top of page
Writer's pictureRahul Raghav

അദ്ധ്യായം 2

അതൊരു കുംഭ മാസമായിരുന്നു. തീണ്ടാരിക്കാവ് മുടിയഴിച്ചിട്ട മോഹിനിയെപ്പോലെ സുന്ദരിയായി നിന്നു. വാകമരങ്ങളിൽ നിന്നും ഉതിർന്നു വീണ രക്ത പുഷപങ്ങളാൽ, തീണ്ടാരിക്കാവാകെ ചുവന്നു കിടന്നു.  തിറയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. കാവിൽ പ്രതിഷ്ഠിച്ചിട്ടുള്ള ദേവീ രൂപത്തിന് ചുറ്റും പടർന്നു നിൽക്കുന്ന കാടും പടലുമൊക്കെ വൃത്തിയാക്കി, മുറ്റമൊരുക്കി, കളം വരയ്ക്കുന്നത് വേലൻ സമുദായത്തിൽപ്പെട്ട കാരണവന്മാരാണ്. അവരെ കൊലമൂപ്പന്മാർ എന്നാണു വിളിച്ചിരുന്നത്. ആ വട്ടം കളമെഴുതാൻ വന്ന കൊലമൂപ്പനു കാവിൽ വെച്ച് സർപ്പദംശനം ഉണ്ടായി. അന്നെനിക്ക് മൂന്നു വയസായിരുന്നു പ്രായം. ഇക്കഥയൊക്കെ അമ്മിണിയമ്മ പറഞ്ഞാണ് ഞങ്ങൾ അറിയുന്നത്. സർപ്പം ദംശിച്ച കോലമൂപ്പൻ  അവിടെവെച്ചുതന്നെ മരണപ്പെട്ടു. അവിടെയുണ്ടായിരുന്ന മൂപ്പന്റെ സഹായികൾ ആ സർപ്പത്തെ കാവിൽ വെച്ചുതന്നെ വകവരുത്തുകയുമുണ്ടായി. മൂപ്പന്റെ മരണത്തോടെ ആ വർഷത്തെ തിറ നടന്നില്ല. അതേ വർഷം തന്നെയാണ് എൻ്റെ അച്ഛൻ മരണപ്പെട്ടതും. തറവാടിയും നാടിനും ഉണ്ടായ ദുരനുഭവങ്ങൾക്കെല്ലാം കാരണം കാവിലെ സർപ്പ ദോഷം മൂലമാണെന്നാണ് , അമ്മിണിയമ്മ അവസാനം വരെയും വിശ്വസിച്ചിരുന്നത്. 


എൻ്റെ അച്ഛൻ ഒരു ശിപായി ആയിരുന്നു. താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ജോലിക്ക് കയറിയ ഒരു നാലാം ഗ്രേഡ് ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹം. അച്ഛന്റെ മരണം വരെ ഞങ്ങൾ അച്ഛന്റെ കുടുംബ വീടായ ചിറയിൽ തറവാടിന്റെ ഭാഗമായിരുന്നു. അമ്മക്ക് അത്ര സുഖകരമായ അനുഭവങ്ങൾ ആയിരുന്നില്ല അവിടെ നിന്നും ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ അച്ഛന്റെ വീട്ടുകാരുമായി എനിക്കും വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല. അമ്മയുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു. അച്ഛന്റെ അച്ഛൻ ആ കാലത്ത് അന്നാട്ടിലെ ഒരു ജന്മി ആയിരുന്നു. തൻ്റെ മകനെ അദ്ദേഹത്തിന്റെ സുഹൃത്തും ഡെപ്പ്യൂട്ടി തഹസിൽദാരും ആയിരുന്ന ശങ്കര മേനോന്റെ മകളുമായി സംബന്ധം ചെയ്യിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം, അവിടേക്കാണ് അമ്മയെ മാത്രമേ വിവാഹം കഴിക്കയുള്ളു എന്ന വാശിയുമായി അച്ഛൻ എത്തിയത്. വളരെ വലിയ എതിർപ്പുകളെ അതിജീവിച്ചാണ് അവരുടെ വിവാഹം നടന്നത്. അതുകൊണ്ട് തന്നെയാണ് അപ്രതീക്ഷിതമായ ഒരു വാഹന അപകടത്തിൽ അച്ഛൻ ഞങ്ങളെ വിട്ടു പോയ ശേഷം ആ തറവാട്ടിൽ തുടർന്നും താമസിക്കാൻ കഴിയാതെ പോയത്. അച്ഛന്റെ മരണ ശേഷം അമ്മ ആകെ തകർന്നു പോയി. അമ്മ മനസ് നിറഞ്ഞു ഒന്ന് ചിരിക്കുന്നത് ഞാൻ പിന്നെ കണ്ടിട്ടേ ഇല്ല എന്നതാണ് സത്യം. 


