ഇടയക്കുന്നിൽ എന്റെ സ്കൂളിനടുത്തായി ഒരു ചെറിയ മാടക്കട ഉണ്ടായിരുന്നു. ഓല മേഞ്ഞ, തടി കൊണ്ടുള്ള വശങ്ങളുള്ള ഒരു ചെറിയ മാടക്കട. അതിൽ പല നിറത്തിലും തരത്തിലുമുള്ള മിഠായികൾ നല്ല വലിപ്പമുള്ള ചില്ലു കുപ്പിയിലാക്കി നിരത്തി വെച്ചിട്ടുണ്ട്.
ഉണ്ടക്കണ്ണും നരച്ച മീശയുമുള്ള സുധാകരൻ എന്നയാളാണ് ആ മാടക്കട നടത്തിയിരുന്നത്. അയാൾ ചിരിക്കുന്നത് ഒരിക്കലും ഞാൻ ഇതുവരെ കണ്ടിട്ടേയില്ല. ഇപ്പോഴും ഒരുതരം ഗൗരവം. അയാൾ എന്തിനാണ് എപ്പോഴും ഇങ്ങനെ ഗൗരവത്തോടെ ഇരിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഞങ്ങൾ കുട്ടികളുടെ ഇടയിൽ അയാൾക്ക് ഒരു വിളിപ്പേരുണ്ടായിരുന്നു. "മീശ" . മാടക്കടയുടെ മുന്നിലെത്തുമ്പോൾ ചില വഷളൻ പിള്ളേർ മീശേ കൂയ് എന്ന് കൂകി വിളിച്ചിട്ട് ഓടിക്കളയും.
“നിന്റെയൊക്കെ അപ്പനെ പോയി വിളിക്കെടാ പന്നികളേ”
എന്നാക്രോശിച്ചുകൊണ്ട് ക്ഷുഭിതനായ മീശ കടയ്ക്കു പുറത്തേക്ക് പാഞ്ഞു വരും. ദേഷ്യത്താൽ അപ്പോൾ ആ ഉണ്ടക്കണ്ണുകൾ ഒന്നുകൂടി ചോരച്ചുവപ്പാകും, ആ കൊമ്പൻ മീശ വിറയ്ക്കും. ആ പോക്കിരിപ്പിള്ളേർ കാറ്റുപോലെ പാഞ്ഞു പൊയ്ക്കളയും.
“നിന്നെയൊക്കെ ഒരു ദിവസം എന്റെ കയ്യിൽ കിട്ടും.”
അയാൾ തന്റെ രോഷം മുഴുവൻ തന്റെ ഇടത്തേ കാലിന്റെ പെരുവിരലിൽ ആവാഹിച്ച് തറയിൽ അമർത്തിച്ചവിട്ടും.
മാടക്കട മാത്രമായിരുന്നില്ല, ആ നാട്ടിലെ പ്രധാന വൈദ്യശാലയും അത് തന്നെ ആയിരുന്നു. ആ മീശക്കടയ്ക്കു മുന്നിലൂടെ നടക്കുമ്പോൾ മൂക്കുതുളഞ്ഞു കയറുന്ന കഷായത്തിന്റെയും എണ്ണയുടേയും മണമാണ് മീശ സുധാകരൻ എന്ന പേര് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യമെത്തുന്നത്. എന്തിനും ഏതിനും അവിടെ മരുന്നുണ്ടാകും. അവിടെ ഏറ്റവും അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിലേക്ക് പതിമൂന്നു കിലോമീറ്ററോളം പോകണമായിരുന്നു. അതുകൊണ്ടുതന്നെ മീശയുടെ മാടക്കടയ്ക്കു മുന്നിൽ എപ്പോളും നല്ല തിരക്കായിരിക്കും .
