മഴ സംഹാരതാണ്ഡവമാടുകയാണ്. എന്റെ മനസ്സും. എങ്ങോട്ടേക്കെന്നില്ലാതെയുള്ള യാത്ര. അന്നത്തെ രാത്രി ഞാൻ യാത്ര തിരിക്കുമ്പോൾ, അത് ഇത്രയും വലിയ ഒരു യാത്ര ആകുമെന്നോ തന്റെ ജീവിതത്തെ ഇത്രയധികം മാറ്റിമറിക്കുമെന്നോ ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. കൈ കാണിച്ചപ്പോൾ നിർത്തിയ ഏതോ ഒരു തമിഴന്റെ ലോറിയിലാണ് ആദ്യമായി കയറിയത്. അന്നത്തെ പെരുമഴയിൽ നനഞ്ഞു കുളിച്ച എനിക്ക് തല തുവർത്താൻ ഒരു തോർത്ത് തന്നതും ഇടയ്ക്കു ലോറിത്താവളത്തിൽ നിന്നും ഭക്ഷണം വാങ്ങിത്തന്നതും നല്ലവനായ ആ തമിഴൻ ആയിരുന്നു. പാലക്കാട് വരെ ആ ലോറിയിൽ ആണ് സഞ്ചരിച്ചത്. പിന്നെ കുറെ നടന്നു. ഇടയ്ക്ക് ഒരു കടത്തിണ്ണയിൽ കിടന്നുറങ്ങി.
പിന്നീട് എന്റെ യാത്ര ഒരു പഞ്ചാബിയുടെ ലോറിയിൽ ആയിരുന്നു. കപ്പടാ മീശയും താടിയുമൊക്കെയുള്ള ഒരു പഞ്ചാബി. ഹിന്ദി അറിയാത്തതുകൊണ്ട് അയാൾ പറഞ്ഞതും ചോദിച്ചതും ഒന്നും തനിക്ക് മനസിലായില്ല. കോയമ്പത്തൂർ ലോറിത്താവളം വരെ അയാൾക്കൊപ്പം സഞ്ചരിച്ചു. കയ്യിൽ ആകെ ഉണ്ടായിരുന്നത് ചന്ദ്രികയ്ക്ക് ജന്മ ദിന സമ്മാനം നൽകാനായി ഞാൻ കഴിഞ്ഞ ഒരു വർഷമായി കൂട്ടിവെച്ച കുറച്ചു പണം ആണ്. ആനവാലിൽ സ്വർണം കെട്ടിച്ച ഒരു മോതിരം എന്നത് അവരുടെ വലിയൊരു സ്വപ്നം ആയിരുന്നു. ലോറിത്താവളത്തിനു പുറത്തേക്ക് നടന്നപ്പോൾ എന്റെ മനസ് വല്ലാതെ വിതുമ്പി. കണ്ണുകൾ നിറഞ്ഞു. ഇല്ല. ഒന്നിനും തന്നെ തകർക്കാനോ തളർത്താനോ കഴിയില്ല. എനിക്ക് ജീവിക്കണം. എനിക്ക് തീരെ മനസിലാവാത്ത ഒരു ഞാൻ ആയിരുന്നു അത്.
ഒരു ജോലി സമ്പാദിക്കണം. അതിനായി ഞാൻ ഒരുപാട് വാതിലുകളിൽ മുട്ടി. ഒരുപാട് അലഞ്ഞു. ഒടുവിൽ ഓട്ടുപാത്രങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയിൽ കാവൽക്കാരനായി എനിക്ക് ഒരു ജോലികിട്ടി. മിക്ക രാത്രികളിലും എനിക്ക് ജോലി ഉണ്ടാകും. പകലും രാത്രിയും ശരീരത്തെയും മനസിനെയും അവഗണിച്ച് ഞാൻ ജോലി ചെയ്തു. എങ്ങനെയും കുറച്ചു കാശു സമ്പാദിക്കണം എന്നത് മാത്രമായിരുന്നു മനസ്സിൽ. പതിയെ പതിയെ ഇടയക്കുന്നവും , തീണ്ടാരിക്കാവും , ചന്ദ്രികയും എല്ലാം ഞാൻ മറന്നു. അല്ല മറന്നെന്നു ഞാൻ സ്വയം വിശ്വസിപ്പിച്ചു. എങ്കിലും ഇടയ്ക്കിടക്ക് ഞാൻ ആ ശബ്ദം കേൾക്കാറുണ്ടായിരുന്നു.
