top of page
Writer's pictureRahul Raghav

അദ്ധ്യായം 12

തീണ്ടാരിക്കാവ് അന്ന് പതിവിലും സുന്ദരിയായിരുന്നു. കുരുത്തോലകളാലും, കൊടിതോരണങ്ങളാലും, ദീപങ്ങളാലും അലങ്കരിക്കപ്പെട്ട സർവാഭരണ വിഭൂഷിതയായ തീണ്ടാരിക്കാവ്. അവിടെ ഇത്രയും ജനസഞ്ചയം ഞാൻ കണ്ടിട്ടേയില്ല. കോല മൂപ്പന്മാർ വരച്ച കളത്തിൽ നിന്നും നാഗങ്ങൾ ജീവനോടെ ഇഴഞ്ഞു വരുന്നെന്നു തോന്നിപ്പോകും. കോഴിയുടെ കഴുത്തറുത്ത ചുടു ചോര വീണ് തീണ്ടാരിക്കാവ് വിറകൊണ്ടു. രൗദ്രഭാവം പൂണ്ട ഭഗവതി, രക്താഭിഷേകത്താൽ കൂടുതൽ കരാള ഭാവം കൈക്കൊണ്ടു. ആഴിയിൽ നിന്നും ഉയർന്ന പുക തീണ്ടാരിക്കാവിനെക്കാളും ഉയരത്തിൽ പറന്നു പൊങ്ങി, വാക മരങ്ങൾക്കും മീതെ കാവിനെയാകെ വിഴുങ്ങാൻ എത്തിയ രക്ത രക്ഷസ്സിനെപ്പോലെ വളർന്നു പൊന്തി. ദൈവക്കോലം കെട്ടിയ കോലമൂപ്പൻ ദേഹത്ത് കൊളുത്തി വെച്ച പന്തങ്ങളുമായി നിന്നലറി. 


തിറ കഴിഞ്ഞു. ജനമൊഴിഞ്ഞു. തീണ്ടാരിക്കാവിലെ ഇനിയും കെടാത്ത കനലുകളും കരിന്തിരിയെരിഞ്ഞ ദീപങ്ങളും മാത്രം ബാക്കിയായി. മനയ്ക്കലെ തീണ്ടാരിക്കാവ്, ഇന്ന് ഇടയക്കുന്നിന്റെ തീണ്ടാരിക്കാവാണ്. ഇതും ഒരുപക്ഷെ എന്റെ ജന്മ നിയോഗം ആയിരിക്കാം. കാത്തിരിപ്പ് എന്നത് എക്കാലത്തും സുഖമുള്ള ഒരു വേദന തന്നെയാണ്. ജീവിതത്തിൽ ഇങ്ങനെ കുറേ അനുഭവങ്ങൾ ഉണ്ടാവണം എന്നത് ഒരു നിയോഗമാവാം. ഇടയക്കുന്നിൽ നിന്നും പുറത്തു കടന്നത് മുതലുള്ള ഓരോ കാര്യങ്ങളും സേതുവിൻറെ മനസിലൂടെ ഒരു വെള്ളി തിരശീലയിൽ എന്നതുപോലെ കടന്നു പോയി. എത്രയെത്ര മുഖങ്ങൾ , എന്തെല്ലാം അനുഭവങ്ങൾ. ഒടുവിൽ ഇതാ ഈ മണ്ണിലേക്കുതന്നെ താൻ മടങ്ങിയെത്തിയിരിക്കുന്നു. തനിക്ക് ചന്ദ്രികയോട് പ്രായശ്ചിത്തം ചെയ്യുവാനുള്ള ഒരു അവസരം ഇതാ കൈ വന്നിരിക്കുന്നു. 

നാളെ പുലരിയിൽ ചന്ദ്രിക എന്നെ കാണാൻ എത്തും. കിടന്നിട്ട് ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാ ദേവി എന്നെ കടാക്ഷിക്കുന്നേയില്ല. എങ്ങനെയെങ്കിലും ഒന്ന് നേരം പുലർന്നത് മതിയെന്നാണ് എനിക്ക്. ചന്ദ്രിക എത്തും മുന്നേ തന്നെ എനിക്ക് പവിഴമല്ലിച്ചുവട്ടിൽ എത്തണം. അത്രയെങ്കിലും തനിക്ക് ചെയ്യണം. എന്തൊക്കെയോ ആലോചിച്ചു കിടന്ന് ഞാൻ എപ്പോഴോ ഒന്ന് മയങ്ങി. ദൂരെ ഏതോ കാലം കോഴിയുടെ കൂവൽ കേട്ടാണ് ഞാൻ ഉണർന്നത്. 


