഷെ ഇപ്പോൾ ഈ നാടിനു വേണ്ടി പ്രവർത്തിക്കുമ്പോൾ , ഇത്രയും നാൾ ഞാൻ പാഴാക്കിക്കളഞ്ഞ ദിവസങ്ങളെക്കുറിച്ചോർത്ത് എനിക്ക് നഷ്ടബോധം തോന്നുന്നു. ഓരോ ജീവിതത്തിനും ചെയ്തു തീർക്കേണ്ട കർമ്മങ്ങൾ ഉണ്ട്. അത് ചെയ്തു തീർക്കാതെ, അവ പൂർത്തിയാക്കാതെ ഒരു ജീവനും ഇവിടെനിന്നും മടങ്ങാനാവില്ല. ഒരു കള്ളൻ എന്നോ ചതിയൻ എന്നോ മുദ്രകുത്തപ്പെട്ട് , കുഴിച്ചു മൂടാൻ ഉള്ളതല്ല എന്റെ ജീവിതം. അതിനൊരു പൂർണത ഉണ്ടാവണമെങ്കിൽ, ഞാൻ ഇനിയും ചെറുതല്ല ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. വഴിയിൽ തളരാനോ പിൻവാങ്ങുവാനോ ഞാൻ ഒരുക്കമല്ല. ഞാൻ സഞ്ചരിക്കുകതന്നെ ചെയ്യും.
ആയിടയ്ക്കാണ് തെരെഞ്ഞെടുപ്പ് വന്നത്. നിരോധനാജ്ഞയൊക്കെ അതോടെ നിർത്തലാക്കി. തെരെഞ്ഞെടുപ്പ് പ്രചാരണം ഞങ്ങൾക്ക് നല്ലൊരു മറയായിരുന്നു. ഞാനുൾപ്പെടെയുള്ള ഞങ്ങളുടെ സംഘാംഗങ്ങൾ ഇടയക്കുന്നത്തെ സകല വീടുകളും കയറിയിറങ്ങി. നാനൂറോളം കുടുംബങ്ങൾ അവിടെയുണ്ട്. അതിൽത്തന്നെ നൂറോളം കുടുംബങ്ങൾ ഞങ്ങളുടെ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ചന്ദ്രികയുടെ സഹോദരന് എന്നോടുള്ള വിരോധം ഇതുവരെയും മാറിയിട്ടില്ല. ഒരു കുത്തു കേസിൽ പ്രതിയായി അയാൾ ജയിലിൽ ആയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ഞാൻ നാട്ടിൽ എത്തിയ വിവരവും, എന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമൊക്കെ അയാൾ അറിഞ്ഞത് . എന്നെ ഏതൊക്കെ രീതിയിൽ ദ്രോഹിക്കാം എന്നായിരുന്നു അയാളുടെ ചിന്ത. അയാളെക്കൊണ്ട് കഴിയുമ്പോളൊക്കെ ജനങ്ങളിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ അയാൾ ശ്രമിക്കുകയും ചെയ്തു.
