നീണ്ട പതിനെട്ടു വർഷങ്ങൾക്കു ശേഷം ഇത് ആദ്യമായിട്ടാണ് ഞാൻ ഇടയക്കുന്നിലേക്ക് എത്തുന്നത്. മനസ് മടുത്തിട്ടാണ് ഞാൻ ഈ ഗ്രാമം വിട്ടത്. എങ്കിലും എന്റെ മനസിനെ കൊളുത്തി വലിക്കുന്ന ചിലതൊക്കെ ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നു. ഇടയക്കുന്നിന്റെ മുഖം ആകെ മാറിയിരിക്കുന്നു. പഴയ മരപ്പാലത്തിനു പകരം തലയുയർത്തി നിൽക്കുന്ന വലിയ കരിങ്കൽ പാലം തന്നെയാണ് പുരോഗമനത്തിന്റെ സ്തംഭമെന്നോണം മുന്നിൽ നിൽക്കുന്നത്.
പഴയ സ്കൂൾ കെട്ടിടമൊക്കെ പൊളിച്ചു പുതിയ കെട്ടിടം പണിതിരിക്കുന്നു. പഴയതുപോലെ ഇപ്പോൾ ജനാല വഴി കുട്ടികൾക്ക് സഞ്ചരിക്കുവാൻ കഴിയുകയില്ല. ജനലുകളൊക്കെ നല്ല കരുത്തുള്ള ഇരുമ്പു കമ്പികളാൽ ബലപ്പെടുത്തിയിരിക്കുന്നു.
നിരത്തിലൂടെ ഞാൻ മുന്നോട്ടു നടന്നു . ആരും എന്നെ തിരിച്ചറിയുന്നില്ല. എനിക്കെതിരെ നടന്നു വരുന്ന പുതിയ തലമുറയിലെ ആരെയും എനിക്ക് മനസിലാകുന്നില്ല. നടന്നു നടന്നു ഞാൻ പണ്ട് ഗോപാലപിള്ളച്ചേട്ടന്റെ ചായക്കട ഉണ്ടായിരുന്ന സ്ഥലത്തു എത്തി. ആ പഴയ ദൈവസഹായം ടീ സ്റ്റാളിന്റെ ഒരടയാളവും അവിടെ കാണാനില്ല. അതിനു പകരം ഒരു മൂന്നുനിലക്കെട്ടിടം അവിടെയായി തലയുയർത്തി നിൽക്കുന്നു. ദൈവസഹായം ലോഡ്ജ്. മുറികൾ വാടകയ്ക്ക് എന്ന ബോർഡ് ദൂരെ നിന്ന് തന്നെ കാണാൻ പറ്റുന്ന വിധത്തിൽ വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ലോഡ്ജിന്റെ റിസപ്‌ഷനിൽ സുന്ദരിയായ ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്. അവളുടെ തലയ്ക്കു മുകളിലായി ഭിത്തിയിൽ പൂമാല ചാർത്തിയ ആ തിളങ്ങുന്ന തല. അതേ, പരദൂഷണം ഗോപാലപിള്ളച്ചേട്ടനും തീണ്ടാരിക്കാവിലെ ഒരു അപ്പൂപ്പൻ താടിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഈ കഴിഞ്ഞ പതിനെട്ടു വർഷക്കാലത്തിനിടയ്ക്ക് എന്തൊക്കെ മാറ്റങ്ങളാണ് ഈ ഗ്രാമത്തിനും എനിക്കും ഉണ്ടായിരിക്കുന്നത്. എനിക്ക് അത്ഭുതം തോന്നി. എനിക്ക് പതിനെട്ടു വയസ് പ്രായം ഉള്ളപ്പോഴാണ് ഞാൻ ഈ നാട് വിട്ടു പോയത്. പോകേണ്ടി വന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി. നിരപരാധിയായ എന്നെ കള്ളൻ എന്ന് നാടടക്കം മുദ്രകുത്തിയപ്പോൾ ഈ ജീവിതം തന്നെ സ്വയം അവസാനിപ്പിച്ചു കളയാൻ തോന്നിയില്ല. തനിക്കു ജീവിക്കണമായിരുന്നു. സത്യം ബോധിപ്പിക്കാൻ ഒരു അവസരം തനിക്ക് ആരും തന്നില്ല. വിധി തനിക്ക് എതിരായിരുന്നു. തെളിവുകളും.