" ഏട്ടാ .. എന്നെ വിട്ടു പോകുമോ ?"
റയിൽവെ കോളനിയുടെ പുറത്തായി നഗരത്തിന്റെ ഉന്തിയ ഒരു കൊന്ത്രൻ പല്ലുപോലെ തള്ളി നിൽക്കുന്ന ഒരു കെട്ടിടത്തിലായിരുന്നു അന്നത്തെ എന്റെ താമസം. റയിൽവെ സ്റ്റേഷനിലെ ജീവനക്കാർ കുടുംബമായി താമസിച്ചിരുന്നത് ആ കോളനിയുടെ ഉള്ളിൽ ആയിരുന്നു. കോളനിയോട് ചേർന്ന് ഒരു വലിയ മൈതാനം ഉണ്ടായിരുന്നു. ഞായറാഴ്ച്ചകളുടെ വിരസത മാറ്റുവാൻ അവിടെ തമിഴ് പിള്ളേർക്കൊപ്പം മിക്കവാറും ഞാൻ ക്രിക്കറ്റ് കളിക്കാൻ പോകുമായിരുന്നു. ആറടിയോളം ഉയരമുണ്ടായിരുന്ന എനിക്ക് ഒരു ഫാസ്റ്റ് ബൗളർ ആകുവാൻ വേഗം തന്നെ സാധിച്ചു. അന്നൊക്കെ ക്രിക്കറ്റ് എവിടെ കണ്ടാലും അവിടെ നിൽക്കും. അതൊരു വികാരം തന്നെ ആയിരുന്നു.
ആ ഗ്രൗണ്ടിൽവെച്ചാണ് ഞാൻ ഗൗരിയെ ആദ്യമായി കണ്ടത്. വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി. അവൾ ആ മൈതാനത്ത് അവളുടെ അനുജന്റെ ഒപ്പം സൈക്കിൾ ചവിട്ടാൻ പഠിക്കുകയായിരുന്നു. ദാവണിയുടുത്ത് , തലയിൽ ജമന്തിപ്പൂവൊക്കെ വെച്ച് ഒരു നല്ല തമിഴ് പെൺകുട്ടി എന്നാണ് അവളെ ആദ്യം ഞാൻ മനസിലാക്കിയത്. സൈക്കിൾ അവൾക്ക് വഴങ്ങി തുടങ്ങിയിരുന്നില്ല. ഞാൻ നോക്കി നിൽക്കെ തന്നെ അവളുടെ ബാലൻസ് തെറ്റി സൈക്കിളും അവളും ഒന്നിച്ചു താഴെ വീണു. പെട്ടന്ന് ഞാൻ ഓടിച്ചെന്ന് അവളുടെ കൈ പിടിച്ചുയർത്തി. കൈ മുട്ടിലെ കുറച്ചു തൊലി പോയതല്ലാതെ വേറെ ഒന്നും പറ്റിയിരുന്നില്ല. എനിക്ക് അറിയാവുന്ന മുറിത്തമിഴിൽ അവൾക്ക് എതെകിലും കുഴപ്പം പറ്റിയോ എന്ന് ചോദിച്ചു. ഒരു വലിയ പൊട്ടിച്ചിരിയായിരുന്നു അതിന് എനിക്ക് ലഭിച്ച മറുപടി. എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ട് പച്ചമലയാളത്തിൽ,
"മലയാളിയാണല്ലേ ?"
എന്നൊരു ചോദ്യം .
ഞാൻ ചൂളിപ്പോയി. മലായാളി ആണെന്നറിയാതെ പൊട്ടത്തമിഴിൽ ഞാൻ എന്താണാവോ ചോദിച്ചത്! അങ്ങനെ ആ പരിചയം സൗഹൃദത്തിലേക്കെത്തി. അവൾ തൊട്ടടുത്തുതന്നെയുള്ള കെ വി ആർ കോളജിൽ ബി എ മലയാളത്തിന് ചേർന്നിരിക്കയാണ്. അവളുടെ അച്ഛൻ കോയമ്പത്തൂർ റയിൽവെ സ്റ്റേഷനിലെ ഒരു കരാർ ജീവനക്കാരൻ ആണ്. അവർ ഇവിടേക്ക് വന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളു എന്നും സ്വദേശം തിരുവനന്തപുരം ആണെന്നും അവൾ പിന്നീട് പറഞ്ഞു. അപ്പോഴേക്കും ഞാൻ കോയമ്പത്തൂർ എത്തിയിട്ട് ആറുമാസങ്ങൾ കഴിഞ്ഞിരുന്നു.