ഇടയക്കുന്നത്തെ വയലുകൾ നികത്തിയാണ് പുതിയ ഫാക്ടറി വരാൻ പോകുന്നത് എന്നറിഞ്ഞ ഞങ്ങൾ , അതൊരു ആയുധമാക്കാൻ തന്നെ തീരുമാനിച്ചു. അതിൽ ഞങ്ങൾ വിജയിക്കുകയും ചെയ്തു. ഒരു പാർട്ടി സമരം എന്ന രീതിയിൽ തുടങ്ങിയ പ്രക്ഷോഭത്തെ ഇടയക്കുന്നത്തെ ബഹു ഭൂരിപക്ഷം ജനങ്ങളും ഏറ്റെടുത്തു. ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും സമരക്കാരുമായി ചർച്ച നടത്താനായി ഒരാളെ നിയോഗിച്ചു. ഞങ്ങളുടെ ന്യായങ്ങളെ നിഷേധിക്കുന്ന രീതിയിലുള്ള ഒരു സമീപനമാണ് അയാളിൽ നിന്നും ഉണ്ടായത്. ആ വാഗ്‌വാദത്തിനിടയ്ക്ക് അയാൾക്ക് തന്റെ നാവു പിഴച്ചു. ഇടയക്കുന്നത്തിന്റെ പൈതൃകത്തെക്കുറിച്ച് ദീർഘവീക്ഷണം ഇല്ലാതെ അയാൾ അധിക്ഷേപസ്വരത്തിൽ സംസാരിച്ചു. ഇടയക്കുന്നു നിവാസികളോട് മാപ്പു പറയുന്നത് വരെ അയാളെ സ്വാതന്ത്രനാക്കുകയില്ലന്നു ഞങ്ങൾ തീരുമാനിച്ചു, ചർച്ച നടന്ന മുറിയിൽ തന്നെ അയാൾ ബന്ദിയാക്കപ്പെട്ടു. പോലീസ് സംഭവസ്ഥലത്തേക്ക് ഇരമ്പിയെത്തി. ഞങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താനാണ് അവർ ശ്രമിച്ചത്. ജനം ഇളകി. ഇടയക്കുന്നു നിവാസികൾ എല്ലാവരും സംഭവ സ്ഥലത്തേക്ക് ഒഴുകിയെത്തി. ജന രോഷത്തെ നിയന്ത്രിക്കുന്നതിൽ പോലീസ് പരാജിതരായി. പൊതുവെ ശാന്തമായിരുന്ന ഇടയക്കുന്ന് അന്ന് തീണ്ടാരിക്കാവിലെ കാളിയെപ്പോലെ രൗദ്രവതിയായി. ജനങ്ങളുടെ നിയന്ത്രണം വിട്ടു. ആൾക്കൂട്ടത്തിൽ നിന്നും ആരോ പൊലീസിന് നേരെ കല്ലെറിഞ്ഞു. സഹികെട്ട പോലീസ് ജനങ്ങൾക്ക് നേരെ കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു. നിരവധി പോലീസുകാർക്കും , അതിലുമധികം ജനങ്ങൾക്കും പരിക്കേറ്റു. നാട്ടുകാർക്ക് പൊലീസിന് മുന്നിൽ അധികസമയം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ജീവനെ ഭയന്ന എല്ലാവരും ഓടിയൊളിച്ചു. അടുത്ത പുലരിയിലെ വർത്തമാനപ്പത്രങ്ങൾക്ക് ഇടയക്കുന്നു കലാപത്തെക്കുറിച്ചു വർണിക്കാൻ കടലാസ് തികയാതെ വന്നു. മാധ്യമ ധർമ്മം അവർ ഭംഗിയായി നിർവഹിച്ചു .കലാപത്തിന്റെ തീജ്വാലകൾ കാട്ടുതീ പോലെ പടരാൻ അത് കാരണമായിത്തീർന്നു. കണ്ടാൽ തിരിച്ചറിയാവുന്ന നാട്ടുകാർക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇടയക്കുന്നത്തെ ബഹു ഭൂരിപക്ഷം ആണുങ്ങളും ഒളിവിൽ പോയി.
തീണ്ടാരിക്കാവിന്റെ നേരെ മുകളിൽ എത്തിയ പൂർണ ചന്ദ്രനിൽ അന്ന് ശോണിമ കലർന്നിരുന്നു. വാകമരങ്ങൾ പൂക്കൾ പൊഴിക്കാതെ നിശബ്ദമായി നിന്നു. ഇടക്കുന്നപ്പുഴയിലെ ഓളങ്ങൾ പോലും ശബ്ദമില്ലാതെ ഒഴുകി. കയ്യിൽ കിട്ടിയ തുണികളൊക്കെ സഞ്ചിയിലേക്ക് കുത്തിത്തിരുകി ഞാനും മാമനും പാലം കടന്നു. തട്ടിൻപുറത്തു കിടന്ന പഴയ , വശങ്ങൾ കീറിത്തുടങ്ങിയ ഒരു ബാഗിലാണ് കുഞ്ഞിമാമൻ തുണികളെടുത്തത്.