കള്ളൻ എന്ന പേര് ചാർത്തപ്പെട്ട തനിക്ക് ആ ഗ്രാമത്തിൽ കഴിയാൻ പറ്റുമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് നാട് വിട്ടത്. അന്നത്തെ ആ മാനസിക അവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ എനിക്ക് ഒരുപാട് ദിവസങ്ങൾ വേണ്ടി വന്നു. താൻ കള്ളൻ അല്ലെന്നു എല്ലാവരും തിരിച്ചറിയുന്ന ഒരു ദിവസം വരുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്നിട്ടും ഇവിടേക്ക് മടങ്ങി വരാൻ തോന്നിയില്ല. ഒരിക്കൽ തന്നെ തള്ളിപ്പറഞ്ഞവരുടെ മുന്നിലേക്ക് വന്നു നിൽക്കാൻ തന്റെ അഭിമാന ചിന്ത അനുവദിച്ചില്ല എന്ന് പറയുന്നതാവും കൂടുതൽ സത്യം. ആ ഞാനാണ് ഇപ്പോൾ നീണ്ട പതിനെട്ടു വർഷത്തെ വനവാസത്തിനു ശേഷം തിരിച്ചെത്തിയിരിക്കുന്നത്.
പുണർതം, അതാണ് എന്റെ ജന്മ നക്ഷത്രം. അമ്മിണിയമ്മ പറയുമായിരുന്നു ഭഗവാൻ ശ്രീരാമ ചന്ദ്രന്റെ നക്ഷത്രമാണത്രേ എന്റേത്. ഉത്തമ പുരുഷൻ എന്നൊക്കെ അറിയപ്പെടുമെങ്കിലും വനവാസവും ജീവനാശവുമാണ് ശ്രീരാമന് ലഭിച്ചത്. സ്വന്തം കുടുംബവും രാജ്യവും എല്ലാം ത്യജിക്കേണ്ടതായി വന്നു. ഒരുതരത്തിൽ, ആ പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. ദൈവമല്ല ശാസ്ത്രമാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നത് എന്ന ചിന്തയാണ് എന്റെ സിരകളിൽ ഓടിയിരുന്നത്. തികച്ചും ദൈവീകമായ ഒരു ചുറ്റുപാടിൽ ആചാര അനുഷ്ഠാനങ്ങളുടെ മധ്യത്തിൽ വളർന്ന ഞാൻ ഈ പതിനെട്ടു വർഷങ്ങൾ കൊണ്ട് അത്രയ്ക്കും മാറിപ്പോയിരുന്നു. രൂപത്തിൽ മാത്രമല്ല ഭാവത്തിലും മാനസിക നിലയിലും ആ മാറ്റം പ്രകടമായിരുന്നു.
ആകാശത്ത് വിചിത്ര രൂപങ്ങൾ സൃഷ്ടിച്ചുകൊണ്ട് സഞ്ചാരിക്കൊക്കുകളുടെ ഒരു നീണ്ട നിര സഞ്ചരിക്കുന്നുണ്ടായിരുന്നു. ഞാൻ മുന്നോട്ടു തന്നെ നടന്നു. എത്രയോ പ്രാവശ്യം നടന്ന നിരത്തുകളാണ്. പൂഴി മണ്ണിനു പകരം നല്ല തിളങ്ങുന്ന കറുത്ത നിറത്തിലുള്ള ടാർ പൂശിയ റോഡ് നീണ്ടു കിടക്കുന്നു.