മീശയുടെ കട കൂടാതെ ഒരു ചെറിയ പലചരക്കു കടയും ഒരു ചായക്കടയും ഇടയക്കുന്നിന്റെ ഹൃദയഭാഗത്തായി ഉണ്ടായിരുന്നു. പലചരക്കുകട നടത്തിയത് ഒരു ഞൊണ്ടിക്കാലൻ ഖാദർ ആയിരുന്നു. വടക്ക് എവിടെ നിന്നോ ഈ ഗ്രാമത്തിൽ വന്നു കുടിയേറി പാർത്തതായിരുന്നു ഖാദറും കുടുംബവും. ഇടയക്കുന്നിലെ ഒരേയൊരു മുസ്ലിം കുടുംബവും അതായിരുന്നു. ഇടയക്കുന്നം ഇരുകയ്യും നീട്ടി അവരെ സ്വീകരിച്ചു. വളരെപ്പെട്ടന്ന് തന്നെ ഖാദറും കുടുംബവും ഇടയക്കുന്നിന്റെ ഭാഗമായി മാറി. ഖാദറിന് അവിടെ ഒരു പീടിക തുടങ്ങാനുള്ള എല്ലാ സഹായവും ചെയ്തു കൊടുത്തത്, കേളപ്പൻ ആശാരി ആയിരുന്നു. അയാളുടേതായിരുന്നു ആ പീടിക. കുറച്ചു തടി ഉരുപ്പടികളും പണി സാധനങ്ങളും സൂക്ഷിക്കുന്ന ഒരിടം മാത്രമായിരുന്നു കേളപ്പൻ ആശാരിക്ക് ആ പീടിക മുറി. പലചരക്ക്കട തുടങ്ങാനാണ് എന്ന് കേട്ടപ്പോൾ തന്നെ കേളപ്പൻ ആശാരി കടമുറി ഖാദറിന് വിട്ടുകൊടുത്തു. അതുവരെ ഇടയകുന്നിനു സ്വന്തമായി ഒരു പലചരക്കുകട ഉണ്ടായിരുന്നില്ല. എല്ലാ ചൊവ്വാഴ്ചയും ഇടയക്കുന്നു സ്കൂളിന്റെ കിഴക്കു ഭാഗത്തായുള്ള ആൽത്തറയ്ക്ക് ചുറ്റും ചന്ത കൂടുന്ന പതിവുണ്ട്. ദൂരെ ദിക്കുകളിൽ നിന്നും വരുന്ന വ്യാപാരികൾ അവരുടെ കയ്യിലെ സാധനങ്ങൾ വിൽക്കാനായി അവിടെ നിരത്തി വെയ്ക്കും. അന്ന് വാങ്ങാൻ സാധിച്ചില്ലെങ്കിൽ അടുത്ത ആഴ്ചവരെ കാത്തിരിക്കേണ്ടിവരും.
അന്നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഖാദറിന്റെ പലചരക്കുകട ഒരു ആശ്വാസം ആയിരുന്നു. രൊക്കം കാശ് കയ്യിൽ ഇല്ലങ്കിൽ കൂടിയും, ഖാദർ അന്നാട്ടുകാർക്കെല്ലാം സാധനങ്ങൾ കടം കൊടുത്തു. അയാൾ പൂർണ മനസോടെ തന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തി.