അച്ഛനെക്കുറിച്ചു വളരെ വലിയ ഓർമ്മകൾ ഒന്നും ഇല്ലങ്കിലും, ഭംഗിയായി വെട്ടി നിർത്തിയ അച്ഛന്റെ താടിരോമത്തിൽ ഞാൻ ചെറുപ്പത്തിൽ അച്ഛന്റെ മടിയിലിരുന്ന് പിടിച്ചു വലിക്കുന്നത് എൻ്റെ ഇഷ്ട വിനോദം ആയിരുന്നെന്നു 'അമ്മ പറഞ്ഞിട്ടുണ്ട്. വിധി എത്ര ക്രൂരമായാണ് എന്നോട് പെരുമാറുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എൻ്റെ ഒപ്പം പഠിക്കുന്ന മറ്റു കുട്ടികളൊക്കെ അവരുടെ അച്ഛനെയും കൂട്ടി പള്ളിക്കൂടത്തിൽ വരുമ്പോൾ ഞാൻ തെല്ലൊരസൂയയോടെ അവരെ നോക്കാറുണ്ടായിരുന്നു.


എൻ്റെ അക്ഷരാഭ്യാസം പൂർണമായും നടത്തിയത് എൻ്റെ 'അമ്മ തന്നെയായിരുന്നു. എന്നെ മാത്രമല്ല ലീലയെയും ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചത് അമ്മ ആയിരുന്നു. അമ്മയ്ക്കായിരുന്നു എൻ്റെ അച്ഛനെക്കാളും പഠിപ്പ് കൂടുതൽ. അമ്മയും അച്ഛനും ഒന്നിച്ചുള്ള വിവാഹഫോട്ടോയുടെ പൂപ്പൽ പിടിച്ച ഒരു കോപ്പി ഇപ്പോഴും അമ്മ നിധിപോലെ സൂക്ഷിക്കുന്നുണ്ട്. അതിൽ കാണുന്ന അമ്മയും ഇപ്പോളത്തെ അമ്മയും തമ്മിൽ എന്തൊരു വ്യത്യാസമാണ്. മൂക്കുത്തി ഇട്ടു , മുല്ലപ്പൂവൊക്കെ വെച്ച് സുന്ദരിയായ 'അമ്മ. ഞങ്ങളെ രണ്ടാളെയും നല്ലനിലയിലാക്കി കാണണം എന്നൊരു വാശിയായിരുന്നു അമ്മക്ക്. ആ വാശികൊണ്ടാണ്  പള്ളിക്കൂടത്തിൽ ചേർക്കുന്നതിന് മുന്നേ തന്നെ അക്ഷരങ്ങൾ എല്ലാം ഞങ്ങളെ ഹൃദിസ്ഥമാക്കിച്ചത് . 


ഇടയക്കുന്നു ഗ്രാമത്തിൽ തന്നെയുള്ള പഞ്ചായത്തു പള്ളിക്കൂടത്തിലാണ് എന്നെ ഒന്നാം ക്ലാസ്സിൽ ചേർത്തത്. 

