ഗൗരി എന്നെ വിട്ടുപോയ ശേഷം കോയമ്പത്തൂരിൽ ഞാനും അധിക കാലം ഉണ്ടായില്ല. ആ ജോലി എനിക്ക് മടുത്തു തുടങ്ങിയിരുന്നു. ഗൗരിയുടെ നിർബന്ധത്തിലാണ് ശനിയും ഞായറും ഞാൻ ഒരു ബിസിനസ് അഡ്മിനിസ്ട്രേഷൻ കോഴ്‌സിന് ചേർന്നത്. അത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. അതുകൊണ്ടാണ് തനിക്ക്, ഡൽഹി ഹരിയാന അതിർത്തിയിലുള്ള ഗുഡ്‌ഗാവ് എന്ന സ്ഥലത്ത് ഒരു അമേരിക്കൻ കമ്പനിയിൽ ബിസിനസ് എക്സിക്യൂട്ടിവ് ആയി ജോലി ലഭിച്ചത്.
നമ്മുടെയൊക്കെ ജീവിതത്തിൽ കടന്നു വരുന്ന ഓരോരുത്തർക്കും നമ്മുടെ ജീവിതത്തിൽ നമുക്ക് ഉപേക്ഷിക്കാൻ കഴിയാത്ത ഒരു വേഷം ഉണ്ടാകും. ആ വേഷം അതിമനോഹരമായി അവർ ആടി തീർത്ത് അരങ്ങൊഴിയുമ്പോളാകും ആ വേഷത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് നമ്മൾ ബോധവാന്മാരാകൂ. ഗൗരി എന്റെ ജീവിതത്തിലെ ഒരു വലിയ നഷ്ടമായി എനിക്ക് അനുഭവപ്പെട്ടു തുടങ്ങിയപ്പോഴേക്കും ഞാൻ ഒരുപാട് താമസിച്ചു പോയിരുന്നു. എനിക്ക് കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിൽ നിന്നും അപ്പോഴേക്കും അവൾ ബഹുദൂരം താണ്ടിക്കഴിഞ്ഞിരുന്നു.
ഡൽഹി ജീവിതമാണ് എന്നെ ഒരുപാട് മാറ്റിയത്. ഒരു പുതിയ മനുഷ്യൻ ആക്കിയത്. പുതിയ ഭാഷ, സംസ്കാരം, ഭക്ഷണം ഇതെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. അന്ന് ഞാൻ താമസിച്ചിരുന്നത് ഛത്തർപൂർ എന്ന സ്ഥലത്തായിരുന്നു. രണ്ടു നിലകൾ ഉള്ള ഒരു പഴയ കെട്ടിടമായിരുന്നു അത്. താഴത്തെ നിലയിൽ ഒരു പഞ്ചാബി കുടുംബം ആയിരുന്നു ഉണ്ടായിരുന്നത്. നാൽപ്പത്തിയഞ്ചോളം വയസു പ്രായം തോന്നിക്കുന്ന ഒരു മനുഷ്യനും അയാളുടെ ഭാര്യയും രണ്ട് കുട്ടികളും.
വളരെ സ്നേഹത്തോടെയാണ് ആ കുടുംബം എന്നോട് പെരുമാറിയിരുന്നത്. മൂത്തത് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയും, ഇളയത് നാലാം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടിയും ആയിരുന്നു. പത്രക്കടലാസ് കൊണ്ട് പട്ടം ഉണ്ടാക്കി നൽകാൻ, വൈകുന്നേരങ്ങളിൽ രണ്ടാളും എന്റെ മുറിയിലെത്തുമായിരുന്നു. ഞാൻ ഒരു അന്യ ദേശക്കാരനും ഭാഷക്കാരനും ആയിരുന്നിട്ടുകൂടിയും അവരെന്നോട് കാണിച്ച സ്നേഹവും കരുതലും പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഈ ഗ്രാമത്തിലെ മനുഷ്യരുടെ സങ്കുചിത മനസ്ഥിതിയും ആയിരം മൈൽ അകലെയുള്ള ഇവിടത്തെ മനുഷ്യരുടെ ചിന്താധാരയും തമ്മിൽ എന്തൊരു അന്തരം !
