രാമലിംഗത്തിന്റെ വാക്കുകളിലൂടെ :
ഇന്നേക്ക് മുപ്പത്തിയെട്ടു വർഷങ്ങൾക്കു മുൻപാണ് ഞാൻ മാധവൻ തമ്പിയെ ആദ്യമായി പരിചയപ്പെടുന്നത്. മക്കൾ വിടുതൽ പ്രസ്ഥാനത്തിന്റെ സ്ഥാപക ശില്പികളിൽ ഒരാൾ എന്ന നിലയിലാണ് അദ്ദേഹത്തെ ഞാൻ അടുത്തറിഞ്ഞത്. തമിഴ് കുടിയേറ്റക്കാർക്ക് അതി ഭീകരമായ ദുരിതമാണ് ഇവിടെ സഹിക്കേണ്ടി വന്നത്. അടിമകളെപ്പോലെ കഴിയേണ്ടിവന്ന അവരുടെ സ്വാതന്ത്ര്യത്തിനായി രൂപംകൊണ്ട ഒരു സംഘടനയായിരുന്നു മക്കൾ വിടുതൽ പ്രസ്ഥാനം.
ആശയപരമായി ഞങ്ങളുടെ ചിന്താഗതികൾ ഒന്നായിരുന്നതുകൊണ്ട് ഞങ്ങൾ വളരെ പെട്ടന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി. പട്ടാളത്തിന്റെ നോട്ടപ്പുള്ളിയായിരുന്ന മാധവനെ ഇല്ലാതാക്കാൻ പല ശ്രമങ്ങളും ഉണ്ടായി. മാധവൻ ഒരു ധീരനായിരുന്നു. മരണം വരെയും തമിഴ് മക്കളുടെ ഭാവിക്കുവേണ്ടി ചെയ്യാൻ കഴിയുന്നതൊക്കെയും ചെയ്തു.
മക്കൾ വിടുതൽ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പല പ്രക്ഷോഭങ്ങളെയും പട്ടാളം അടിച്ചമർത്തി. ആ സമയത്തു നടന്ന ഒരു വെടിവെയ്പ്പിൽ സ്വന്തം കുടുംബക്കാരെ എല്ലാം നഷ്ടപ്പെട്ട ഒരു പാവം പെൺകുട്ടിയായിരുന്നു പാർവതി. മാധവൻ തമ്പി ആ പെൺകുട്ടിയെ സ്വന്തം മകളെപ്പോലെ സംരക്ഷിച്ചു. പക്ഷെ അവർ തമ്മിൽ അവിഹിത ബന്ധം ആണെന്ന് വരുത്തിത്തീർത്ത് മാധവൻ തമ്പിയെയും പർവതിയെയും ജയിലിലാക്കി. ആ പെൺകുട്ടിയെ നിയമ പരമായി വിവാഹം കഴിച്ചെങ്കിൽ മാത്രമേ അവളെ ജയിലിൽ നിന്നും പുറത്തിറക്കാൻ കഴിയുമായിരുന്നുള്ളൂ. അവളെ രക്ഷിക്കാൻ അദ്ദേഹത്തിന് മുന്നിൽ വേറെ ഒരു വഴിയും ഇല്ലായിരുന്നു. അങ്ങനെയാണ് തന്നെക്കാൾ ഒരുപാട് പ്രായക്കുറവുള്ള പാർവതിയെ മാധവൻ വിവാഹം കഴിക്കുന്നത്.
ഇക്കാര്യങ്ങൾ എല്ലാം കാണിച്ചുകൊണ്ട് മാധവൻ നാട്ടിലേക്ക് ഒരു കത്തയച്ചിരുന്നു. തനിക്ക് ഇങ്ങനെ ഒരു ഭർത്താവിനെ ആവശ്യമില്ലെന്നും , ഇനി നാട്ടിലേക്ക് വന്നാൽ താനും മക്കളും ആത്മഹത്യ ചെയ്യും എന്നും കാണിച്ചൊരു മറുപടിയാണ് മാധവന്റെ ഭാര്യ തിരിച്ചയച്ചത്. അതിനു ശേഷവും പലവട്ടം മാധവൻ നാട്ടിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചരുന്നു. മാധവൻ തമ്പി മരണപ്പെട്ടന്ന വാർത്തയാണ് നാട്ടിൽ സ്വന്തം ഭാര്യ പറഞ്ഞിരിക്കുന്നതെന്നറിഞ്ഞ മാധവൻ ആകെ തകർന്നു പോയി. ഇനി കത്തയക്കുകയോ മറ്റേതെങ്കിലും തരത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ ജീവനോടെ ഒരിക്കലും സ്വന്തം മക്കളെ പോലും കാണിക്കാൻ താൻ തയ്യാറാവില്ലന്ന ദൃഢനിശ്ചയം ആയിരുന്നു ആ സ്ത്രീക്ക് ഉണ്ടായിരുന്നത്. മക്കൾ വിടുതൽ പ്രസ്ഥാനത്തിന്റെ അമരക്കാരൻ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തന്റെ മുന്നിൽ കരഞ്ഞ നാളുകൾ.