അന്നാട്ടിലെ ചായക്കട നടത്തിയിരുന്നത് ഒരു ഗോപാലപിള്ളച്ചേട്ടൻ ആയിരുന്നു. ദൈവസഹായം ടീ സ്റ്റാൾ എന്നായിരുന്നു ആ ചായക്കടയുടെ പേര്. ചില്ലലമാരിയിൽ എല്ലായ്പ്പോഴും മടക്കുകേക്കും പഴംപൊരിയും പരിപ്പുവടയും ഉണ്ടാകും. ഇടയക്കുന്നിലെ അനൗദ്യോതിക റേഡിയോ സ്റ്റേഷനും അതായിരുന്നു. വാർത്തകൾ അവതരിപ്പിച്ചിരുന്നത് ഗോപാലപിള്ളച്ചേട്ടനും. അന്നാട്ടുകാരിൽ അക്ഷരം വായിക്കാൻ അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാൾ ആയിരുന്നു ഗോപാലപിള്ളച്ചേട്ടൻ. പത്രത്തിൽ വരുന്ന വാർത്തകളൊക്കെ പൊടിപ്പും തൊങ്ങലും ചേർത്ത്, സ്വതസിദ്ധമായ ശൈലിയിൽ ഗോപാലപിള്ളച്ചേട്ടൻ അവതരിപ്പിക്കുന്നത് നാട്ടുകാർ വായുംപൊളിച്ച് കേട്ടിരിക്കും. അവരുടെ മധ്യത്തിൽ നിന്ന്,
“എല്ലാം ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങൾ”
എന്നുംപറഞ്ഞ് ഗോപാലപിള്ളച്ചേട്ടൻ പ്രഭാഷണം മതിയാക്കും. ഇങ്ങനെ പറഞ്ഞു പറഞ്ഞ് ഗോപാലപിള്ളച്ചേട്ടനെ നാട്ടുകാർ പരീക്ഷണം ഗോപാലപിള്ള എന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കാൻ തുടങ്ങി. അത് അവസാനം പരദൂഷണം ഗോപാലപിള്ള എന്ന പേരിൽ ചെന്നവസാനിച്ചു. നല്ല മിനുമിനുത്ത ഗോലി പോലെ മിന്നുന്ന ആ കഷണ്ടിത്തല രാവിലത്തെ ഇളംവെയിലിൽ തിളങ്ങുന്നത് സ്കൂളിൽ പോകുന്ന വഴി ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
ഇടയക്കുന്നിനെ ചുറ്റി ഒരു പുഴ ഒഴുകുന്നുണ്ട്. ഇടങ്കുന്നപ്പുഴ എന്നായിരുന്നു ആ പുഴയുടെ പേര്. പുഴക്ക് അക്കരെ ഒരു നിബിഡ വനം ആണ്. പുഴയുടെ ഇക്കരെ നിന്നും നോക്കുമ്പോൾ അക്കരെ, വെള്ളം കുടിക്കാനായി എത്തുന്ന കാട്ടുപോത്തിനേയും കേഴ മാനേയും മിക്കപ്പോഴും കാണാം. പുഴ ഒരു പാദസരം പോലെ ഇടയക്കുന്നിനെ പുണർന്നൊഴുകി. പുഴയുടെ കിഴക്കു പടിഞ്ഞാറായുള്ള ഒഴുക്ക്, ഇടയ്ക്കൊക്കെ ശാന്ത ഭാവവും, മറ്റു ചിലപ്പോളൊക്കെ രൗദ്ര ഭാവവും കൈക്കൊള്ളാറുണ്ടായിരുന്നു.
അക്കാലത്ത് പട്ടണത്തിലേക്ക് പോകാൻ പുഴ മുറിച്ചു കടക്കണമായിരുന്നു. പുഴയ്ക്ക് കുറുകെ ഒരു പാലം ഇല്ലാത്തതിനാൽ വള്ളത്തിൽ കയറിയായിരുന്നു അക്കരയ്ക്ക് പൊയ്ക്കൊണ്ടിരുന്നത്. കടത്തുകാരൻ ഒരു മെലിഞ്ഞ കമ്പു പോലെയുള്ള ഒരു മനുഷ്യൻ ആയിരുന്നു. അയാളെ ആരും പേര് വിളിക്കുന്നത് കേട്ടിട്ടേ ഇല്ല. ഇക്കരെ നിന്നും ഓഹോ പൂയ് എന്ന് നീട്ടി വിളിക്കുമ്പോൾ അക്കരെ നിന്നും അതേ താളത്തിൽ മറുപടി ശബ്ദം കേൾക്കാം. ചാരായത്തിന്റെ ഗന്ധമായിരുന്നു അയാൾക്ക് എപ്പോളും. വഞ്ചിയുടെ തുഞ്ചത്ത് കയറി നിന്ന്, ബീഡി കത്തിച്ച്, പുകയൂതി ഒരു നിൽപ്പുണ്ട്. അയാൾ തുഴയൂന്നുമ്പോൾ അയാളുടെ വാരിയെല്ലുകൾ തെളിഞ്ഞു കാണാം. ആ മെല്ലിച്ച ശരീരം ആ വള്ളക്കോലിന്റെ ഭാരം താങ്ങാതെ ഒടിഞ്ഞു പോകുമോ എന്ന് ചെറുപ്പത്തിൽ ഞാൻ ഭയപ്പെട്ടു. തടിപ്പാലം വരുന്ന കാലം വരെയും അയാളെ അവിടെ കാണാമായിരുന്നു. പാലം വന്നതിനു ശേഷം , അയാളും ആ വള്ളവും ഇടങ്കുന്നപ്പുഴയിലെ ഓളങ്ങൾ പോലെ എങ്ങോട്ടോ മാഞ്ഞു പോയി.