മൂന്നാറിനടുത്ത് കുഞ്ഞിമാമന്റെ ഒരു പഴയ സുഹൃത്തിൻറെ ഏലത്തോട്ടവും, അവിടെ പണിക്കാർക്ക് താമസിക്കാനായി പണിത ഒരു പഴയ കോട്ടേജും ഉണ്ട്. അവിടേക്കാണ് ഞങ്ങൾ ഒളിവിൽ പോയത്. നാട്ടിലെ വർത്തമാനങ്ങളൊക്കെ ഞങ്ങൾ പത്രങ്ങളിൽ കൂടിയറിഞ്ഞുകൊണ്ടിരുന്നു. പോലീസ് അവിടെ വീട് വീടാന്തരം കയറി ഇറങ്ങുകയാണ്. കയ്യിൽ കിട്ടിയ ആണുങ്ങളെയൊക്കെ അവർ അറസ്റ്റ് ചെയ്തു ജയിലിലാക്കി. അതി ക്രൂരമായി മർദിച്ചു. പ്രശാന്ത സുന്ദരമായ ഇടയക്കുന്നിൽ രക്തം മണക്കാൻ തുടങ്ങി. ഇടയക്കുന്നിലെ കാര്യങ്ങൾ ഇത്രത്തോളം കൈവിട്ടുപോകുമെന്ന് ആരും കരുതിയില്ല. എല്ലാം ഒന്ന് കെട്ടടങ്ങുന്നവരെ ഒന്ന് മാറി നിൽക്കുന്നത് തന്നെയാണ് ബുദ്ധി.
പ്രകൃതി, അതിന്റെ ശാലീന സൗന്ദര്യംകൊണ്ട് ഏതൊരാളിന്റെയും മനസിനെ ഹർഷോന്മാദമാക്കുന്ന മനോഹര ഭൂപ്രകൃതിയായിരുന്നു അവിടം. ഭൂമിയിലെ സ്വർഗം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരിടം. ഒരുകണക്കിന് ഒളിച്ചു താമസിക്കാൻ ഇവിടം തെരെഞ്ഞെടുത്തത് നന്നായി. മനസിന്റെ ക്ഷീണം മാറ്റാൻ ഇതിലും നല്ലൊരുപാധി വേറെയില്ല. കേളപ്പൻ എന്ന തൊഴിലാളി, കൃത്യമായി മൂന്നു നേരവും ഞങ്ങൾക്ക് അവിടെ ഭക്ഷണം എത്തിച്ചു തരുമായിരുന്നു. രാവിലെ പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ആ കോട്ടേജിനു ചുറ്റും ഒന്ന് നടക്കും, പത്രം വായിക്കും കിടന്നുറങ്ങും. അതൊക്കെത്തന്നെയായിരുന്നു അവിടത്തെ ജീവിതം. ഒരുതരത്തിൽ പറഞ്ഞാൽ അതും ഒരുതരം ജയിൽ ജീവിതം തന്നെ.