നമ്മുടെ മനസ് കൈ വിട്ടു നിൽക്കുമ്പോൾ നമ്മൾ പറയുന്നത് കേൾക്കാനും ആശ്വസിപ്പിക്കാനും ഒരാൾ ഉണ്ടാക്കുന്നതിലും ആനന്ദം പകരുന്ന മറ്റെന്തുണ്ട്. ഗൗരി എന്റെ മനസിന് വലിയൊരു ആശ്വാസം തന്നെയായിരുന്നു. എന്റെ മനസ് കൈ വിട്ടു പോയ പല അവസരങ്ങളിലും അവൾ എന്നെ കേട്ടു. എല്ലാം ശരിയാകും എന്ന് ആശ്വസിപ്പിച്ചു. ഞാൻ എന്റെ ജീവിതത്തിൽ നടന്നതെല്ലാം അവളോട് തുറന്നു പറഞ്ഞു. ചന്ദ്രികയെക്കുറിച്ചു ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തുണ്ടായ ഭാവ വ്യത്യാസം എനിക്ക് മനസിലായി. അത് ഞാൻ ശ്രദ്ധിച്ചെന്നു മനസിലായപ്പോൾ അവൾ വിഷയം മാറ്റി.
അന്നത്തെ രാത്രിയിലും ഞാൻ തീണ്ടാരിക്കാവിലെ അപ്പൂപ്പൻ താടികൾക്കു നടുവിൽ ആയിരുന്നു. അവിടെ ഞാൻ ചന്ദ്രികയുടെ വളകിലുക്കവും, ഇടങ്കുന്നപ്പുഴയിൽ നിന്നുള്ള തണുത്ത കാറ്റും, പവിഴമല്ലിപ്പൂവിന്റെ ഗന്ധവും അനുഭവിച്ചു.
ഗൗരിയുടെ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു. മലയാള കവിതകൾ പാടുന്നതിൽ അവൾക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു. കുഞ്ഞിമാമനൊപ്പം ഗ്രാമസേവിനി ഗ്രന്ഥ ശാലയിൽ ഞാനും സ്ഥിരമായി പോകുമായിരുന്നു. അതുകൊണ്ടുതന്നെ അക്ഷരങ്ങളോട് എനിക്ക് പ്രണയം ആയിരുന്നു. ഞാൻ കൗതുകത്തോടെ ഗൗരി കവിത ചെല്ലുന്നത് കേട്ടിരുന്നിട്ടുണ്ട് . ഒരു കവിതയ്ക്ക് അതിന്റെ ആത്മാവ് സ്വായത്തമാകുന്നത്, അത് ശബ്ദസ്ഫുടതയോടെ ചൊല്ലിക്കേൾക്കുമ്പോളാണെന്ന് ഗൗരിയുടെ ആലാപനം കേൾക്കുമ്പോളൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്.
അന്ന് പതിവിലും പ്രസന്നതയോടെയാണ് ഗൗരി എന്റെ അടുത്തെത്തിയത്. അവളുടെ കയ്യിൽ ഒരു ചെറിയ ഡയറി ഉണ്ടായിരുന്നു. അതെന്റെ കയ്യിൽ തന്നിട്ട് അവളുടെ തലയിൽ എന്റെ കൈ ചേർത്ത് വെച്ച് എന്നെക്കൊണ്ട് അവൾ ഒരു സത്യം ചെയ്യിച്ചു. അവൾ പറയുമ്പോഴല്ലാതെ ഞാൻ ആ ഡയറി തുറന്നു വായിക്കാൻ പാടില്ല. അതായിരുന്നു അവളുടെ ഉടമ്പടി. എന്താണ് ആ ഡയറിയിൽ എഴുതിയിരിക്കുന്നത് എന്നറിയാൻ എനിക്ക് നല്ല ആകാംഷ ഉണ്ടായിരുന്നെങ്കിലും അവൾക്കു കൊടുത്ത വാക്കിനെ മാനിച്ച്, ഞാൻ ആ സാഹസത്തിനു മുതിർന്നില്ല.