മഴ അതിന്റെ മുഴുവൻ സൗന്ദര്യവും ഇടയക്കുന്നിന്റെ മുകളിലേക്ക് ധാരയായി ചൊരിഞ്ഞു. അന്ന് തീണ്ടാരിക്കാവിലെ വാകമരങ്ങൾ മഴത്തുള്ളികളെ പ്രണയിച്ചു. പരസ്പരം പുണർന്ന മഴത്തുള്ളികളും വാകമരപ്പൂക്കളും നഗ്നരായി നിലത്തു വീണു. അതായിരുന്നു ഞാൻ കണ്ട ആദ്യ പ്രണയം. 


പള്ളിക്കൂടത്തിലേക്ക് തറവാട്ടിൽ നിന്നും മൂന്നു കിലോമീറ്ററിലധികം നടന്നു പോകേണ്ടതുണ്ടായിരുന്നു. നിറഞ്ഞ പാടശേഖരത്തിനു നടുവിലൂടെ നൂല് പോലെ നീണ്ട പോകുന്ന വരമ്പത്തൂടെ പുത്തൻ കുടയും പിടിച്ചു നീലയും വെള്ളയും നിറത്തിലുള്ള യൂണിഫോം ഇട്ടു , കുഞ്ഞിമാമന്റെ കയ്യും പിടിച്ചു ഗമയിൽ നടന്നു പോയത് ഇന്നലെ എന്ന പോലെ മനസ്സിൽ തെളിഞ്ഞു വരുന്നു.


ഇടയക്കുന്ന്, പേരുപോലെതന്നെ കുന്നുകളാൽ ചുറ്റപ്പെട്ട ഒരു സ്ഥലമാണ്. ലോകത്തെ മുഴുവൻ പച്ചപ്പും ഇവിടെയുണ്ടെന്ന് തോന്നിപ്പോകുന്ന ഒരു സ്ഥലം. പാടത്തിനു നടുവിലൂടെ നടക്കുമ്പോൾ വീശിയടിക്കുന്ന ഇളം കാറ്റിനുപോലും ആ നാടിന്റെ ആയിരമായിരം കഥകൾ പറയാനുണ്ട് എന്ന് തോന്നിപ്പോകും. 


എൻ്റെ പള്ളിക്കൂടത്തിലേക്കു പോകുന്ന അതേ വഴിയിൽത്തന്നെയാണ് എൻ്റെ ഒരേ ഒരു കൂട്ടുകാരനായ സുരേഷും താമസിക്കുന്നത്. ഞങ്ങളുടെ തറവാട്ടിൽ നെല്ല് കുത്താൻ വരുന്ന നാരായണി എന്ന അമ്മയുടെ കൊച്ചുമകനാണ് സുരേഷ്. സുരേഷിന്റെ അച്ഛൻ ജയിലിലാണെന്നാണ് കേട്ടിട്ടുള്ളത്. ഞാൻ കണ്ടിട്ടേ ഇല്ല. അവന്റെ അച്ഛൻ നക്സലൈറ്റാണത്രെ. അന്ന് ആ വാക്കിന്റെ അർത്ഥം ഒന്നും ഗ്രഹിക്കാനുള്ള പ്രായം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല . ഒരിക്കൽ അമ്മയോട്  ആ വാക്കിന്റെ അർത്ഥം എന്താണെന്ന് ചോദിച്ചപ്പോൾ അമ്മ എന്നോട് വല്ലാതെ ദേഷ്യപ്പെട്ടു. പിന്നീട് ഞാൻ അമ്മയോടെന്നല്ല മറ്റാരോടും ആ വാക്കിനെ കുറിച്ച് അന്വേഷിച്ചതേയില്ല. 


ആൺകുട്ടികളും പെൺകുട്ടികളും ഉള്ള ഒരു ക്ലാസ്സായിരുന്നു ഞങ്ങളുടേത്. തലയിൽ വളരെ കുറച്ചു മാത്രം തലമുടി ഉണ്ടായിരുന്ന ശങ്കരപ്പിള്ള സാർ ആയിരുന്നു എൻ്റെ ഒന്നാം ക്ലാസ്സിലെ അധ്യാപകൻ. ക്ലാസ്സിൽ ഇരുന്നു നോക്കിയാൽ ഇടയക്കുന്നിലെ പ്രധാന നിരത്തും, അതിലെ പോകുന്നവരെയും വ്യക്തമായി കാണാം. കാളവണ്ടികൾ അന്ന് ഞങ്ങളുടെ പ്രധാന കാഴ്ച വസ്തു ആയിരുന്നു. കുട മണി കെട്ടി നിരത്തിലൂടെ അലക്ഷ്യ ഭാവത്തിൽ നീങ്ങുന്ന കാളകൾ. അവർ വലിക്കുന്ന വണ്ടിയുടെ ഭാരം അവ അറിയുന്നേ ഇല്ലെന്ന ഭാവമാണ് അവറ്റകളുടെ മുഖത്തുണ്ടായിരുന്നത്. 