ദിവസങ്ങൾ , ഇരവിഴുങ്ങിയ മലമ്പാമ്പിനെ പോലെ മന്ദഗതിയിൽ ഇഴഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഈ പ്രശ്നങ്ങളൊക്കെ എന്നാണൊന്നവസാനിക്കുന്നത്. പാപി ചെല്ലുന്നിടം പാതാളം എന്നൊക്കെ പറയുംപോലെയാണല്ലോ എന്റെ കാര്യം. ജീവിതം മുഴുവൻ ഓട്ടം തന്നെ. വെള്ളത്തിൽ വീണ പോങ്ങു തടിപോലെ ഞാൻ എങ്ങോട്ടേക്കാണ് ഈ പോയിക്കൊണ്ടിരിക്കുന്നത്? നാട്ടിൽ ആരംഭിക്കുന്ന ഫാക്ടറി ഇടയക്കുന്നിന്റെ ചരിത്രമാകുമെന്നു ഞാൻ സ്വപ്നം കണ്ടിരുന്നു. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങയൊക്കെയാണ് നടക്കുന്നത്.
വളരെ യാദൃച്ഛികമായാണ് കുഞ്ഞിമാമന്റെ ബാഗിൽ നിന്നും ആ എഴുത്ത് ഞങ്ങൾക്ക് ലഭിക്കുന്നത്. ശ്രീലങ്കയിൽ നിന്നും അയക്കപ്പെട്ട ആ കത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. അക്ഷരങ്ങൾ കുറെയൊക്കെ പടർന്നും നിറം മങ്ങിയും കാണപ്പെട്ടു. എന്നാലും ആ കത്തിന്റെ ഉള്ളടക്കം മനസിലാക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായില്ല.
അതിൽ നിന്നും ഞങ്ങൾക്കൊരു കാര്യം മനസിലായി. മാധവൻതമ്പി എന്ന എന്റെ മുത്തച്ഛൻ കപ്പലപകടത്തിൽ മരിച്ചിട്ടില്ല. മുത്തച്ഛൻ മരിച്ചെന്ന് അമ്മിണിയമ്മ പറഞ്ഞ കാലത്തിനു ശേഷം അമ്മിണിയമ്മക്ക് മുത്തച്ഛൻ എഴുതിയ കത്താണ് അത്. മുത്തച്ഛൻ ജീവനോടെ ശ്രീലങ്കയിൽ ഉണ്ടായിരുന്നു. അത് അമ്മിണിയമ്മയ്ക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു. എന്തുകൊണ്ടാണ് അമ്മിണിയമ്മ , മുത്തച്ഛൻ മരിച്ചു പോയതായി ഞങ്ങളോട് കള്ളക്കഥ പറഞ്ഞത് ? സ്വന്തം ഭർത്താവ് ജീവനോടെ ഉണ്ടെന്ന് മറച്ചുവെക്കേണ്ട കാര്യം എന്താണ് ? ആ കത്തിൽ പരാമർശിക്കുന്ന പാർവതി എന്ന ആൾ ആരാണ് ? അങ്ങനെ ഒരാളെക്കുറിച്ച് കുഞ്ഞിമാമനും കേട്ടിട്ടില്ല. ഒരു നൂറായിരം ചോദ്യങ്ങൾ തലയ്ക്കുള്ളിൽ തേനീച്ചകളെപ്പോലെ മുരണ്ടുകൊണ്ടേയിരുന്നു.
കുഞ്ഞിമാമൻ വളരെ അസ്വസ്ഥനായി കാണപ്പെട്ടു. ജീവനോടെ ഉണ്ടായിരുന്ന തന്റെ അച്ഛനെ തന്നിൽ നിന്നും മറച്ചു വെച്ച അമ്മയോട് മാമന് ദേഷ്യം തോന്നിയിട്ടുണ്ടാകും. എന്തായാലും ഇക്കാര്യത്തിന്റെ നിജസ്ഥിതി എന്താണെന്ന് അറിഞ്ഞേ പറ്റുള്ളൂ. കുഞ്ഞിമാമൻ പൊതുവെ ഒരു വാശിക്കാരനാണ്. പ്രത്യേകിച്ച് ഈ കാര്യത്തിൽ അദ്ദേഹത്തിന്റെ എല്ലാ നിയന്ത്രണങ്ങളും കൈവിട്ടു പോയപോലെ ആയിരുന്നു.