തീണ്ടാരിക്കാവിലേക്ക് തിരിയുന്ന വഴിയുടെ ഓരത്ത് ഒരു ദുഃഖ സ്മരണപോലെ സുരേഷിന്റെ വീട്. അവിടെ ആരും താമസമില്ലാതെ ഒരു പ്രേത ഭവനം പോലെ മുറ്റമെല്ലാം കാട് പിടിച്ചു കിടക്കുന്നു. അവന്റെ അച്ഛനെ ജയിലിൽ വെച്ചുണ്ടായ ഒരു ആക്രമണത്തിൽ കൊലപ്പെടുത്തുകയാണുണ്ടായത്. ആ വാർത്ത കുറെ വർഷങ്ങൾക്കു മുൻപ് ഒരു പത്രത്തിൽ ഞാൻ വായിച്ചിരുന്നു.
കാലം എത്ര വേഗമാണ് കടന്നു പോകുന്നത്, ജീവിത യവനികയിൽ പല വേഷങ്ങൾ ആടി തിമിർത്തവർ കാല യവനികയ്ക്കുള്ളിലേക്ക് മാഞ്ഞു പോകുന്നു. ഇനിയുമെത്രയെത്രയോ വേഷങ്ങൾ പകർന്നാടാൻ ബാക്കിയുണ്ടെന്നറിയാതെ ഓരോ ജന്മങ്ങളും ഇങ്ങനെ. തീണ്ടാരിക്കാവിലേക്കുള്ള വഴിക്കൊന്നും ഒരു മാറ്റവും ഇല്ല. നാടിനുണ്ടായ മാറ്റങ്ങൾ ഒന്നും തീണ്ടാരിക്കാവ് അറിഞ്ഞിട്ടില്ലെന്നു തോന്നി.
അമ്മിണിയമ്മയുടെ മരണ ശേഷം തീണ്ടാരിക്കാവിൽ രണ്ടു തവണ കൂടിയേ തിറ നടന്നിട്ടുള്ളൂ. ദേവി കുടുംബ സ്വത്തല്ല അത് നാടിന്റെ സ്വത്താണെന്നും, അവിടത്തെ കാവ് വെട്ടിത്തെളിച്ച് ഒരു ക്ഷേത്രം പണിയണം എന്നും ആഹ്വാനം ചെയ്തുകൊണ്ട് , കുറേ പുരോഗമന വാദികൾ സംഘടിക്കുകയുണ്ടായി. മനയ്ക്കൽ തറവാടിന്റെ ഭാഗമായിരുന്ന തീണ്ടാരിക്കാവ് ആ പുരോഗമന ചിന്താ ഭാരത്താൽ ആളൊഴിഞ്ഞു കിടന്നു. ആളനക്കം ഇല്ലാതായപ്പോൾ തീണ്ടാരിക്കാവ് കുറച്ചുകൂടി രൗദ്രഭാവം കൈക്കൊണ്ടു .
കൊത്തുകല്ലിന്റെ പടി കടന്നു മുന്നോട്ടു കയറിയപ്പോൾ അമ്മിണിയമ്മയുടെ താംബൂലത്തിന്റെ ഗന്ധം തനിക്ക് അനുഭവപ്പെട്ടു. തീണ്ടാരിക്കാവിനുള്ളിൽ അപ്പൂപ്പൻ താടികൾ കൊഴിയുന്നത് കണ്ടില്ല. . പഴയ ചിത്രങ്ങൾ ഒന്നൊന്നായി ഒരു തിരശീലയിൽ എന്നപോലെ എന്റെ ഉപബോധമനസിൽ എവിടെയൊക്കെയോ മിന്നി ത്തെളിഞ്ഞുകൊണ്ടേയിരുന്നു. മുറ്റത്തുണങ്ങാനായി നിരത്തിയിട്ടിരിക്കുന്ന സ്വർണ വർണ്ണത്തിലുള്ള നെന്മണികളും, നെല്ലുകുത്തിക്കൊണ്ട് നിരന്നു നിൽക്കുന്ന പെണ്ണുങ്ങളും, എല്ലാത്തിനും മേൽനോട്ടം വഹിച്ചുകൊണ്ട് കോലായിൽ ഇരിക്കുന്ന അമ്മിണിയമ്മയും എല്ലാം ഒരു തിരശീലയിൽ എന്നപോലെ. ഇന്നിവിടം ശൂന്യമാണ്. ആ നിറഞ്ഞ മുറ്റം, ഇന്ന് ഒഴിഞ്ഞു കിടക്കുന്നു.