അന്ധവിശ്വാസങ്ങളുടെ പൊയ്മുഖമണിഞ്ഞ മനുഷ്യർക്കിടയിലാണ് ഞാൻ എന്റെ ബാല്യകാലം കഴിച്ചു കൂട്ടിയത്. ഏതൊരു അന്ധ വിശ്വാസത്തിന്റെയും വേരുകൾ തെരെഞ്ഞുപോയാൽ അതിലെല്ലാം ഒരു സ്വാർത്ഥതയുടെ കഥ നമുക്ക് കാണാൻ കഴിയും. ആരുടെയൊക്കെയോ സ്വാർത്ഥ താൽപര്യങ്ങൾക്കായി രൂപപ്പെടുത്തിയ കുറെ വിശ്വാസ പ്രമാണങ്ങൾ. അത് വിശ്വസിച്ച് അനുഷ്ഠാനമാക്കി ആചരിക്കുന്ന കുറേ വിഡ്ഢി കോമരങ്ങളും.
എണ്ണ കുറച്ച് അധികമായി ഭക്ഷിക്കുന്നവരാണ് പഞ്ചാബികൾ. എല്ലാദിവസവും രാവിലെയും രാത്രിയിലും എനിക്കായി ഭക്ഷണം കരുതാൻ അവർ കാണിച്ച മനസ്സ് എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ചൂട് കാലത്തു കൊടും ചൂട്, തണുപ്പുകാലത്ത് അതി ശൈത്യം അതാണ് ഡൽഹിയിലെ കാലാവസ്ഥ. ആദ്യമായി ഞാൻ ഇവിടെ എത്തിയപ്പോൾ ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. പതിയേ അതൊക്കെ എനിക്ക് ശീലമായി ഞാൻ ആ ഉത്തരേന്ത്യൻ സംസ്കാരത്തിന്റെ ഒരു ഭാഗമായി മാറി.
മുഗൾ ഭരണ കാലത്തിന്റെ സർവ്വ പ്രതാപങ്ങളും ഇപ്പോളും മായാതെ അവിടെ നമുക്ക് കാണാം. കോട്ട കൊത്തളങ്ങളും സ്തൂപങ്ങളും ശില്പങ്ങളുമെല്ലാം ആ പ്രതാപകാലത്തിന്റെ അടയാളങ്ങളായി ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്.
ഡൽഹിയിൽ എനിക്കൊരു സുഹൃത്ത് ഉണ്ടായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഒരു ശരവണൻ. അവൻ ഒരു തമിഴൻ ആയിരുന്നെങ്കിലും നല്ലതുപോലെ മലയാളം സംസാരിക്കുമായിരുന്നു. നമ്മുടെ ഭാഷ ഇല്ലാത്ത മറ്റൊരു നാട്ടിൽ എത്തുമ്പോൾ മാതൃഭാഷ സംസാരിക്കുന്ന ഒരാളെ കൂട്ട് കിട്ടുന്നതിലും മനസിന് സന്തോഷം പകരുന്ന മറ്റൊന്ന് ഉണ്ടാവില്ല. ആ ഒരു സംഗതിയാണ് എന്നെ ശരവണനിലേക്ക് അടുപ്പിച്ചത്. ആ സമയത്ത് ഞാൻ അവിടെ ഒരു കോൾ സെന്ററിലാണ് ജോലി ചെയ്തിരുന്നത്. ശരവണൻ മുഖേനെ അവന്റെ സുഹൃത്തുക്കളായ ദീപക് , മദൻ , ആരതി എന്നിവരെയും ഞാൻ പരിചയപ്പെട്ടു.