എന്തായാലും നാട്ടിലെ പ്രശ്നങ്ങൾ അവസാനിക്കാതെ അങ്ങോട്ടേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമല്ല. എന്തായാലും ഒളിവു ജീവിതം തന്നെയാണ്. അവസാനം ശ്രീലങ്കയിലേക്ക് പോകാൻ തന്നെ ഞങ്ങൾ രണ്ടാളും തീരുമാനിച്ചു. പക്ഷെ ശ്രീലങ്കയിലേക്ക് എത്താൻ പാസ്സ്‌പോർട്ട് ആവശ്യമുണ്ട്. വീട്ടിൽ നിന്നും തിരക്കിട്ടിറങ്ങിയപ്പോൾ അത്തരം രേഖകൾ ഒന്നും ഞങ്ങൾ രണ്ടാളുടെയും കൈവശം ഉണ്ടായിരുന്നില്ല . അല്ലങ്കിലും മൂന്നാറിൽ പോകാൻ എന്തിനാണ് പാസ്പോർട്ട് . എങ്ങനെയും വീട്ടിൽ തിരിച്ചെത്തിയാൽ മാത്രമേ രക്ഷയുള്ളൂ. രണ്ടുപേരും കൂടി പോയാൽ അബദ്ധം ആകുമെന്നുള്ളതിനാൽ ആ ദൗത്യം ഞാൻ സ്വയം ഏറ്റെടുത്തു.
പല വണ്ടികൾ മാറി മാറി കയറി അവസാനം പാതിരാത്രിയോടെ ഞാൻ ഇടയക്കുന്നത്ത് എത്തി. ദൂരെ വായന ശാലയുടെ മുന്നിലെ പൊതു വിളക്ക് മിന്നി മിന്നി പ്രകാശിക്കുന്നത് എനിക്ക് കാണാമായിരുന്നു. അതിന്റെ താഴെത്തന്നെ ഒരു പോലീസ് ജീപ്പ് കിടക്കുന്നത് ഇക്കരെ നിന്നുകൊണ്ട് ഞാൻ കണ്ടു. പാലം കയറി അക്കരെയെത്തിയാൽ ഞാൻ നേരെ അവരുടെ മുമ്പിൽ ചെന്ന് പെടും എന്നുറപ്പാണ്. അതുകൊണ്ട് പുഴ നീന്തിക്കടക്കാതെ മറ്റു മാർഗം ഒന്നും ഇല്ല. പുഴയുടെ ഓരം ചേർന്ന് ഞാൻ മുന്നോട്ട് നടന്നു. അക്കരെ മിന്നി മിന്നി പ്രകാശിക്കുന്ന പൊതു വിളക്ക് , ഇടങ്കുന്നപ്പുഴയിൽ ചിത്രപ്പണികൾ നെയ്യുന്നുണ്ടായിരുന്നു. എന്റെ നെഞ്ചിൽ മുഴങ്ങുന്ന പെരുമ്പറ ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. ഞാൻ പുഴയിലേക്കിറങ്ങി. അസ്ഥിപോലും മരവിച്ചു പോകുന്ന തണുപ്പായിരുന്നു വെള്ളത്തിന്. സ്വന്തം നാട്ടിൽ നിന്നും ഒരു കള്ളനെപ്പോലെ ഒളിച്ചു കടന്ന ഞാൻ ഇന്ന് സ്വന്തം നാട്ടിലേക്ക് ഒരു കള്ളനെപ്പോലെ നുഴഞ്ഞു കയറേണ്ടി വന്നതിനെ വിധി വൈപരീത്യം എന്നല്ലാതെ എന്ത് പറയാൻ.
