തീണ്ടാരിക്കാവിന്റെ ഉച്ചിയിലെ വാകമരക്കൊമ്പുകൾ ഇപ്പോൾ ഞങ്ങൾക്ക് കാണാം. പകലിരമ്പം മാഞ്ഞു തുടങ്ങി. വെയിൽ മങ്ങിത്തുടങ്ങിയിരിക്കുന്നു. വീണ്ടും ഞങ്ങൾ ഇതാ ജന്മ ഭൂമിയിലേക്ക്. കോലായിൽ ലീലയും മകളും ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അവൾക്കായി ശ്രീലങ്കയിൽ നിന്നും ഒരു സുന്ദരി പാവയെ ഞാൻ വാങ്ങിയിരുന്നു. അത് കയ്യിൽ കിട്ടിയപ്പോൾ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇത്തരം കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ ജീവിതത്തിൽ നിന്നും നഷ്ടപ്പെടുത്തിക്കളഞ്ഞവനാണ് ഞാൻ. ആ പാവയെ കിട്ടിയപ്പോൾ ആ കുഞ്ഞു മനസ്സിൽ എത്ര സന്തോഷമാണ് ഉണ്ടായത്. പണത്തിനും അപ്പുറം ചിലതൊക്കെയുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞുതുടങ്ങി.
ശ്രീലങ്കയിലെ പുതിയ അനുജന്റെ വിശേഷങ്ങൾ കേട്ടപ്പോൾ അമ്മയ്ക്കും സന്തോഷമായി. ഒരുപാട് വർഷങ്ങൾക്കുശേഷം 'അമ്മ ആദ്യമായി പുഞ്ചിരിച്ചു. ഒരു മകൻ എന്ന നിലയിൽ എനിക്ക് അമ്മക്കായി ഒന്നും ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ആ മനസ്സിൽ ഇപ്പോൾ ഒരു ചെറിയ സന്തോഷം കൊടുക്കാൻ സാധിച്ചതിൽ എന്റെ മനസിൽ ചാരിതാർഥ്യം തോന്നി.
ശ്രീലങ്കയിൽ നിന്നും ഞാൻ ലീലയെ ഫോൺ വിളിച്ചപ്പോൾ അവൾ എനിക്കെന്തോ സന്തോഷ വാർത്ത ഉണ്ടെന്നു പറഞ്ഞിരുന്നു. അതെന്താണ് എന്നറിയാൻ എനിക്ക് വലിയ ആകാംക്ഷ തോന്നി. എന്താണ് സന്തോഷ വർത്തയെന്നു ഞാൻ ലീലയോട് ചോദിച്ചു. അവൾ ചന്ദ്രികയെ നേരിട്ട് കണ്ടത്രേ ! ഞാൻ തിരിച്ചു വന്ന കാര്യം ചന്ദ്രിക അറിഞ്ഞിരിക്കുന്നു. അവൾ ഇപ്പോൾ ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണെന്നും അവൾ ലീലയോട് പറഞ്ഞു. ലോകത്ത് എവിടെ ആയാലും അവൾ സന്തോഷത്തോടെ ഇരിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ അവളുടെ വിവാഹ മോചന വാർത്ത എന്നെ സന്തോഷിപ്പിച്ചില്ല.
തീണ്ടാരിക്കാവിലെ വാകമരങ്ങൾ നഗ്നരായി നിന്നു. ഇലകൾ പൊഴിച്ച്, അടുത്ത വസന്തത്തെ വരവേൽക്കാനായി അവർ കാത്തിരുന്നു. കുറെ കാലങ്ങളായി തീണ്ടാരിക്കാവിൽ അപ്പൂപ്പൻതാടികൾ പൊഴിയാറില്ലത്രേ! കഴിഞ്ഞ കുറെ ദിവസങ്ങളിൽ ഞാൻ അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളെക്കുറിച്ചോർത്തപ്പോൾ , ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷയായി തെളിഞ്ഞു കത്തിയ ഒരു വ്യക്തിത്വത്തിന്റെ രക്തമാണ് എന്റെ സിരകളിലും ഓടുന്നത് എന്ന തിരിച്ചറിവ് എന്റെ ഉപബോധമനസിൽ അഭിമാനം വാനോളം ഉയർത്തി.