ആ പള്ളിക്കൂടത്തിന്റെ ജനാലകൾ തടി കൊണ്ട് നിർമിച്ചതും ഒരാൾക്ക് സുഖമായി അതുവഴി പുറത്തേക്ക് ഇറങ്ങാൻ സാധിക്കുന്ന രീതിയിൽ തുറസ്സായതും ആയിരുന്നു. അതിനാൽ പലപ്പോഴും ജനാല വഴി ആയിരുന്നു ഞങ്ങളുടെ സഞ്ചാരം. ഒരിക്കൽ ജനാല വഴിയുള്ള ഞങ്ങളുടെ അഭ്യാസം പിടിക്കപ്പെട്ടു. അന്ന് ആദ്യമായി ശങ്കരപ്പിള്ള സാറിന്റെ കയ്യിലെ കാപ്പിക്കമ്പിന്റെ സ്വാദു ഞാനറിഞ്ഞു. അത് മാത്രമല്ല അന്നത്തെ ക്ലാസ് കഴിയുന്നത് വരെ പെൺകുട്ടികൾ ഇരിക്കുന്ന ബെഞ്ചിന്റെ അറ്റത്തായി എന്നെ കൊണ്ടിരുത്തി. കാപ്പികമ്പിന്റെ ചൂടിനേക്കാളും എന്നെ വേദനിപ്പിച്ചത് ആ നാണക്കേടായിരുന്നു. കരയാൻ തോന്നിയെങ്കിലും പിടിച്ചു നിന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ശങ്കരപ്പിള്ള സാറിന്റെ കാപ്പിക്കമ്പ് എൻ്റെ കാലിൽ രചിച്ച ചിത്രപ്പണിക്ക് കരി നീല നിറം കൈവന്നിരുന്നു . 


അന്നൊക്കെ നാല് മണിക്ക് പഠനം കഴിഞ്ഞു വീടെത്തിയാൽ കുളി കഴിഞ്ഞ ഉടനെ ഒരു ചോറ് കഴിപ്പുണ്ട്. അത് നിർബന്ധമാണ്. എൻ്റെ അമ്മക്ക് എന്നെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്ന കാര്യത്തിൽ ഒരിക്കലും ബുദ്ധിമുട്ടേണ്ടി വന്നിട്ടേ ഇല്ല . അന്ന് ഞാൻ ഒരു കുട്ടി ഭീമൻ ആയിരുന്നു കഴിക്കുന്ന കാര്യത്തിൽ. പക്ഷെ എൻ്റെ പെങ്ങളാവട്ടെ, ആ കാര്യത്തിൽ എനിക്ക് നേരെ വിപരീതവും  ആയിരുന്നു . പലപ്പോഴും 'അമ്മ കാണാതെ അവളുടെ പാത്രത്തിൽ ഇരിക്കുന്ന പലഹാരത്തിന്റെ പകുതിയോളം മിക്കപ്പോഴും ഞാൻ അകത്താക്കാറുണ്ടായിരുന്നു. ഒരു പാത്രം ചോറ് അവളെ കഴിപ്പിക്കുക എന്നത് അമ്മയെ സംബന്ധിച്ചിടത്തോളം കടൽ വറ്റിക്കുന്ന സാഹസം പോലെ ആയിരുന്നു. ചോറൂണ് കഴിഞ്ഞാൽ അന്ന് പള്ളിക്കൂടത്തിൽ പഠിപ്പിച്ചതെല്ലാം പഠിച്ചു തീർത്ത ശേഷം മാത്രമേ മറ്റെന്തും ചെയ്യാൻ 'അമ്മ എന്നെ അനുവദിച്ചിരുന്നുള്ളു. 