ഞാൻ നീന്തിക്കയറിയത് ഇപ്പോഴത്തെ റേഷൻ കടയുടെ പുറകുവശത്തേക്കാണ്. ആകെ നനഞ്ഞു കയറിയ എന്നെക്കണ്ട, ആ കടയുടെ ഓരത്തുണ്ടായിരുന്ന ഒരു ചാവാലിപ്പട്ടി വെറുതേ കുരച്ചു ബഹളം കൂട്ടി. ആ ശബ്ദം കേട്ട് പോലീസുകാർ ഇങ്ങോട്ടേക്ക് എത്തുമെന്ന് ഞാൻ ഭയപ്പെട്ടു. എന്തായാലും എന്റെ ദയനീയാവസ്ഥ മനസിലാക്കിയിട്ടെന്നപോലെ , ആ നായ കുറച്ചു നേരം എന്നെ മിഴിച്ചു നോക്കി നിന്ന ശേഷം ഇരുളിലേക്ക് ഓടി മറഞ്ഞു.
ഇരുളിന്റെ മറപറ്റി ഞാൻ വേഗം നടന്നു. തീണ്ടാരിക്കാവിന്റെ കൊത്തുകല്ലുകൾ ഞാൻ ചാടിക്കടന്നു മുറ്റത്തെത്തി. അപ്പോഴാണ് ഞാൻ ശ്വാസം ഒന്ന് നേരെ വിട്ടത്. ലീലയും മോളും അമ്മയും എല്ലാം നല്ല ഉറക്കത്തിൽ ആയിരുന്നു. കതകിൽ മുട്ടിയപ്പോൾ ലീലയാണ് വന്നു കതകു തുറന്നത്. ഞാൻ ഒറ്റ ശ്വാസത്തിൽ അവളോട് നടന്ന കാര്യങ്ങളൊക്കെ വിവരിച്ചു. ഉറക്കത്തിലായിരുന്ന അമ്മയും ഞങ്ങളുടെ സംസാരം കേട്ടുണർന്നു. അമ്മയോടും കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞശേഷം, പാസ്സ്പോർട്ടുമായി വേഗം തന്നെ അവിടെ നിന്നും ഇറങ്ങി. വയൽ വരമ്പത്തു നിന്നും റോഡിലേക്ക് കയറിയ ഞാൻ പെട്ടന്നൊരു വിസിലടി ശബ്ദം കേട്ട് മരവിച്ചപോലെ നിന്ന് പോയി. എന്നെ കണ്ടിട്ട് ഏതോ പോലീസുകാരൻ വിസിലൂതിയതാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ എന്നെപ്പോലെ ഇരുളിന്റെ മറവിൽ സ്വന്തം വീടുതേടിയെത്തിയ മറ്റേതോ ഹതഭാഗ്യനുള്ള നറുക്കായിരുന്നു അത്.
പുഴ നീന്തിക്കടന്ന ഞാൻ പറക്കുകയായിരുന്നു എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. കാരണം എന്റെ പിന്നാലെ ആരോ ഉണ്ടെന്ന ഒരു തോന്നൽ ആയിരുന്നു എനിക്ക്. ആദ്യം കണ്ട ജീപ്പിനു കൈ കാണിച്ചു. ഭാഗ്യത്തിന് അത് ടൗണിലേക്ക് ആയിരുന്നു. എത്രയും വേഗം കുഞ്ഞി മാമന്റെ അടുത്തേക്ക് എത്തണം. നാട്ടിലെ പ്രശ്നങ്ങൾ ഉടനെയൊന്നും കെട്ടടങ്ങുന്ന ഒരു ലക്ഷണവും കാണുന്നില്ല. എന്റെ ജന്മ നാട്ടിലേക്ക് മനസമാധാനത്തോടെ ഇനി എന്ന് തിരിച്ചെത്താൻ കഴിയുമെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല. ഇനി ഒരു മടങ്ങി വരവ് സാധിക്കുമോ എന്ന് പോലും അറിയാത്ത അവസ്ഥ. അമ്മക്ക് കൊടുത്ത വാക്കിനെക്കുറിച്ച് ജീപ്പിലിരുന്നു ഞാൻ ആലോചിച്ചു. ഇനി അമ്മയെ വിട്ട് ദൂരത്തേയ്ക്ക് ഒരിക്കലും പോകരുതെന്ന് ഉറപ്പിച്ചതാണ്. പക്ഷെ വിധി എന്നെയുംകൊണ്ട് എങ്ങോട്ടേക്കോ കുതിക്കുകയാണ്.