അതേസമയം ചന്ദ്രികയുടെ മനസിലും സന്തോഷം അലതല്ലുകയായിരുന്നു. എല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു. വിവാഹം, അതൊരു തടവറതന്നെ ആയിരുന്നു. സന്തോഷവതിയായിരുന്ന തനിക്ക് തന്റെ വീട്ടുകാർ കണ്ടുപിടിച്ചു തന്ന ബന്ധം. അയാളുടെ കാശും പത്രാസും കണ്ടപ്പോൾ അച്ഛന്റെ കണ്ണ് മഞ്ഞളിച്ചു. പണത്തിനുമപ്പുറം ജീവിതം എന്നൊന്നുണ്ടെന്ന് ആരും ചിന്തിച്ചില്ല. തന്റെ സന്തോഷത്തിന് അവിടെ ഒരു വിലയും ഉണ്ടായിരുന്നില്ല. ഒരു പട്ടിയെപ്പോലെ ആയിരുന്നു അയാളുടെ വീട്ടിൽ കഴിഞ്ഞത്. അയാൾക്ക് വെച്ചുണ്ടാക്കിക്കൊടുക്കാനും, വീട്ടുജോലി ചെയ്യാനും ഒരാൾ. അയാളുടെ കാമം തീർക്കാൻ ഒരു ശരീരം. അത് മാത്രമായിരുന്നു താൻ. ഒടുവിൽ മച്ചി എന്ന് മുദ്രകുത്തി, ഒരു തെരുവ് നായയോട് എന്നപോലെ തന്നോട് പെരുമാറിത്തുടങ്ങിയപ്പോൾ സഹികെട്ട് ഇറങ്ങി പോന്നതാണ് ആ നശിച്ച നരകത്തിൽ നിന്ന്. ഇപ്പോൾ ചന്ദ്രികയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നക്ഷത്രങ്ങൾ ഉണ്ട്. ഇത്രയും കാലം താൻ അനുഭവിച്ചതിനൊക്കെ കാലം കണക്കു ചോദിക്കുന്നതായി ചന്ദ്രികയ്ക്ക് തോന്നി. അന്നത്തെ ആ രാത്രി എത്ര ശ്രമിച്ചിട്ടും ചന്ദ്രികയ്ക്ക് മറക്കാൻ കഴിയുന്നുണ്ടായില്ല. സേതുവിനെ ഒരുനോക്ക് ഒന്ന് കണ്ടാൽ മാത്രം മതിയെന്ന് താൻ എത്ര കൊതിച്ചതാണ്. ഇങ്ങനെയൊക്കെയായിരിക്കും വിധി. ഒരിക്കലും നേരിട്ട് കാണാൻ സാധിക്കുമെന്ന് കരുതിയതേ ഇല്ല. അന്നത്തെ സംഭവത്തിനു ശേഷം ദൈവം ഇല്ല എന്നാണു താൻ കരുതിയിരുന്നത്. എത്ര ദൈവങ്ങളോട് താൻ കെഞ്ചിയിട്ടുണ്ട്, ഒരുനോക്ക് കാണാൻ എന്റെ സേതുവിനെ ഒന്നെത്തിച്ചു തരാമോ എന്ന്. കണ്ണ് തുറക്കാത്ത ആ ദൈവങ്ങളെ പിന്നീട് തനിക്ക് ആശ്രയിക്കാൻ തോന്നിയില്ല. ആ ദൈവങ്ങൾ ഇന്ന് തന്നോട് കരുണ കാണിച്ചിരിക്കുന്നു. 


തലേ ദിവസത്തെ തിറയുടെ ആഴിയിലെ കനലുകളിൽ നിന്നും ഇപ്പോഴും പുക ഉയരുന്നുണ്ട്. ആ പുകയും മഞ്ഞും കൂടി ചേർന്നപ്പോൾ തീണ്ടാരിക്കാവാകെ  വെളുത്തു നിൽക്കുന്നു. ഉണർന്നെണീറ്റ ഞാൻ വേഗം തന്നെ കുളി കഴിഞ്ഞെന്നു വരുത്തി. ചന്ദ്രികയ്ക്ക് ഏറെ ഇഷ്ടമുള്ള കടും പച്ചനിറത്തിലുള്ള ഷർട്ടും ധരിച്ചു പുറത്തേക്കിറങ്ങി. ആ കാലൻ കോഴി കൂവൽ നിർത്തുന്നേയില്ലല്ലോ! എന്റെ ചിന്തകളിലും കണ്ണുകളിലും ചന്ദ്രിക മാത്രമാണ്. 


കൊത്തുകല്ലിലേക്ക് കാലെടുത്തുവെച്ച എന്റെ കാൽ എന്തിലോ ഒന്ന് ചവുട്ടി . 

വല്ലാത്ത ഒരു വഴുവഴുപ്പ് …

ഞാൻ മുന്നോട്ടു നടന്നു ...

എന്നെ നല്ലതുപോലെ വിയർക്കുന്നു ....

എന്റെ കാലുകൾ തളരുന്നത് പോലെ ....

എനിക്ക് ദാഹിക്കുന്നു ....

തീണ്ടാരിക്കാവിതാ കീഴ്മേൽ മറിയുന്നു ...

എന്റെ കണ്ണുകളിൽ ഇരുട്ട് നിറയുന്നല്ലോ ...

സേതു , ഇതാ വീണ്ടും ചന്ദ്രികയെ ചതിച്ചിരിക്കുന്നു …


അപ്പോൾ തീണ്ടാരിക്കാവിന്റെ  ഉച്ചിയിൽ നിന്നും ഞെട്ടറ്റ ഒരു അപ്പൂപ്പൻതാടി ചന്ദ്രികയെ തേടി പവിഴമല്ലിച്ചുവട്ടിലേക്ക് പറന്നു പോകുന്നുണ്ടായിരുന്നു ... 

2 views0 comments

Recent Posts

See All

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page