ദീപക്കും മദനും ശരവണനും ഒന്നിച്ചാണ് താമസിക്കുന്നത്. ദീപകിന്റെ കാമുകിയാണ് ആരതി. അവൾ ഒരു പാലക്കാടുകാരിയാണ്. ബാക്കിയെല്ലാവരും തമിഴ്‌നാട് സ്വദേശികൾ ആയിരുന്നു. ആരതിയുൾപ്പെടെ എല്ലാവരും നന്നായി മദ്യപിക്കുന്നവരാണ്. എനിക്ക് എന്തോ മദ്യത്തോട് ഒരു ആസക്തിയും ഇതുവരെ തോന്നിയിട്ടേയില്ല. ചിലപ്പോൾ ഞാൻ വളർന്നുവന്ന സാഹചര്യം അങ്ങനെ ആയതുകൊണ്ടാകാം. ഒരു പെൺക്കുട്ടി മദ്യപിക്കുന്നത് എനിക്ക് ഒരു അത്ഭുതമായി തോന്നി. മദ്യപിച്ചു കഴിഞ്ഞാൽ ആരതി ഒരുപാട് സംസാരിക്കും. മലയാളവും തമിഴും കലർന്ന ഭാഷയിൽ അവളുടെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും കെട്ട് അവൾ എന്റെ മുന്നിലേക്ക് അഴിച്ചിടും.
മദ്യം തലയ്ക്കു പിടിച്ചാൽ പിന്നെ ദീപക്കിനും മദനും ഒരു ബോധവും ഉണ്ടാവില്ല. അവരുടെ അപ്പാർട്ട്മെന്റിലെ ഹാളിലും സോഫയിലുമായി ഒരു ബോധവുമില്ലാതെ ഉറക്കമാവും. ശരവണൻ പുകവലിക്കുന്ന ശീലമുള്ളയാളാണ്. അവനു രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ പുകവലിച്ചേ പറ്റുള്ളൂ. അവൻ ടെറസിൽ ഇരിപ്പാകും. ആരതിയുടെ നിലയ്ക്കാത്ത സംസാരം മുഴുവൻ കേൾക്കാൻ വിധിക്കപ്പെട്ടത് ഞാൻ ആയിരുന്നു. കൂടുതലും അവൾ സംസാരിച്ചത് അവളുടെ വീട്ടുകാരെക്കുറിച്ചാണ്.
അവളുടെ അച്ഛനെ പേടിച്ചിട്ടാണ് അവൾ നാട്ടിലേക്ക് പോകാത്തത്. വളരെ ചെറുപ്പത്തിൽത്തന്നെ അവൾക്കു മദ്യം കൊടുത്തതും കുടിപ്പിച്ചതും അവളുടെ അച്ഛൻ ആണത്രേ ! അവളെയും അവളുടെ അമ്മയെയും അയാൾ സ്ഥിരമായി ഉപദ്രവിക്കുമത്രേ ! ഒരിക്കൽ ലൈംഗിക അതിക്രമത്തിന് പോലും അയാൾ മുതിർന്നു. അതിനു ശേഷം അവൾ വീട് വിട്ടിറങ്ങിയിട്ട് പിന്നീട് ആ വീട്ടിലേക്ക് പോയിട്ടില്ല.