ആദ്യത്തെ ബസിൽ തന്നെ കയറിപ്പറ്റി. ബസിൽ തീരെ തിരക്കില്ലായിരുന്നു. മീനെടുക്കാനായി കോയിക്കൽ തുറമുഖത്തേക്ക് പോകുന്ന ഒന്നുരണ്ട് കച്ചവടക്കാരും, ചേലക്കര ക്ഷേത്രത്തിൽ ആറാട്ടുത്സവം കഴിഞ്ഞ് ബലൂണുകളും പാവകളുമായി തിരികെപ്പോകുന്ന ഒരു കച്ചവടക്കാരനുമാണ് എന്നെക്കൂടാതെ ആ ബസിൽ ഉണ്ടായിരുന്നത്. ഒരു തോർത്തുമുണ്ടുകൊണ്ട് ഞാൻ എന്റെ തല മൂടിക്കെട്ടിയിരുന്നു. ആരും എന്നെ തിരിച്ചറിയേണ്ട. എന്നെ അറിയാവുന്ന ആരെങ്കിലും എന്നെ കണ്ടാൽ, അതുമതി എല്ലാ പദ്ധതികളും തകിടം മറിയാൻ. മഴ, നൂലുപോലെ പെയ്യുന്നുണ്ട്. പകൽവെളിച്ചം വീണുതുടങ്ങിയിട്ടില്ല. ഞാൻ ജനലിന്റെ ഷട്ടറുകൾ താഴ്ത്തി. എന്നിട്ടും പുറത്തു നിന്നും മഴത്തുള്ളികൾ എന്റെ ചുമലിലേക്ക് വീഴുന്നുണ്ട്.
മഴ. അതെന്നും എന്റെ മനസിന് സന്തോഷമേ നല്കിയിട്ടുളൂ. ഒരുപാട് ഓർമ്മകൾ ഉണ്ട് മഴയുമായി ബന്ധപ്പെട്ട്.
ഞാനുംചന്ദ്രികയും പ്രണയത്തിലായതുപോലും ഒരു മഴക്കാലത്താണ്. മഴയുള്ളപ്പോൾ പ്രകൃതി മുഴുവനും പ്രണയിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മഴത്തുള്ളികളും പുൽനാമ്പുകളും തമ്മിൽ, വാകപ്പൂക്കളും ഭൂമിയും തമ്മിൽ , കൈതക്കാടുകളും കാറ്റും തമ്മിൽ, അങ്ങനെ എത്രയോ പ്രണയ ജോഡികൾ. മഴക്കാലത്തെ കാറ്റിന്റെ മൂളലിൽ പോലും ഒരു പ്രണയാതുര സംഗീത നനവ് എനിക്ക് അനുഭവപ്പെടാറുണ്ട്.
ബസ് കയറ്റം കയറിക്കൊണ്ടേയിരുന്നു. മൂടൽമഞ്ഞ് നിറഞ്ഞ വഴി. ബസ് ഡ്രൈവറുടെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. എത്ര അനായാസമായിട്ടാണ് അയാൾ ആ വാഹനം കൈകാര്യം ചെയ്യുന്നത്. ജന്നൽ ഷട്ടറിലേക്ക് ചാരിയിരുന്ന ഞാൻ ചെറുതായിട്ടൊന്നു മയങ്ങി. ആ ബസിനേക്കാളും വേഗത്തിൽ എന്റെ ഉപബോധ മനസ് കാലങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു.
留言