ഇടയക്കുന്നിനെ മുൾമുനയിൽ നിർത്തിക്കൊണ്ട് ആ വാർത്ത കാട്ടുതീ പോലെ പടർന്നു. നാട്ടിൽ ഒരു പുലിയിറങ്ങിയിരിയ്ക്കുന്നു. വേലുക്കുറുപ്പിന്റെ വീടിനു മുറ്റത്തെ വേലിക്കെട്ടിൽ വളർത്തിയിരുന്ന ആടിനെ അത് കൊണ്ട്പോയി. ആരും പുറത്തിറങ്ങിയില്ല. എല്ലാ വീടുകളും അടഞ്ഞു കിടന്നു. ഓരോ വീട്ടുകാർക്കും അവരുടെ വീടിന്റെ പിന്നാമ്പുറത്തു പുലി പതുങ്ങി ഇരിക്കുന്നുണ്ടാവുമോ എന്ന് ഭയം. തീണ്ടാരിക്കാവിലേക്കുള്ള വയൽ വരമ്പിന്റെ ഓരത്ത് ആരോ പുലിയെ കണ്ടത്രേ! ഇങ്ങനെ എത്ര ദിവസമാണ് പേടിച്ചു വീട്ടിനുള്ളിൽ തന്നെ കഴിച്ചു കൂട്ടുന്നത്. പുലിയെ കണ്ടുപിടിച്ചു വകവരുത്താതെ ഒരു സമാധാനവും ഇല്ല. നാട്ടുകാർ സംഘടിച്ചു. കൂട്ടമായി പുലിയെ തെരയാൻ ആർ തീരുമാനിച്ചു. വടിയും വെട്ടുകത്തിയും കോടാലിയും എന്ന് വേണ്ട കയ്യിൽ കിട്ടിയ ആയുധങ്ങൾ എല്ലാം എടുത്ത് അവർ പുലിയെ തിരയാൻ ഇറങ്ങി. ഒരു ദിവസം മുഴുവൻ തിരഞ്ഞിട്ടും പുലിയുടെ രോമം പോലും ആർക്കും കിട്ടിയില്ല.
അന്നുരാത്രി ഇടയക്കുന്നിന്റെ നെഞ്ചിൽ ആ നശിച്ച പുലി ആദ്യത്തെ പ്രഹരം ഏൽപ്പിച്ചു. വീടിന്റെ വരാന്തയിൽ ഇരുന്നു പഠിക്കുകയായിരുന്ന എന്റെ കൂട്ടുകാരൻ സുരേഷിനെ പുലി കൊണ്ടുപോയി. വീടിന്റെ തിണ്ണയിലെല്ലാം രക്തം താളം കെട്ടി നിന്നു. തുറന്നിരുന്ന അവന്റെ പുസ്തകത്താളുകൾ ചുടു രക്തം വീണു കുതിർന്നു. മറിഞ്ഞു കിടന്ന മണ്ണെണ്ണ വിളക്കിൽ നിന്നും പുറത്തേക്ക് വന്ന മണ്ണെണ്ണയും രക്തവും പടർന്നു കിടന്നു. ആ സംഭവം എന്റെ മനസ്സിൽ വലിയൊരു ആഘാതം സൃഷ്ടിച്ചു . ഇന്നലെ വരെ എന്റെ തോളിൽ കയ്യിട്ട് എനിക്കൊപ്പം പള്ളിക്കൂടത്തിൽ വന്നിരുന്ന സുരേഷ് ഈ ലോകത്തു നിന്ന് തന്നെ യാത്രയായി എന്നത് എന്റെ നെഞ്ചിൽ ഒരു കനലായി അവശേഷിച്ചു.