പൂമുഖത്ത് ഒരു നിലവിളക്ക് കൊളുത്തി വെച്ചിരിക്കുന്നു. മെലിഞ്ഞു വെളുത്ത ഒരു പെൺകുട്ടി അവിടെയിരുന്ന് സന്ധ്യാനാമം ജപിക്കുന്നു. എന്നെ മനസിലാവാഞ്ഞിട്ടാകും പെൺകുട്ടി നാമജപം നിർത്തി എഴുന്നേറ്റു. അവൾ പരിഭ്രാന്തി നിറഞ്ഞ മുഖത്തോടെ അകത്തേക്ക് പോയി. അകത്തേക്ക് പോയ പെൺകുട്ടിക്കൊപ്പം തിരികെയെത്തിയ ആളെക്കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ അനുജത്തി ലീല. അവളിന്ന് വളർന്ന് ഒരു വലിയ സ്ത്രീ ആയിരിക്കുന്നു. അവളുടെ മകൾ ആണ് ആ പെണ്കുട്ടിയെന്നു എനിക്ക് മനസിലായി. ചെറുപ്പത്തിൽ ഞാൻ കണ്ട എന്റെ അനുജത്തിയുടെ അതെ നോട്ടം, അതേ ഭാവം. എന്നെക്കണ്ട ലീലയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. പരസ്പരം എന്ത് പറയണം എന്നറിയാതെ കുറെ നേരം ഞങ്ങൾ അങ്ങനെ നിന്നു. നീണ്ട പതിനെട്ടു വർഷങ്ങൾക്കു ശേഷവും ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രക്ത ബന്ധത്തിന്റെ മാന്ത്രികത.
മനയ്ക്കൽ തറവാടിന്റെ പടികടന്ന് കമ്യൂണിസം വേരുറപ്പിച്ചതായി ചുവരിലെ കാറൽമാക്സിന്റെ ചിത്രം എനിക്ക് മനസിലാക്കിത്തന്നു. കുഞ്ഞിമാമൻ കമ്യൂണിസ്റ്റായത്രേ! എനിക്ക് അതിൽ അത്ഭുതം ഒന്നും തോന്നിയില്ല. വിപ്ലവ ചിന്തകൾ പണ്ട് മുതൽക്കേ കുഞ്ഞിമാമന്റെ സിരകളിൽ ഉണ്ടായിരുന്നു. രഹസ്യമായി പല പാർട്ടി മീറ്റിങ്ങിലും കുഞ്ഞിമാമൻ പങ്കെടുക്കുന്നത് എനിക്ക് അറിയാമായിരുന്നു. മനയ്ക്കൽ തറവാടിന് പുറത്ത് മറ്റൊരു കുഞ്ഞിമാമൻ ഉണ്ടായിരുന്നു. തറവാട്ടിലെ മറ്റുള്ളവർക്ക് അറിയാത്ത നിഷേധിയായ, വിപ്ലവകാരിയായ ഒരു കുഞ്ഞിമാമൻ. മാറ്റത്തിനായി കൊതിച്ച അനേകം ആളുകളിൽ ഒരുവൻ മാത്രമായിരുന്നു അദ്ദേഹം.
'അമ്മ കിടപ്പിലാണ്. വാതം അമ്മയെ പിടികൂടിയിരിക്കുന്നു. കാഴ്ചക്ക് ചില്ലറ തകരാറും കൂടിയായപ്പോൾ 'അമ്മ പിന്നെ മനയ്ക്കൽ തറവാട് വിട്ടു പുറത്തേക്കൊന്നും പോകാറില്ല. അന്ന് ഞാൻ നാട് വിട്ടതിൽ പിന്നെ, 'അമ്മ ആകെ തകർന്നു പോയി. ഏക പ്രതീക്ഷയായ ആൺതരി ജീവനോടെ ഉണ്ടോ എന്നുപോലും അറിയാതെ ആ പാവം ഇത്രയും നാൾ ഉരുകി ജീവിച്ചു. ആ കണ്ണീരിന്റെയൊക്കെ ശാപം എന്നെ വിടാതെ പിന്തുടരുമെന്നു ഉറപ്പാണ്. ഞാൻ പശ്ചാത്താപവിവശനായി അമ്മയുടെ കട്ടിലിന്റെ അരികിൽ നിന്നു. 'അമ്മ കയ്യുയർത്തി എന്റെ കയ്യിൽ മുറുക്കെ പിടിക്കുക മാത്രം ചെയ്തു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാമായിരുന്നു.