തെരെഞ്ഞെടുപ്പിൽ കമ്യൂണിസ്റ് പാർട്ടി തന്നെയാണ് അധികാരത്തിൽ വന്നത്. അതുകൊണ്ടുതന്നെ ജനകീയ വ്യവസായ ശാല എന്ന ആശയത്തിന് മുന്നോട്ട് പോകാൻ ഉള്ള വഴി തുറക്കപ്പെട്ടു. ഇടങ്കുന്നപ്പുഴയുടെ തീരത്തു തന്നെ ഞങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. മുതലാളിത്ത ശക്തികളുടെ നിയന്ത്രണത്തിൽ അല്ലാത്ത പൂർണമായും ജനകീയമായ ഒരു വ്യവസായശാല. ആ നാട്ടിലെ ഓരോ വീട്ടിലെയും ഒരാൾക്കെങ്കിലും അവിടെ ജോലി ലഭിക്കുന്ന രീതിയിലാണ് അതിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്. മനയ്ക്കലെ സേതുവിൻറെ ജന്മോദ്ദേശം എന്തായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞ നാളുകൾ.
ഉത്തരം നക്ഷത്രത്തിൽ മണ്ഡലകാല സൂര്യൻ തെളിഞ്ഞു നിന്ന ആ ദിവസം, തീണ്ടാരിക്കാവിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിവസം ആയിരുന്നു. വളരെ വർഷങ്ങളായി മുടങ്ങിക്കിടന്ന തീണ്ടാരിക്കാവിലെ തിറ വീണ്ടും ആഘോഷമാക്കി നടത്തണം എന്ന് ആ നാട്ടിലെ പൗരസമിതി നിർദേശിച്ചു. മനയ്ക്കൽ തറവാടിന്റെ അധികാര പരിധിയിൽ നിന്നും കാവിനെ സ്വതന്ത്രമാക്കി ആ നാട്ടിലെ പൊതുകാര്യം എന്ന രീതിയിൽ തന്നെ ഉത്സവം നടത്തണം എന്ന നിർദേശത്തെ ഞാൻ എതിർത്തില്ല. ദൈവങ്ങൾ ആരുടേയും കുടുംബ സ്വത്തൊന്നും അല്ലല്ലോ ! നാടിനെ കാക്കുന്ന ദേവി നാട്ടുകാർക്ക് അവകാശപ്പെട്ടതാണ്. ഇനി അത് അങ്ങനെ തന്നെ ആവട്ടെ. അന്യ ദേശങ്ങളിൽ നിന്നുള്ള ഭക്തരെ ആകർഷിക്കാൻ പണ്ട് കാലങ്ങളിൽ നടത്തി വന്ന കുരുതി വഴിപാട് പുനഃ സ്ഥാപിക്കണം എന്നുള്ള അഭിപ്രായങ്ങൾ ഉണ്ടായി. ഞാൻ ഒന്നിനും എതിരായിരുന്നില്ല. മറ്റുള്ളവരുടെ സന്തോഷം എന്റെ സന്തോഷമാക്കി മാറ്റിയെടുക്കാനുള്ള ഒരു മാനസിക അവസ്ഥയിൽ ആയിരുന്നു ഞാൻ. കുംഭത്തിലെ തിരുവാതിരയിൽ തിറ വീണ്ടും നടത്താൻ തീരുമാനമായി.
വീണ്ടും തിറ നടത്താൻ പോവുകയാണ് എന്ന വാർത്തയെ വളരെ സന്തോഷത്തോടെയാണ് 'അമ്മ സ്വീകരിച്ചത്. പക്ഷെ കുരുതി വഴിപാട് വീണ്ടും ആരംഭിക്കുകയാണെന്ന വാർത്ത അമ്മയിൽ ഭയപ്പാടുണ്ടാക്കി.