ദീപക് അധികം സംസാരിക്കുന്ന പ്രകൃതക്കാരൻ അല്ല ശരവണൻ വഴിയാണ് ഞാൻ അവനെ പരിചയപ്പെട്ടത് എങ്കിലും എനിക്ക് അവനെ അത്രക്കങ്ങു ബോധിച്ചിട്ടില്ല. ആദ്യം മുതൽക്കേ ഒരു നല്ല അഭിപ്രായം അല്ല എനിക്ക് അവനെക്കുറിച്ചു തോന്നിയത്. ആരതി ഇല്ലാത്ത സമയത്ത് അവർ ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളെക്കുറിച്ചൊക്കെ അവൻ മറ്റുള്ളവരുടെ മുന്നിൽ വർണ്ണിക്കുന്നത് കേട്ടിട്ട് എനിക്കെന്തോ വല്ലായ്മ തോന്നിയിട്ടുണ്ട്. അവന് അവളോടുള്ളത് ഒരു ആത്മാർത്ഥ പ്രണയം ഒന്നും അല്ലാ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ആരതിയോട് ദീപകിന്റെ ഈ സ്വഭാവത്തെക്കുറിച്ചു പറയാൻ പലവട്ടം ഞാൻ തുനിഞ്ഞതാണ് . പക്ഷെ അവൾ അതിനെ ഏത് അർത്ഥത്തിൽ എടുക്കും എന്ന് എനിക്കുറപ്പില്ലാത്തതിനാൽ ഞാൻ അത് വേണ്ട എന്ന് വെച്ചു. വീട്ടിലെ പ്രശ്നങ്ങളും ഇതും എല്ലാം കൂടി അവൾക്ക് താങ്ങാവുന്നതിലും അപ്പുറം ആകും എന്ന് എനിക്കുറപ്പായിരുന്നു .
ഒരു ദിവസം ദീപക്കിനോട് എനിക്ക് പിണങ്ങേണ്ടി വന്നു. അന്ന് ദീപക്കിനെയും മദനേയും ശരവണനെയും കൂടാതെ ദീപക്കിന്റെ മറ്റു രണ്ടു സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു. അവരുടെ മുന്നിൽവെച്ച് ആരതിയെക്കുറിച്ചു വളരെ മോശമായ രീതിയിൽ സംസാരിച്ചപ്പോൾ ഞാൻ പ്രതികരിച്ചു. തല്ലിന്റെ വക്കോളം എത്തിയ ആ പ്രശ്നം ദീപക്കും ആരതിയും തമ്മിൽ വേർപിരിയാൻ കാരണമായിത്തീർന്നു.
എല്ലാ കാര്യങ്ങളും ഞാൻ ആരതിയോട് പറഞ്ഞു. അവൾ എല്ലാം കേട്ട് കുറെ നേരം മരവിച്ചിരുന്നു. പോകാൻ നേരം അവൾ എന്നോട് പറഞ്ഞു, വൈകുന്നേരം അവൾക്കൊപ്പം ഒന്ന് പുറത്തു പോകാൻ ചെല്ലണം എന്ന്. വൈകുന്നേരം ഒന്നും ചെയ്യാൻ ഇല്ലാതെ ഇരുന്ന വിരസമായ ഒരു ഞായറാഴ്ച ആയതുകൊണ്ട് തന്നെ എനിക്ക് ആരതിയുടെ ക്ഷണം നിരസിക്കേണ്ട ആവശ്യം ഉണ്ടായില്ല .
പുറത്ത് നല്ല തണുപ്പ് ഉണ്ടായിരുന്നു. ഞാൻ പുതിയതായി വാങ്ങിയ ചുവന്ന ഒരു ജാക്കറ്റ് ആണ് ധരിച്ചിരുന്നത്. ആരതിയുടേതും ഒരു ചുവന്ന ജാക്കറ്റ് ആയിരുന്നു. ആഗ്ര ഫോർട്ടിലേക്കുള്ള വഴിയേ ഞങ്ങൾ നടന്നു. വഴിയുടെ ഇരുവശത്തും കച്ചവടക്കാരുടെ നല്ല തിരക്കുണ്ടായിരുന്നു. സൈക്കിൾ ചക്രം ഘടിപ്പിച്ച ഉന്തുവണ്ടിയിൽ പെട്രോൾമാക്‌സിന്റെ വെളിച്ചത്തിൽ വ്യാപാരം നടത്തുന്നവർ. പല നിറത്തിലും തരത്തിലുമുള്ള തൊപ്പികൾ വിൽക്കുന്നവർ, മധുര പലഹാരങ്ങൾ വിൽക്കുന്നവർ, ചോളം പൊരിക്കുന്നവർ , അങ്ങനെ അങ്ങനെ .. നടന്നു നടന്നു ഞങ്ങൾ ഫോർട്ടിന്റെ മുന്നിലെത്തി. പക്ഷെ ഞങ്ങൾക്ക് സഞ്ചരിക്കാൻ ഇനിയും ദൂരം ഒരുപാട് ബാക്കിയായിരുന്നു.