രാത്രി കുറേ കഴിഞ്ഞപ്പോൾ കുഞ്ഞിമാമൻ കയറി വന്നു. ഞാൻ വന്നതറിഞ്ഞ് കുഞ്ഞിമാമൻ എന്റെ അടുത്തേക്ക് വന്നു.
" ഇത്രയും കാലം നീ എവിടെ ആയിരുന്നെന്നോ , നീ എന്തായിരുന്നെന്നോ ഞാൻ ചോദിക്കുന്നില്ല. പക്ഷെ , ഇനി നിന്റെ അമ്മയുടെ കണ്ണടയും നാൾ വരെയെങ്കിലും നീ ഇവിടെത്തന്നെയുണ്ടാകണം "
അത് ഒരു അഭ്യർത്ഥന അല്ല ,ആജ്ഞയായി തന്നെ ആ ശബ്ദത്തിന്റെ ദൃഢതയിൽ നിന്നും ഞാൻ മനസിലാക്കി.
ജനാലയിലൂടെ പാടത്തിന്റെ അങ്ങേ തലയ്ക്കൽ, അമ്പിളി വെള്ളിത്താലമേന്തി വരുന്നുണ്ടായിരുന്നു. പുറത്തേക്ക് നോക്കി നിന്ന എന്റെ മനസ്സ്, എന്റെ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു.
കാതുകളിൽ കള്ളൻ കള്ളൻ എന്ന ശബ്ദം മുഴങ്ങി കേൾക്കുന്നു. തനിക്ക് ചുറ്റും ആളുകൾ കൂടുന്നു. പന്തം കൊളുത്തി പാഞ്ഞെത്തിയ അവർ എന്നെ പിടികൂടുന്നു. ഒരു ഘോഷയാത്ര പോലെ എന്നെ മനയ്ക്കൽ എത്തിക്കുന്നു. അമ്മിണിയമ്മയുടെ മുന്നിൽ വെച്ച് , കേളപ്പനാശാരിയുടെ മകൻ എന്റെ കരണത്തടിച്ചു.
"മനയ്ക്കൽ ഇല്ലാഞ്ഞിട്ടാണോടാ നീ കക്കാൻ ഇറങ്ങിയത് ? "
" പോയി ചത്തൂടെ പട്ടീ "
അയാൾ എല്ലാവരും കേൾക്കെ ഉറക്കെ പറഞ്ഞു.
ഞാൻ നിരപരാധി ആണെന്ന് കരഞ്ഞു പറഞ്ഞുനോക്കി. തീണ്ടാരിക്കാവിലെ പരദേവതകളെ ആണയിട്ട് സത്യം ചെയ്തു. ആരും വിശ്വസിച്ചില്ല. എല്ലാവർക്കും മനയ്ക്കലെ സേതുവിനെ കള്ളൻ ആക്കാനായിരുന്നു തിടുക്കം. അവിടെ എന്റെ കണ്ണിൽ നിന്നും ധാരയായി പൊഴിഞ്ഞ കണ്ണുനീരിനോ, ഇട്ട സത്യങ്ങൾക്കോ ഒരു വിലയും ഉണ്ടായിരുന്നില്ല.
അന്നത്തെ രാത്രി, മനക്കൽ തറവാട് ഒരു മരണവീടായിരുന്നു.
അമ്മിണിയമ്മപോലും എന്നെ സംശയത്തോടെയാണ് നിരീക്ഷിച്ചത്. ,
"കക്കാനല്ലെങ്കിൽ നീ ഈ അസമയത്ത് അവിടെ എന്തിനു പോയി ?"
എനിക്ക് അതിനു മറുപടി ഉണ്ടായിരുന്നില്ല. മനയ്ക്കലെ സേതുവിന് കേളപ്പൻ ആശാരിയുടെ മകൾ ചന്ദ്രികയോട് പ്രണയം ആണെന്ന് തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായില്ല.