അന്ന് തീണ്ടാരിക്കാവിൽ നിന്നും പറന്നിറങ്ങിയ ഒരു അപ്പൂപ്പൻ താടി എന്റെ മുന്നിൽ കുറേനേരം തത്തിക്കളിച്ച ശേഷം തെക്കു വശത്തേക്ക് പറന്നു മറഞ്ഞു. അമ്മിണിയമ്മ പറഞ്ഞതുപോലെ അത് ഒരുപക്ഷെ സുരേഷിന്റെ ആത്മാവായിരിക്കാം.
സുരേഷിന്റെ മരണത്തോടെ ഇടയക്കുന്നം മരണത്തിന്റെ കരിനിഴലിൽ പെട്ടതുപോലെ ആയി. പുലി ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ആക്രമിക്കാം എന്ന ചിന്ത എല്ലാവരുടെയും ഉറക്കം കെടുത്തി.
എന്ത് വിലകൊടുത്തും പുലി ഭീതിയിൽ നിന്നും ഗ്രാമത്തെ രക്ഷിക്കണം എന്ന് അന്നാട്ടിലുള്ളവർ തീരുമാനിച്ചു. അങ്ങനെ അക്കരെനിന്നും ഒരു വേട്ടക്കാരനെ നാട്ടിലെത്തിക്കാൻ തീരുമാനിക്കപ്പെട്ടു. അതിനായി തയ്യൽക്കാരൻ നാണുവും, സ്കൂളിലെ പ്യൂൺ ആയി ആയിടക്ക് അവിടെയെത്തിയ സോളമനും ചേർന്ന് അക്കരക്ക് പോവുകയും അവിടത്തെ ഫോറസ്റ്റ് ഓഫീസുമായി ബദ്ധപ്പെടുകയും, അവർ അവിടെ നിന്നും തോക്കുമായി ഒരാളെ നാട്ടിലേക്ക് അയക്കാം എന്ന് വാക്ക് നൽകുകയും ഉണ്ടായി.
ഞങ്ങളൊക്കെ സങ്കൽപ്പിച്ചതുപോലെ ഒരാൾ ആയിരുന്നില്ല പുലിയെ വെടിവെക്കാൻ വന്നയാൾ. തീരെ ചെറിയ കുള്ളനായ ഒരു മനുഷ്യൻ. കാപ്പിപ്പൊടി നിറത്തിലുള്ള ഒരു ദ്രവിച്ച തൊപ്പി അയാളുടെ നരച്ച തല കുറച്ചു കൂടി വികൃതമായി തോന്നിപ്പിച്ചു. കാക്കി നിറത്തിൽ മുഷിഞ്ഞ ഒരു ജാക്കറ്റാണ് അയാൾ ധരിച്ചിരുന്നത്. നീളമുള്ള മൂക്ക് അയാളുടെ തോക്കുപോലെ മുന്നിലേക്ക് തെറിച്ചു നിന്നു. അയാളുടെ പുരികങ്ങൾ പരസ്പരം കൂട്ടി മുട്ടി നിന്നു.