ഒന്നിച്ചു ഞങ്ങൾ കുറേയധികദൂരം നടന്നെങ്കിലും ഞങ്ങൾക്കിടയിൽ മൗനം തന്നെ ആയിരുന്നു. തണുപ്പിനേക്കാൾ അപ്പോൾ എനിക്ക് അസ്വസ്ഥത ഉണ്ടാക്കിയതും ആ മൗനം തന്നെ ആയിരുന്നു.
“സേതു, എന്റെ കൈ പിടിച്ചു കുറച്ചു ദൂരം നടക്കാമോ?”
ആരതിയുടെ ചോദ്യം ഞങ്ങൾക്കിടയിലെ മൗനത്തെ ഖണ്ഡിച്ചു. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. ലോകം മുഴുവൻ അവളുടെ കണ്ണുകളിലേക്ക് ചുരുങ്ങിയതായി എനിക്ക് തോന്നി. ഒരു തമാശയായല്ല അത്രയ്ക്കും ആഗ്രഹിച്ചാണ് അത് എന്നോട് അവൾ ചോദിക്കുന്നതെന്ന് എനിക്ക് തോന്നി. ഞാൻ ആ കൈപിടിച്ച് അവൾക്കൊപ്പം നടന്നു. മനസ് ഒന്നിടറുമ്പോൾ മുറുക്കെയൊന്ന് പിടിക്കാൻ ഒരു കൈ ഇല്ലാതെയായി പോകുന്നതിന്റെ വേദന മറ്റാരേക്കാളും എനിക്ക് വളരെ നന്നായിട്ട് അറിയാം. ഒരു ചെറിയ പുഞ്ചിരിയെങ്കിലും നമുക്ക് മറ്റൊരാളുടെ മുഖത്തു വിടർത്താൻ കഴിഞ്ഞാൽ അത് നമ്മുടെ ജന്മ പുണ്യം.
അവളുടെ കൈപിടിച്ച് ആഗ്ര ഫോർട്ടിന്റെ ചരിത്രമുറങ്ങുന്ന തെരു വീഥികളിലൂടെ നടക്കുമ്പോൾ എന്റെ മനസ്സ് ശൂന്യമായിരുന്നു. അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇനി ഒരിക്കലും അവൾ മദ്യപിക്കില്ലന്ന് അവൾ എന്നോട് സത്യം ചെയ്തു. അവൾക്ക് ഒരു പ്രണയത്തേക്കാൾ ഉപരി ഒരു സംരക്ഷണം ആണ് വേണ്ടതെന്നു എനിക്ക് തോന്നി. ആഗ്രാഫോർട്ടിന്റെ മൈതാനത്ത് അവൾ എന്റെ തോളിൽ തലചായ്ച്ചിരുന്നു. ആകാശത്തിലൂടെ ഒരു വാൽ നക്ഷത്രം പാഞ്ഞുപോയി.