എനിക്കും ചന്ദ്രികയ്ക്കും മാത്രമേ ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുള്ളു. പകൽ സമയത്ത് തികച്ചും രണ്ടപരിചിതരെപ്പോലെയാണ് ഞങ്ങൾ പെരുമാറിയിരുന്നത്. നിലാവുകളിൽ ആയിരുന്നു ഞങ്ങൾ പ്രണയിച്ചിരുന്നത്. ഇടങ്കുന്നപ്പുഴയുടെ തീരവും, അവിടത്തെ പവിഴമല്ലി മരത്തിന്റെ ചുവടും, തീണ്ടാരിക്കാവുമെല്ലാം ഞങ്ങളുടെ സംഗമ വേദികളായി. എന്നെ വിട്ടു പോകുമോ എന്ന അവളുടെ ശബ്ദം ഇപ്പോളും തന്റെ കാതിൽ മുഴങ്ങുന്നു. നെഞ്ചിൽ ഒരു നീറ്റലായി അവളുടെ ശബ്ദം. ഒരിക്കലും അവളെ ആർക്കും വിട്ടുകൊടുക്കില്ലന്നു പലവട്ടം എന്റെ മനസ്സിൽ ഉറപ്പിച്ചതായിരുന്നു. പക്ഷെ..!! വിധി എന്നത് പലപ്പോഴും അതിക്രൂരമായിട്ടാകും അനുഭവങ്ങൾ തരിക. ഒന്നിച്ചാൽ മനോഹരമാവുന്നതിനെയൊക്കെ ഒന്നുചേരാൻ സമ്മതിക്കാതെ അതിങ്ങനെ അകറ്റി നിർത്തിക്കൊണ്ടേയിരിക്കും.
അന്ന് അവൾക്ക് തീരെ സുഖമുണ്ടായിരുന്നില്ല. കഴിഞ്ഞ നാല് ദിവസങ്ങളായി അവൾ പനിച്ചു കിടക്കുകയായിരുന്നു. അവളെ കാണാതിരിക്കാൻ വയ്യാത്തതുകൊണ്ടാണ് അന്ന് ഞാൻ ആ സാഹസത്തിനു മുതിർന്നത്. അല്ലങ്കിലും എത്ര ഭീരുവിനെയും സാഹസികനാക്കുന്ന ഒരു മാന്ത്രികത പ്രണയത്തിനുണ്ട്.
എല്ലാവരും ഉറക്കമായപ്പോൾ ഞാൻ ആരുമറിയാതെ പതിയെ മനയ്ക്കൽ നിന്നും ഇറങ്ങി ചന്ദ്രികയുടെ വീട്ടിലേക്ക് നടന്നു. അന്ന് നല്ല നിലാവുണ്ടായിരുന്നു. നിലാവുള്ള രാത്രികളിൽ തീണ്ടാരിക്കാവിന്റെ ഉച്ചിയിൽ നിന്നും അപ്പൂപ്പൻ താടികൾ പൊഴിയുന്നത് കാണാം. പക്ഷെ അന്ന് രാത്രി ഒരു അപ്പൂപ്പൻതാടി പോലും ആ കാവിൽ പൊഴിഞ്ഞില്ല. ഞാൻ ധൈര്യം സംഭരിച്ചു മുന്നോട്ടു നടന്നു.
ചന്ദ്രികയുടെ മുറിയിൽ വെളിച്ചമുണ്ട്. ആ ജനാലയിലൂടെ ഞാൻ അകത്തേക്ക് ഒന്ന് പാളി നോക്കി. ചന്ദ്രിക കിടക്കുന്നത് എനിക്ക് കാണാമായിരുന്നു. പനി മൂർച്ഛിച്ച അവസ്ഥയിൽ ആയിരുന്നിട്ടുകൂടിയും അവൾ മനോഹരിയായിരുന്നു. ഒരു വാടിയ താമരവല്ലി പോലെ അവൾ. അവളുടെ നീണ്ട മുടിയിഴകൾ കട്ടിലിൽ നിന്നും താഴേക്ക് ഊർന്നു വീണു കിടന്നു. ഞാൻ പതിയെ അവളെ വിളിച്ചുണർത്തി. അവളുടെ കണ്ണുകളിൽ അമ്പരപ്പും ഭയവും എല്ലാം നിഴലിച്ചു.
അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് എനിക്ക് വാതിൽ തുറന്നു തന്നു. ഞാൻ അവൾക്കൊപ്പം അകത്തേക്ക് കയറി. നാല് ദിവസമായി അവളെ ഒന്ന് അടുത്ത് കിട്ടാത്തതിന്റെ ആവേശത്തിൽ ഞാൻ അവളെ വാരിപ്പുണർന്നു. പനികൊണ്ട് തീ പോലെ പൊള്ളുന്ന അവളുടെ ഉടൽ എന്റെ ദേഹത്തമർന്നു. എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലമർന്നു. അവളുടെ നിശ്വാസത്തിന്റെ ഊഷ്മളത എന്റെ വികാരങ്ങളെയുണർത്തി. പെട്ടന്നാണ് വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്. ഞങ്ങൾ രണ്ടാളും അസ്ത്രപ്രജ്ഞരായി നിന്നു പോയി.
ഇറങ്ങി ഓടാൻ പോലും പറ്റാനാവാത്ത അവസ്ഥ. അവൾ കതകു തുറന്നു. മുന്നിൽ ക്രുദ്ധ നയനങ്ങളോടെ അവളുടെ ആങ്ങള. ചന്ദ്രികയുടെ മുടിക്ക് കുത്തിപ്പിടിച്ച് അവൻ അവളെ പ്രഹരിച്ചു. അതിനു ശേഷം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഉച്ചത്തിൽ കള്ളൻ കള്ളൻ എന്ന് ആർത്തു വിളിച്ചു. കുറച്ചു ദിവസങ്ങളായി ആ പ്രദേശത്ത് ഒരു കള്ളന്റെ സാന്നിധ്യം ഉണ്ടായിരുന്നു. നാട്ടുകാർ ഓടിക്കൂടി. അങ്ങനെ മനയ്ക്കലെ സേതു ഒരു കള്ളനായി. ചന്ദ്രികയ്ക്കും മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല. നിറഞ്ഞ കണ്ണുകളോടെ , നിസ്സഹായതയോടെ അവൾ എന്നെ നോക്കി നിന്നു. അവളെ എല്ലാവരുടെയും മുന്നിൽ ഒരു മോശക്കാരിയാക്കാൻ എനിക്കും കഴിഞ്ഞില്ല.
അന്ന് വെളുപ്പിനെ തന്നെ ഞാൻ ഇടയക്കുന്നിനോട് വിട പറഞ്ഞു. ചന്ദ്രികയുടെ നിറഞ്ഞ മിഴികളും ,എന്നെ വിട്ടു പോകുമോ എന്ന ശബ്ദവും തന്നെ പിന്നിലേക്ക് വലിച്ചെങ്കിലും , എല്ലാവരുടെയും മുന്നിൽ കള്ളൻ എന്ന ഒരു വിളിപ്പേരോടെ ആ ഗ്രാമത്തിൽ തുടരാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്റെ കാലുകൾ എന്നെ എവിടേക്കോ കൊണ്ട് പോവുകയായിരുന്നു എന്ന് വേണം പറയാൻ. ശരീരവും മനസും വേർപെട്ട ഒരുതരമവസ്ഥ. ആ തടിപ്പാലത്തിന്റെ അക്കരെ എത്തിയപ്പോൾ അന്ന് ഞാൻ അവസാനമായി ഇടയക്കുന്നത്തേക്ക് നോക്കിയത് ഇപ്പോളും ഞാൻ ഓർമ്മിക്കുന്നുണ്ട്. അന്ന് ദൂരെ വായനശാലയ്ക്ക് മുന്നിലുണ്ടായിരുന്ന വിളക്കുമരം എല്ലാത്തിനും മൂക സാക്ഷിയായി നിന്ന് കത്തി.
Comments