ഞാൻ എന്നോട് പലവട്ടം ചോദിച്ചിട്ടുണ്ട് , ഗൗരി എനിക്ക് ആരാണെന്ന്. എനിക്ക് ഗൗരിയോടുള്ളത് പ്രണയമാണോ സൗഹൃദമാണോ എന്നൊന്നും തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥ. സൗഹൃദത്തിന് അപ്പുറത്തേക്കുള്ള ഏതോ ഒരു തലത്തിലേക്ക് അത് വളർന്നുകൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം എനിക്ക് അംഗീകരിക്കാതെ വയ്യ. ഗൗരിയുടെ കണ്ണുകളിൽ പലപ്പോഴും പ്രണയത്തിന്റെ തീഷ്ണത ഞാൻ കണ്ടിട്ടുണ്ടെങ്കിലും അവൾ അതെന്നോട് പ്രകടിപ്പിക്കാതെയിരിക്കാൻ ഞാനായിട്ട് തന്നെ പലപ്പോഴും ഒഴിഞ്ഞുമാറി.
ഒരിക്കൽ അവൾ എന്നോട് ചോദിച്ചു ,
എനിക്ക് ചന്ദ്രികയോട് എത്ര മാത്രം ഇഷ്ടം ഉണ്ടെന്ന് ? ഇപ്പോഴും ചന്ദ്രികയെ സ്നേഹിക്കുന്നുണ്ടോ എന്ന് ?
അവൾക്കറിയില്ലല്ലോ മറന്നെന്നു ഞാൻ എത്ര ഭാവിച്ചാലും മനസിന്റെ ഏതോ ഒരു കോണിൽ അവൾ ഇപ്പോഴും ഉണ്ടെന്ന് .
പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് മനയ്ക്കലെ സേതു എത്ര ഭീരു ആയിരുന്നെന്ന്. അല്ലങ്കിൽ സ്വന്തം ജീവനേക്കാൾ സ്നേഹിച്ച ചന്ദ്രികയെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് താൻ ഇത്ര ദൂരം വരുമോ? തനിക്ക് ആരെയും അഭിമുഖീകരിക്കാൻ വയ്യ. നാട്ടിലേക്ക് തിരിച്ചു പോയാലോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷെ അപ്പോളൊക്കെ, കള്ളൻ കള്ളൻ എന്നാരോ തന്റെ ചെവിക്കുള്ളിലിരുന്ന് വിളിച്ചു കൂവുന്നു. തലയ്ക്കുള്ളിൽ പന്തങ്ങൾ കത്തുന്നു. തീണ്ടാരിക്കാവിലെ ചിത്ര ശിലകൾ പിളരുന്നു .
ഗൗരി ഇപ്പോൾ തന്നോട് ഏറെ അടുപ്പം കാണിക്കുന്നുണ്ട്. അത് ശരിക്കും എന്നെ നല്ലപോലെ ഭയപ്പെടുത്തുന്നതും ഉണ്ട്. ഒരു പ്രണയത്തിന്റെ മുറിവ് മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. പക്ഷെ തന്റെ മനസ്സിൽ നിന്നും ചന്ദ്രികയെ മായിച്ചു കളയാനായിരുന്നു ഗൗരി ശ്രമിച്ചത്. എനിക്ക് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ മാത്രം പറയാനും പ്രവർത്തിക്കാനുമാണ് അവൾ എപ്പോഴും ശ്രദ്ധിച്ചത്.
എനിക്ക് വേണ്ടി ഓരോ ദിവസവും ഓരോന്ന് പാചകം ചെയ്തു കൊണ്ട് വരാൻ തുടങ്ങി. അവളുടെ കവിതകൾ പോലെ തന്നെ എനിക്കായി കൊണ്ടുവന്ന ഭക്ഷണവും എന്റെ മനസിനെ കീഴടക്കി. അവൾ എനിക്കായി കവിതകൾ എഴുതുവാൻ തുടങ്ങി.
ആ കൊല്ലത്തെ കോളജ് മാഗസിനിൽ അവളുടെ കവിത അച്ചടിച്ച് വന്നു.