വാൽ നക്ഷത്രം കണ്ടാൽ ഉടനെ നമ്മൾ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം , അത് എന്ത് തന്നെ ആയാലും അത് സാധിക്കുമത്രേ ! അമ്മിണിയമ്മ പണ്ട് പറഞ്ഞത് ഞാൻ ഓർത്തു. ഒന്നും, ഒരു ആഗ്രഹവും മനസിലേക്ക് വന്നില്ല. വാകമരങ്ങൾ നിറഞ്ഞു നിൽക്കുന്ന തീണ്ടാരികാവും, അതിനുള്ളിൽ പാറി നടക്കുന്ന അപ്പൂപ്പൻ താടികളും , ഏട്ടാ എന്നെ വിട്ടു പോകുമോ എന്നൊരു സ്വരവും മാത്രം മനസ്സിൽ നിറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
സ്ത്രീ ഒരു അത്ഭുതമായി തോന്നിയത് , ആരതി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോളാണ്. എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മൂന്നാമത്തെ പ്രണയം. ഞങ്ങളെത്തമ്മിൽ ബന്ധിപ്പിക്കുന്ന ജീവിത സാഹചര്യങ്ങൾ ആകാം ഒരുപക്ഷെ അവളോട് എനിക്ക് ഇഷ്ടം തോന്നാൻ കാരണമായത്. ഡൽഹിയിലെ നരച്ച സായാഹ്നങ്ങൾക്ക് അവൾ നിറം പകർന്നു. അവൾ അന്ധമായി എന്നെ പ്രണയിക്കുകയായിരുന്നു. അവളുടെ പ്രണയത്തിൽ ഞാൻ എന്നെത്തന്നെ മറന്നു എന്ന് പറയുന്നതാകും ശരി. എന്റെ ജീവിതം അവിടെ തുടങ്ങുകയാണെന്നു ഞാൻ കരുതി.
അവൾ എന്റെ അപ്പാർട്ട്മെന്റിലേക്ക് താമസം മാറി. തികച്ചും ഭാര്യാ ഭർത്താക്കന്മാർ എന്നപോലെ ഞങ്ങൾ അവിടെ താമസം ആരംഭിച്ചു. ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ അടുത്ത് തന്നെ മറ്റൊരു കമ്പനിയിൽ ആരതിക്കും ജോലി ലഭിച്ചു. വൈകുന്നേരങ്ങളിൽ ചെറിയ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഒന്നിച്ചു വീട്ടിലേക്ക്. ഞങ്ങളുടെ കൊച്ചു സ്വർഗത്തിലേക്ക്. ശരിക്കും സന്തോഷമെന്തെന്ന് അറിഞ്ഞ ദിനങ്ങൾ. ആരതിയുടെ വീട്ടിലേക്ക് പോയി , അവളുടെ അമ്മയെ ഒന്ന് കാണണം എന്ന് അവൾക്ക് വലിയ ആഗ്രഹം ആയിരുന്നു. അങ്ങനെ ഞങ്ങൾ ഒന്നിച്ച് അവളുടെ നാട്ടിലേക്ക് യാത്ര തിരിച്ചു. ആ യാത്ര ഞങ്ങൾ ഒന്നിച്ചുള്ള അവസാന യാത്ര ആയിരിക്കും എന്ന് ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല.
അന്ന് കുറച്ചേറെ വൈകിയാണ് ഞങ്ങൾ അവളുടെ വീട്ടിലെത്തിയത്. അവളുടെ 'അമ്മ അവളെ കണ്ടിട്ട് അന്നേക്ക് പത്തു മാസത്തോളം ആയിരുന്നു. കുഴിഞ്ഞു താഴ്ന്ന അവരുടെ കണ്ണുകളിൽ ഒരു ആയുഷ്‌ക്കാലത്തെ മുഴുവൻ വേദനയും ഞാൻ കണ്ടു. അവളുടെ അച്ഛൻ അന്ന് അവിടെ ഇല്ലായിരുന്നു. പല രാത്രികളിലും അയാൾ വീട്ടിൽ ഇപ്പോൾ എത്താറില്ലത്രേ ! അയാൾക്ക് വേറെയും ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടെന്നു പലരും പറയുന്നുണ്ട്. ശരിക്കും ദാരിദ്ര്യത്തിൽ തന്നെയാണ് ആ 'അമ്മ കഴിയുന്നത്. റബ്ബർവെട്ടാൻ പോയിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അവർ ജീവിക്കുന്നത്. അവരെന്നെ സ്വന്തം മകനെപ്പോലെ സ്വീകരിച്ചു.
