തീണ്ടാരിക്കാവിലെ വാകമരങ്ങളെ ഞാനിപ്പോൾ ഭയപ്പെടുന്നില്ല. തലേന്ന് രാത്രി ഇവിടെ വന്നു കയറിയപ്പോൾ ഇവിടെയുള്ളവരുടെ പ്രതികരണം എന്തായിരിക്കും എന്നോർത്ത് ഞാൻ ശരിക്കും ഭയപ്പെട്ടിരുന്നു. ചന്ദ്രിക ഇപ്പോൾ എവിടെ ആയിരിക്കും? അവളുടെ വിവാഹമൊക്കെ കഴിഞ്ഞ ഇപ്പോൾ അവൾ ഏതെങ്കിലും ദൂരദേശത്തായിരിക്കും. അവൾ ഇപ്പോൾ എന്നെ ഓർക്കുന്നുണ്ടാകുമോ ? ഒരു ആയിരം ചോദ്യങ്ങൾ എന്റെ കാതിൽ മുഴങ്ങി.
കാപ്പികുടി കഴിഞ്ഞു ഞാൻ പതിയെ മുറ്റത്തേക്കിറങ്ങി. പ്രഭാതത്തിന്റെ കിരണങ്ങളേറ്റ് തലേന്നത്തെ മഴയിൽ കൂമ്പിപ്പോയ പേരറിയാത്ത നീലപ്പൂവുകൾക്ക് പുതു ജീവൻ വെച്ചിരിക്കുന്നു. അവ വിടരുന്നതും കാത്ത് കുഞ്ഞു തേനീച്ചകൾ അവയ്ക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു. കഴിഞ്ഞ പതിനെട്ടു വർഷങ്ങൾക്ക് ഇടയ്ക്ക് തനിക്ക് ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ കാഴ്ചകൾ.
ഇതൊരു പുതിയ ജീവിതമായാണ് എനിക്ക് തോന്നിയത്. ഞാൻ തീണ്ടാരിക്കാവിന്റെ പടിക്കെട്ടുകൾ കടന്ന്, വയൽ വരമ്പ് താണ്ടി പതിയെ റോഡിലേക്കെത്തി. റോഡ് ഏറെക്കുറെ വിജനമാണ്. പാൽ വിതരണത്തിന് അതിരാവിലെ സൈക്കിളിൽ പോകുന്നവരെയും , അക്കരെ കമ്പനിയിൽ ജോലിക്ക് പോകുന്ന തൊഴിലാളികളെയും കാണാം. പതിനെട്ടു വർഷം മുൻപ് ഞാൻ കണ്ട ഗ്രാമത്തിന്റെ നിഴൽ പോലും ഇപ്പോൾ കാണാനില്ല. ഇടയക്കുന്നം ഒരു ചെറിയ ടൗൺഷിപ്പായി മാറിക്കഴിഞ്ഞിരിക്കുന്നു.
ചന്ദ്രികയുടെ വീടിന്റെ സമീപം എത്തിയപ്പോൾ ഞാനൊന്നു പാളിനോക്കി. പുറത്തേക്ക് ആരെയും കാണാനില്ല. അന്ന് വീടിന്റെ ഇഷ്ടികകൾ എല്ലാം പുറത്തു കാണുന്ന രീതിയിൽ കുമ്മായം പൂശാത്ത അവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ ആ വീടിന്റെ രൂപം മാറിയിരിക്കുന്നു. ചന്ദ്രിക ഇപ്പോൾ എവിടെ ആണെന്ന് ഒന്ന് അന്വേഷിക്കണം എന്നുണ്ട്. പക്ഷെ ആരോട് ചോദിക്കാൻ ?
പാർട്ടി സമ്മേളനമോ മറ്റോ ഉണ്ടെന്നു തോന്നുന്നു വഴി നീളെ ചെങ്കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ ഒരു സമരപ്പന്തലും ബോർഡും കണ്ടു. ഇടയക്കുന്നത്ത് പുതിയതായി തുടങ്ങാൻ പോകുന്ന കമ്പനിയിലേക്ക് തമിഴ്‌നാട്ടിൽ നിന്നും അതിഥി തൊഴിലാളികളെ കൊണ്ടുവരാതെ, തദ്ദേശീയരായ ആളുകൾക്ക് തൊഴിൽ അവസരങ്ങൾ നൽകണം എന്നതാണ് അവരുടെ ആവശ്യം. അതൊരു തരക്കേടില്ലാത്ത ആശയമായി എനിക്കും തോന്നി.
ഒരു നാട്ടിൽ ഒരു പുതിയ കമ്പനി വരുമ്പോൾ തീർച്ചയായും തദ്ദേശീയരെ പരിഗണിക്കണം. ഇതുവരെ ഞാൻ ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമായിട്ടില്ല. രാഷ്ട്രീയത്തിൽ ഇതുവരെ ഒരു താൽപ്പര്യവും തോന്നിയിട്ടും ഇല്ല. പക്ഷെ ആശയ പരമായി ചിന്തിക്കുമ്പോൾ എന്റെ ചിന്താഗതികൾക്ക് ഒരു ഇടതുപക്ഷ ചായ്‌വ് ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.
സമരപ്പന്തൽ പിന്നിട്ട ഞാൻ പണ്ട് പഠിച്ച സ്കൂളിന്റെ മുന്നിലായുള്ള ആൽമരച്ചുവട്ടിൽ കുറെ നേരം ഇരുന്നു. പണ്ട് കൂട്ടുകാർക്കൊപ്പം അവിടെ ഇരിക്കാറുള്ളത് ഞാൻ ഓർത്തു.