തീണ്ടാരിക്കാവിൽ തിറ നടക്കുമ്പോഴല്ലാതെ കാവിലേക്ക് പ്രവേശിക്കാൻ ആർക്കും അനുവാദം ഉണ്ടായിരുന്നില്ല. ഭക്തി എന്ന വികാരത്തിലുപരി ഭയം എന്ന വികാരമാണ് തീണ്ടാരിക്കാവിലേക്ക് നോക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ടിരുന്നത്. പലപ്പോഴും കളിച്ചു കളിച്ചു തീണ്ടാരിക്കാവിന്റെ സമീപമെത്തുമ്പോൾ മാനം മുട്ടെ ഉയർന്നു നിൽക്കുന്ന വാകമരങ്ങളെയും പാലമരങ്ങളെയും പേരറിയാത്ത മറ്റുമരങ്ങളെയുമൊക്കെ എന്നെ വിഴുങ്ങാനായി വളർന്നു നിൽക്കുന്ന രക്ഷസ്സുകളെ പോലെയാണ് എനിക്ക് അനുഭവപ്പെടാറുണ്ടായിരുന്നത് . എൻ്റെ എത്ര കളിപ്പന്തുകളാണ് ആ കാവിന്റെ ഉള്ളിൽ അകപ്പെട്ടു പോയത്. ഭയത്തോടെ തിരിഞ്ഞു ഓടാനല്ലാതെ അന്നത്തെ എൻ്റെ കുഞ്ഞി മനസിന് മറ്റൊന്നും കഴിയുമായിരുന്നില്ല . 


ആയിടയ്ക്കാണ് ചന്ദ്രകാന്തൻമാമയും കുടുംബവും തറവാട്ടിലേക്ക് വിരുന്നു വന്നത് . രേണു എന്നേക്കാൾ രണ്ടു വയസിന് ഇളയതാണ് . കവിളത്ത് ഒരു കറുത്ത പൊട്ടൊക്കെതൊട്ട്, എന്തിലും അത്ഭുതം മാത്രം കാണുന്ന, വിടർന്ന കണ്ണുകൾ ഉള്ള രേണു. അവൾ താമസിക്കുന്നത് ഒരു നഗര ഭൂമിയിൽ ആയതുകൊണ്ട് തന്നെ ഈ ഗ്രാമവും, നാട്ടു വഴികളും , കാവും , തിറയും, ഒക്കെയും അവൾക്ക് അത്ഭുതമായിരുന്നു . അവളുടെ അനുജനായ രോഹിത് അന്ന് തീരെ ചെറിയ കുട്ടിയാണ്. കമിഴ്ന്നുവീണു നീന്തിത്തുടങ്ങിയ പ്രായം ആണെന്നാണ് എന്റെ ഓർമ്മ. ആ അവധിക്കാലത്ത് അവരുടെ വരവ് എനിക്ക് വലിയ ആശ്വാസം ആയിരുന്നു. വീടും പറമ്പും മാത്രമായിരുന്ന എന്റെ ലോകത്തേക്ക് അവർ കൂടി എത്തിയപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. അല്ലങ്കിൽ ആ അവധിക്കാലവും എല്ലാ വർഷത്തെയും പോലെ വിരസമായേനെ. 