എനിക്ക് അധിക ദിവസം അവിടെ നിൽക്കാനുള്ള ലീവ് ഒന്നും ഉണ്ടായിരുന്നില്ല. കുറച്ചു ദിവസം അവൾ അവളുടെ അമ്മയ്ക്ക് ഒപ്പം നിൽക്കട്ടെ എന്ന് ഞാനും കരുതി. തെറ്റിപ്പോയ എന്റെ മറ്റൊരു തീരുമാനം. മനസില്ലാമനസോടെയാണ് അവൾ എന്നെ യാത്രയാക്കിയത്. ഞാൻ തിരിച്ചെത്തി കൃത്യം ഒരു ആഴ്ച കഴിഞ്ഞപ്പോൾ അവളുടെ കത്ത് കിട്ടി. ഇനി അവൾ ഇങ്ങോട്ടേക്ക് തിരിച്ചു വരില്ലെന്നും , നമുക്ക് ഇനി ഒരിക്കലും ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്നുമൊക്കെയായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. അവൾ ഇതുപോലെ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നെ പറ്റിക്കാറുണ്ട്. ഇതും അങ്ങനെ അവളുടെ ഒരു തമാശയായിട്ടാണ് ഞാൻ കണ്ടത്. അതിനടുത്ത ഞായറാഴ്ച ഞാൻ അവളെ കാണാൻ അവളുടെ വീട്ടിലെത്തി.അവളുടെ അച്ഛൻ അവിടെ ഉണ്ടായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിലും വളരെ മോശമായ ഒരു സ്വീകരണം ആണ് അന്ന് എനിക്കവിടെ ലഭിച്ചത്. എന്നോട് ഇത്രയും മോശമായ ഭാഷയിൽ ഇതുവരെ ആരും സംസാരിച്ചിട്ടില്ല. കല്യാണം ഉറപ്പിച്ച പെണ്ണിനെ പെഴപ്പിക്കാൻ നടക്കാതെ ഇറങ്ങി പോടാ നായിന്റെ മോനെ എന്നും പറഞ്ഞ് അയാൾ എന്നെ ആട്ടിയിറക്കി. ആ അവസ്ഥയിലും ആരതി എനിക്കൊപ്പം ഇറങ്ങിവന്നിരുന്നെങ്കിൽ ഞാൻ അവളെ പൊന്നുപോലെ കൊണ്ടുപോയേനെ. അതിനു പകരം എന്റെ മുന്നിലേക്കെത്തി കൈകൂപ്പിക്കൊണ്ട് അവൾ പറഞ്ഞത് ,
" സേതൂ ... ദയവായി ഒന്ന് പോകാമോ ?" എന്നാണ്.
ഒരു നിമിഷം പോലും അവിടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ കാലുകൾക്ക് വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു. അവൾ അവസാനമായി എന്നോട് കൈകൂപ്പി പറഞ്ഞ വാക്കുകൾ എന്റെ കാതിൽ ഇരട്ടിയായി മുഴങ്ങി. ആഗ്ര ഫോർട്ടിലൂടെ എന്റെ കൈ പിടിച്ച് അവൾ നടന്നതുമുതലുള്ള നല്ല നിമിഷങ്ങളെല്ലാം ഒരു മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചുപോകുന്നത് പോലെ എനിക്ക് തോന്നി. ആരതിയെ കുറ്റപ്പെടുത്താൻ എനിക്ക് ഒരു അവകാശവും ഇല്ല. കാരണം, എന്നെ സ്വന്തം ജീവനേക്കാളുപരി സ്നേഹിച്ച ചന്ദ്രികയോട് ഒരുവാക്ക് പോലും പറയാതെ ഇരുട്ടത്ത് മറഞ്ഞ ചതിയനാണ് ഞാൻ. ഈ ശിക്ഷ, കാലം എനിക്ക് വേണ്ടി കരുതിവെച്ചതാകും.
Comments