ഈ നാട് എനിക്കിപ്പോൾ അപരിചിതമാണ്. എനിക്കിവിടെ ശ്വാസം മുട്ടുന്നു. ഭൂതകാലത്തിന്റെ പെരുംകൈകൾ എന്റെ കഴുത്തു ഞെരിക്കുന്നു. ഈ കാലമത്രയും എങ്ങനെയെങ്കിലും കുറച്ചു പണം സമ്പാദിക്കണം എന്നത് മാത്രമായിരുന്നു എന്റെ ചിന്ത. സമ്പാദിക്കുകയും ചെയ്തു. നഗര ജീവിതം എന്നെ ആകെ മാറ്റിയിരിക്കുന്നു. അന്ന് വെളുപ്പിനെ മനയ്ക്കൽ നിന്നും നാടുവിട്ട ആ പഴയ സേതുവല്ല ഇത്. ഒരുപക്ഷെ അന്ന് സംഭവിച്ചതൊക്കെ ഇന്നായിരുന്നെങ്കിൽ എല്ലാത്തിനെയും ധീരതയോടെ ഞാൻ നേരിട്ടേനെ. എല്ലാം എന്റെ വിധിയാണ് എന്ന് ഞാൻ കരുതുന്നില്ല. നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ തന്നെയാണ് നമ്മുടെ വിധി നിർണയിക്കുന്നത്. എന്റെ തീരുമാനങ്ങൾ ആണ് തെറ്റിപ്പോയത്. കുറച്ചു പണം കയ്യിലുണ്ടെങ്കിൽ എല്ലാം പൂർണമായി എന്ന് കരുതിയ ദിനങ്ങൾ. ബന്ധങ്ങളേക്കാൾ പണത്തിനു മുൻതൂക്കം നൽകിയ മനുഷ്യർക്ക് ഇടയിൽ ജീവിച്ചതുകൊണ്ടാകാം ഞാനും അങ്ങനെ ആയിരുന്നു. അതുകൊണ്ട് എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു നല്ല സൗഹൃദം ഉണ്ടായില്ല. തിരിച്ചിവിടെ എത്തിയപ്പോൾ എനിക്ക് ഒട്ടും പൊരുത്തപ്പെടാൻ ആവാതെ ഇങ്ങനെ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതും അതുകൊണ്ടാകാം.
മനസ് എന്തിലൊക്കെയോ കൊളുത്തിവലിക്കുന്നു. ഞാൻ മനയ്ക്കലേക്കു തിരിഞ്ഞു നടന്നു. കൊത്തുകല്ലു താണ്ടി മുറ്റത്തേക്ക് കയറിയപ്പോൾ ലീല അവിടെ മുറ്റമടിക്കുന്നുണ്ടായിരുന്നു. അവളുടെ ഭർത്താവ് ഗൾഫിലാണ്. കഴിഞ്ഞ മാസം ലീവിന് വന്നു പോയതേ ഉള്ളത്രെ! ഒരു ആങ്ങള എന്ന നിലയിൽ അവളോട് ചെയ്യേണ്ട ഒരു കടമയും ഞാൻ ചെയ്തിട്ടില്ല.
അവളുടെ സ്വപ്‌നങ്ങൾ എന്താണെന്ന് അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല. എങ്കിലും അവൾ സന്തോഷവതി ആണെന്ന് എനിക്ക് തോന്നി. ചന്ദ്രികയെക്കുറിച്ച് അവളോട് ചോദിച്ചാലോ എന്ന് പലവട്ടം ഞാൻ ആലോചിച്ചു. ഇപ്പോഴും ഞാൻ ചന്ദ്രികയെ മനസ്സിലിട്ടു നടക്കുകയാണെന്ന് ലീല അറിയേണ്ട എന്ന് തോന്നി. പക്ഷെ ഞാൻ ചോദിക്കുന്നതിനു മുൻപായി ചന്ദ്രികയെക്കുറിച്ചു ലീല എന്നോട് പറഞ്ഞു.
ഞാൻ അന്ന് നാട് വിട്ടു പോയ ശേഷം ചന്ദ്രിക ലീലയെ കാണാൻ വന്നതും, അന്ന് രാത്രിയിൽ സംഭവിച്ചതൊക്കെ അവൾ ലീലയോടു പറഞ്ഞതും, അവൾ എന്നോട് പറഞ്ഞു.
“അവൾ അവൾക്കാവും വിധം പിടിച്ചു നിൽക്കാൻ നോക്കി. എത്രയായാലും അവൾ ഒരു പെണ്ണല്ലേ? എത്ര കാലമാണ് തിരിച്ചു വരുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നത് ? സേതുവേട്ടൻ എന്തിനാ ചന്ദ്രികയെ തേടി വരാഞ്ഞത്? അവൾ കാത്തിരിക്കുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചില്ലേ ? “
ലീലയുടെ ചോദ്യങ്ങൾക്കൊന്നും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.
ചന്ദ്രികയെ വിവാഹം ചെയ്തത് അക്കരെയുള്ള സ്കൂളിലെ ഒരു മാഷാണെന്നും , അവർ തമ്മിൽ വലിയ പ്രായ വ്യത്യാസം ഉണ്ടെന്നും ലീല പറഞ്ഞു ഞാൻ അറിഞ്ഞു.
"അവൾ ഏട്ടനെ ശപിച്ചിട്ടുണ്ടാകും "
ലീല അകത്തേക്ക് കയറിപ്പോയി. പുകയുന്ന മനസുമായി ഞാൻ കോലായിൽത്തന്നെ ഇരുന്നു. ഒരിക്കൽ കൂടി ചന്ദ്രികയെ ഒന്ന് കാണണം. ആ കാലിൽ വീണു മാപ്പു ചോദിക്കണം.
Opmerkingen