" വീണ്ടും ഓരോ അനർത്ഥങ്ങൾ വരുത്തി വെക്കേണ്ട "
അത് മാത്രമാണ് 'അമ്മ പറഞ്ഞത് .
ലീല ടൗണിൽ വെച്ച് വീണ്ടും ചന്ദ്രികയെ കണ്ടു. തിറയ്ക്ക് അവൾ നാട്ടിൽ വരുന്നുണ്ടെന്നും, കഴിയുമെങ്കിൽ എന്നെ നേരിട്ട് അന്ൻ അവൾക്ക് ആഗ്രഹം ഉണ്ടെന്നും അവൾ ലീലയോട് പറഞ്ഞു. ലീല ഈ കാര്യം എന്നോട് പറഞ്ഞപ്പോൾ മനസ്സിൽ തോന്നിയ സന്തോഷം ഞാൻ പുറത്തു കാണിക്കാതെ വെറുതേ ഒന്ന് മൂളുക മാത്രം ചെയ്തു. അവളെ നേരിട്ട് കണ്ട് ചെയ്തുപോയ തെറ്റിന് അവളോട് മാപ്പ് ചോദിക്കണം എന്ന് എത്ര കാലമായി ആഗ്രഹിക്കുന്നതാണ്. ഒരായിരം വട്ടം മനസുകൊണ്ട് അവളോട് മാപ്പു ചോദിച്ചു കഴിഞ്ഞതാണെങ്കിലും...
എങ്ങനെയെങ്കിലും ഒന്ന് തിറ ആയാൽ മതിയെന്നാണ് ഇപ്പോൾ മനസ്സിൽ. അത്രയ്ക്കും ആഗ്രഹിക്കുന്നുണ്ട് അവളെ ഒന്ന് നേരിട്ട് കാണുവാൻ. ഇനിയും മൂന്നു ദിവസങ്ങൾ കൂടി. അവൾ തീണ്ടാരി ആയതിനാൽ അവൾക്ക് തിറയ്ക്ക് വരാൻ സാധിക്കില്ലെന്ന് അടുത്തവട്ടം ലീലയെ കണ്ടപ്പോൾ അവൾ പറഞ്ഞു. പകരം ചന്ദ്രിക ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഫോൺ നമ്പർ അവൾ ലീലയെ ഏൽപ്പിച്ചു. ഞാൻ ചന്ദ്രികയെ ഒന്ന് നേരിട്ട് ഫോണിൽ വിളിച്ചു സംസാരിക്കാൻ അവൾ ആഗ്രഹം പറഞ്ഞിട്ടുണ്ട്.
ചന്ദ്രികയെ ഒന്ന് നേരിട്ട് പോയി കണ്ടാലോ? അതുവേണ്ടന്നു പിന്നീട് തോന്നി. എനിക്ക് അവളെ ഈ മണ്ണിൽ വെച്ച് കണ്ടാൽ മതി. ഞാൻ ചന്ദ്രികയെ ഫോണിൽ വിളിച്ചു സംസാരിച്ചു. പരിഭവം ഒന്നും അവൾ പറഞ്ഞില്ല. ഒരുപാട് പറയാനുണ്ട് .. എല്ലാം നേരിൽ കാണുമ്പോൾ പറയാം എന്നുമാത്രം അവൾ പറഞ്ഞു. തിറ കഴിഞ്ഞുള്ള പുലർച്ചെ മാനം തെളിയുന്നതിനു മുൻപ്, ഇടംകുന്നപ്പുഴയുടെ തീരത്ത്, പണ്ട് ഞങ്ങൾ സന്ധിക്കാറുണ്ടായിരുന്ന പവിഴമല്ലി മരത്തിന്റെ ചുവട്ടിൽ അവൾ എനിക്കുവേണ്ടി കാത്തിരിക്കും എന്ന് പറഞ്ഞാണ് അവൾ അവസാനം ഫോൺ വെച്ചത്.
Comments