" ആഴങ്ങളിൽ വേരിറങ്ങുമാ നോവിന്റെ
പേരല്ലയോ നീയിതെന്നോർമ്മയിൽ
ചാരത്തു ചേർന്ന് നീ എൻ നെഞ്ചി -
ലൂളിയിട്ടോരോ വസന്തവും മായുമ്പോഴും "
ആ വരികളിൽ ഞാൻ തിരിച്ചറിഞ്ഞിട്ടില്ലന്ന് അവൾ കരുതിയ അവളുടെ പ്രണയത്തിന്റെ മുഴുവൻ വേദനയും ഉള്ളതായി ഞാൻ അറിഞ്ഞു. ആ വരികൾ വായിച്ചപ്പോൾ, ആ മനസ്സിൽ ഞാൻ എത്രത്തോളം പ്രിയപ്പെട്ടതാണെന്നറിഞ്ഞപ്പോൾ ഗൗരിയെ തന്നോട് ചേർത്ത് പിടിക്കാനാണ് തോന്നിയത്. പകരം, ഞാൻ ആ നെറുകയിൽ പതിയെ ചുംബിച്ചു. ആ കണ്ണുകളിൽ നോക്കി ഞാൻ അവളോട് പറഞ്ഞു, നമ്മൾ എന്താണെന്ന് നമുക്ക് നല്ലതുപോലെ അറിയാം. നമ്മുടെ സൗഹൃദത്തിൽ പ്രണയത്തിന്റെ നിറം നമുക്ക് ചാലിക്കണ്ട. നമുക്ക് നമ്മളായിത്തന്നെ മുന്നോട്ട് പോകാം .
പിന്നീടുള്ള കുറേ ദിവസങ്ങളിൽ ഞാൻ ഗൗരിയെ കണ്ടില്ല. എന്നും കണ്ടുകൊണ്ടിരുന്ന ആളെ കാണാതായപ്പോൾ എന്തോ മനസിന് വല്ലാത്തൊരു അസ്വസ്ഥത. അന്ന് വൈകുന്നേരം അവളെന്നെ കാണാനെത്തി. കുറെ നേരം അവൾ എന്നെ നോക്കി നിന്നു. ദൂരെ പഞ്ചാബികളുടെ പ്രാർത്ഥനാമന്ദിരത്തിൽ നിന്നുള്ള കീർത്തനം ഞങ്ങൾക്കിടയിലേക്ക് ഒഴുകിയെത്തി. അവൾ എന്നോട് പറഞ്ഞു,
" ഞങ്ങൾ നാളെ ഇവിടെ നിന്നും പോവുകയാണ് . അച്ഛന് അടുത്ത മാസം മുതൽ മുംബൈയിലാണ് ജോലി. "
അവിടേക്ക് അവർ നാളെത്തന്നെ തിരിക്കുകയാണ്. എന്നോട് യാത്ര പറയാനാണ് അവൾ വന്നിരിക്കുന്നത്.
എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. എനിക്ക് പറയാനുള്ളത് എന്തൊക്കെയോ എന്റെ കണ്ഠത്തിൽ കുരുങ്ങിക്കിടന്നു.
പടികൾ ഇറങ്ങി താഴേക്ക് പോകുമ്പോൾ അവൾ എന്നോടായി പറഞ്ഞു,
"മറക്കാൻ കഴിയുമോ എന്നൊന്നും അറിയില്ല . പക്ഷെ ഞാൻ മറക്കാൻ ശ്രമിക്കും .. മാഷെ , ഇനി ആ ഡയറി തുറന്നു നോക്കാൻ ഒന്നും നിക്കേണ്ടാട്ടോ .. ഇനി ഞാൻ സേതുവേട്ടന്റെ മുന്നിലേക്ക് വരില്ലാ ..."
അതും പറഞ്ഞ് തിരിഞ്ഞു നോക്കാതെ അവൾ നടന്നു മറഞ്ഞു. ആ നിറഞ്ഞ കണ്ണുകൾ ഞാൻ കാണാതിരിക്കാനാവും അവൾ അങ്ങനെ ചെയ്തത്. അന്ന് ആദ്യമായി അവൾ എന്നെ ഏൽപ്പിച്ച ഡയറി ഞാൻ തുറന്നു നോക്കി . അതിൽ ഇപ്രകാരം കുറിച്ചിരുന്നു .
" ഇനിയുള്ള വസന്തങ്ങൾ നമ്മുടേതാണ് ...
നിന്റെ ചില്ലകളിൽ എനിക്ക് കൂടു കൂട്ടണം ...
നിന്റെ പ്രണയത്തിൽ എനിക്ക് നനയണം...
എനിക്ക് എന്നെത്തന്നെ മറക്കണം ..."
Comments