വന്നയുടനെ അയാൾ ഗോപാലപിള്ളയുടെ ചായക്കടയിലേക്ക് കയറി. കടുപ്പത്തിൽ ഒരു കട്ടൻ ചായ കുടിച്ചു. പരദൂഷണം ഗോപാലപിള്ള ഭവ്യതയോടെ അയാൾക്ക് മുന്നിൽ നിന്നു. ഇതുവരെ നടന്ന സംഭവ വികാസങ്ങൾ പരദൂഷണം കുറച്ചു കൂടി എരിവും പുളിയും ചേർത്തവതരിപ്പിച്ചു. എല്ലാം ദൈവത്തിന്റെ ഓരോരോ പരീക്ഷണങ്ങൾ എന്നും പറഞ്ഞ് അയാൾ തന്റെ അവതരണം അവസാനിപ്പിച്ചു.
വെടിക്കാരൻ പുറത്തേക്കിറങ്ങി ഒരു വിഹഗ വീക്ഷണം നടത്തി. ഞങ്ങളെല്ലാം അയാളെയും ഇരട്ടക്കുഴൽ തോക്കിനെയും ഭയത്തോടെ നോക്കി നിന്നു. അയാൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന കൈലേസ് കൊണ്ട് ആ ഇരട്ടക്കുഴലിന്റെ അറ്റം ഒന്ന് തുടച്ചു. എന്നിട്ട് ആ തോക്ക് തോളത്തിട്ട് അയാൾ മുന്നോട്ട് നടന്നു. ഇടയക്കുന്നമാകെ അയാളെ അനുഗമിച്ചു.
വെടിക്കാരന് താമസിക്കാൻ തയ്യൽക്കാരൻ നാണുവിന്റെ വീട് ഏർപ്പാടാക്കിയിരുന്നു. വെടിക്കാരന് കഴിക്കാനുള്ള ഭക്ഷണം കൃത്യമായി ഗോപാലപിള്ളയുടെ ചായക്കടയിൽ നിന്നും എത്തിക്കാനും ഏർപ്പാടുണ്ടാക്കി. എന്തായാലും അയാൾക്ക് അയാളുടെ തോക്കുപയോഗിക്കാനുള്ള അവസരം ഉണ്ടായില്ല . രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചത്ത് വീർത്ത പുലിയുടെ ശവം തീണ്ടാരിക്കാവിൽ നിന്നും കിട്ടി .
നാടിനെ വിറപ്പിച്ച പുലിയെ നാടിന്റെ കാവലായി ദേവി തന്നെ നിഗ്രഹിച്ചതാണെന്ന് എല്ലാവരും വിശ്വസിച്ചു. തീണ്ടാരിക്കാവിന്റെ മാഹാത്മ്യം പുഴയ്ക്ക് അക്കരേക്ക് പോലും വ്യാപിച്ചു. ആ വർഷത്തെ തീണ്ടാരിക്കാവിലെ തിറ ഒരു വലിയ സംഭവം തന്നെ ആയിരുന്നു. പുഴയുടെ അക്കരെയുള്ള ദേശങ്ങളിൽ നിന്ന് പോലും, ഭക്തജനങ്ങൾ ഒഴുകിക്കൊണ്ടിരുന്നു.
വയൽ വരമ്പിന്റെ ഇരുവശത്തും വാഴപ്പിണ്ടി വിളക്കുകൾ, കുരുത്തോല മാലകൾ എന്നിവകൊണ്ട് ഭംഗിയായി അലങ്കരിച്ചിരുന്നു. സന്ധ്യാനേരത്ത് ദീപങ്ങൾ നിറഞ്ഞ പാടവരമ്പ് ദൂരെ നിന്നുനോക്കുമ്പോൾ ഒരു സ്വർണ്ണ നാഗത്തെപ്പോലെ തോന്നിച്ചു. വയലിന്റെ നടുവിലൂടെ അനന്തതയിലേക്ക് മറയുന്ന ആ വഴിയിലേക്ക് മിഴികളൂന്നി അന്നൊരുപാടുനേരം ഞാൻ നിന്നു .
Commentaires