ഞങ്ങൾ കാവിനു മുൻഭാഗത്തായുള്ള മുറ്റത്തു പന്ത് തട്ടിക്കളിക്കുകയായിരുന്നു . രേണുവിന്റെ അമ്മയുടെ അനുജൻ വിദേശത്തെവിടെയോ ആണ് . ആ വർഷം അദ്ദേഹം നാട്ടിൽ വന്നപ്പോൾ കൊണ്ട് വന്നതാണ് ചുവപ്പും മഞ്ഞയും കലർന്ന നിറമുള്ള ആ പന്ത്. അധികം ഭാരമില്ലാത്തതുകൊണ്ടുതന്നെ ഞങ്ങൾക്ക് അത് തട്ടിക്കളിക്കാൻ എളുപ്പമായിരുന്നു. പെട്ടന്ന് വീശിയടിച്ച കാറ്റ് പന്തിനേയും കൊണ്ട് മുന്നോട്ടു പറന്നതും, പന്ത് കാവിനുള്ളിലേക്ക് വീണതും ക്ഷണ നേരം കൊണ്ട് കഴിഞ്ഞു . അപ്പോളും നിലയ്ക്കാത്ത കാറ്റിൽ, പന്ത് കാവിന്റെ ഉള്ളിലേക്ക് കൂടുതൽ നീങ്ങിക്കൊണ്ടേയിരുന്നു. രേണുവിന്‌ ആകെ സങ്കടമായി. കരിമഷി കൊണ്ട് വാലിട്ടെഴുതിയ അവളുടെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു തുളുമ്പി .ആ കണ്ണുനീരിന്റെ മുന്നിൽ അധികം പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ കണ്ണുനീർ എന്നെ ഒരു ധീരനാക്കി മാറ്റി. 

തീണ്ടാരിക്കാവ് കാണുമ്പോൾ പിന്തിരിഞ്ഞോടിയിരുന്ന ഞാൻ അന്ന് ആദ്യമായി കാവിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു .


എന്റെ ദേഹമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു. രക്ഷസ്സുകൾ എന്റെ ദേഹത്തേക്ക് ചാടി വീഴാൻ വെമ്പുന്നുന്നതായി എനിക്ക് അനുഭവപ്പെട്ടു . ദേവിയെ കുടിയിരുത്തിയ കാവിന്റെ ഉള്ളിൽ നിന്നും ആയിരം ചുവന്ന കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. വാകമരത്തിൽ നിന്നും കൊഴിഞ്ഞു വീഴുന്ന ചുവന്ന പൂക്കൾ , ആ രക്ഷസ്സിന്റെ ദംഷ്ട്രയിൽ നിന്നും ഉതിർന്നു വീഴുന്ന രക്തത്തുള്ളികൾ പോലെ എനിക്ക് തോന്നി. ഞാൻ ഒരു അപ്പൂപ്പൻതാടി പോലെ മാറിയതായി എനിക്ക് അനുഭവപ്പെട്ടു. ഒരുതരം ഉന്മാദാവസ്ഥ. ഭാരമില്ലാതെ താൻ ഒഴുകി നടക്കുകയാണ്. എന്റെ കണ്ണുകൾ അടഞ്ഞു. ഞാൻ വായുവിൽ ഉയരുന്നതായും മുന്നോട്ടു നീങ്ങുന്നതായുമൊക്കെ എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. 


കണ്ണ് തുറന്നപ്പോൾ ഞാൻ കിടക്കയിലാണ്. എല്ലാവരും എന്റെ ചുറ്റിനുമുണ്ട്. എന്നെ പാമ്പു കടിച്ചു എന്നാണ് എല്ലാവരും കരുതിയത്. അമ്മയുടെ കണ്ണുകൾ കലങ്ങിയിരുന്നു. കണ്ണുതുറന്നു നോക്കിയ എന്നെ അമ്മിണിയമ്മ വാരിപ്പുണർന്നു . 


“എന്റെ മോനേ എന്തിനാ നീയീ അബദ്ധം കാണിച്ചത് ?”


അമ്മിണിയമ്മ കരയുകയായിരുന്നു. 


ആദ്യമായാണ് അമ്മിണിയമ്മയുടെ മുഖത്ത് ഇങ്ങനെ ഒരു ഭാവം ഞാൻ കാണുന്നത് . ഞാനും കരഞ്ഞു . ഇനി ഒരിക്കലും ഞാൻ തീണ്ടാരിക്കാവിന്റെ ഉള്ളിലേക്ക് കയറുകയില്ലന്ന് അമ്മയ്ക്ക് സത്യം ചെയ്തു. ഞാൻ പിന്നീട് പലവട്ടം ആ സത്യം ലംഘിച്ചെങ്കിലും .

0 views0 comments

Recent Posts

See All

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page