മാനസിക നിലപോലും കൈവിട്ട അവസ്ഥയിൽ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് പാർവതി ആയിരുന്നു. അവൾ അദ്ദേഹത്തെ ഒരു കുറവും ഇല്ലാതെ നോക്കി. മറ്റൊരാളെ ഇനി ഭർത്താവായി കാണാൻ കഴിയില്ലെന്ന് അവൾ അദ്ദേഹത്തിന്റെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞു. ഒരു നല്ല ഭാര്യയുടെ എല്ലാ കടമകളും പാർവതി ഭംഗിയായി നിറവേറ്റി. മാധവനെ പതിയെ അവൾ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. മാധവന്റെ കുഞ്ഞിന്റെ അമ്മയാവണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഒരുവട്ടം അവർ ഗർഭവതി ആവുകയും ആ ഗർഭം അവളുടെ അനാരോഗ്യം കാരണം അലസിപ്പോവുകയും ചെയ്തു. പിന്നീടും അവർ ഗർഭം ധരിക്കുകയും ഒരു ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പക്ഷേ പ്രസവ ശേഷം അവളുടെ ആരോഗ്യ നില വഷളാവുകയും , ആ കുട്ടിക്ക് നാല് മാസം മാത്രം പ്രായമുള്ളപ്പോൾ അവൾ ഈ ലോകത്തോട് വിട പറയുകയും ചെയ്തു. പിന്നീട് മാധവൻ തമ്പി ജീവിച്ചത് അവനു വേണ്ടി ആയിരുന്നു. കർണ്ണൻ എന്നായിരുന്നു ആ കുഞ്ഞിന് അവനിട്ട പേര്. കർണ്ണനെ മക്കൾ വിടുതൽ പ്രസ്ഥാനത്തിന്റെ നേടും തൂണായിട്ടാണ് മാധവൻ വളർത്തിക്കൊണ്ടു വന്നത് . ഇന്ന് കുടിയേറ്റ ജനത മനഃസമാധാനത്തോടെ ഇവിടെ കഴിയുന്നുണ്ടെങ്കിൽ അത് കർണന്റെ ജന പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് .
ഇത്രയും കാര്യങ്ങൾ രാമലിംഗത്തിൽ നിന്നും കേട്ട ഞങ്ങൾ അത്ഭുതംകൊണ്ട് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായി. എന്തൊക്കെയാണ് ഈ കേൾക്കുന്നത്? കേട്ടതൊക്കെയും ഒരു കെട്ടുകഥപോലെ ഞങ്ങൾക്ക് തോന്നി. നാട്ടിൽ നിന്നും തിരിക്കുമ്പോൾ ഇങ്ങനെ ഒരു കഥ ഇവിടെ നിന്നും അറിയേണ്ടി വരുമെന്ന് ഒരിക്കലും ഓർത്തില്ല.
അച്ഛൻ എങ്ങനെയാണ് മരിച്ചത്? കുഞ്ഞിമാമൻ രാമലിംഗത്തോട് ചോദിച്ചു.
രാമലിംഗം പെട്ടന്ന് ഒന്ന് നിശബ്ദനായി. അദ്ദേഹത്തിന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. ഇടക്കാലത്തുണ്ടായ ഒരു കലാപത്തിൽ പാട്ടാളത്തിന്റെ ക്രൂര മർദനമേറ്റ തമ്പി ശാരീരികമായി അവശനായിരുന്നു. മൂന്നുവർഷത്തോളം കിടക്കയിൽ തന്നെ ആയിരുന്നു. നാട്ടിൽ വിവരം അറിയിക്കട്ടെ എന്ന് പലവട്ടം ഞങ്ങൾ മാധവനോട് ചോദിച്ചതാണ്. മാധവൻ തമ്പി നാട്ടിൽ എല്ലാവരുടെയും മനസ്സിൽ ഒരുവട്ടം മരിച്ചതാണ്. അത് അങ്ങനെതന്നെ ഇരിക്കട്ടെ എന്നായിരുന്നു ഞങ്ങൾക്ക് കിട്ടിയ മറുപടി. ഒരു ദിവസം ഉറങ്ങാൻ കിടന്ന തമ്പി പിന്നെ ഉണർന്നില്ല. ഹൃദയ സ്തംഭനമായിരുന്നു മരണ കാരണം.
നാടിനെക്കുറിച്ചൊന്നും മാധവൻ കർണ്ണനെ അറിയിച്ചിട്ടില്ല. താൻ ജീവനോടെയുള്ളപ്പോൾ തന്റെ കഥകൾ ഒന്നും അവൻ അറിയരുതെന്ന് മാധവന് നിർബന്ധം ഉണ്ടായിരുന്നു. പാർവതിയുടെ മരണ ശേഷം പാർവതിയുടെ പേരിൽ ഒരു എഴുത്തു പള്ളിക്കൂടം കുടിയേറ്റ ജനതയ്ക്കായി തമ്പി ആരംഭിച്ചിരുന്നു. തമിഴ് കുടിയേറ്റ ജനത വിദ്യാഭ്യാസപരമായോ തൊഴിൽ പരമായോ പിന്നോക്കം പോകാൻ പാടില്ലെന്ന് അദ്ദേഹത്തിന് ഒരു വാശി ഉണ്ടായിരുന്നു. മദിരാശി എന്ന് വിളിച്ച് ഒരുപാട് കളിയാക്കലുകളും കുത്തുവാക്കുകളും യാതനകളും ആദ്യകാലങ്ങളിൽ തമ്പി അനുഭവിച്ചിട്ടുണ്ട്. അത്തരം മുറിവുകളാകാം തമ്പിയെ ഒരു കലാപകാരിയാക്കി മാറ്റിയത്,
പിറ്റേ ദിവസം ഞങ്ങൾ മൂന്നുപേരും ചേർന്ന് കർണ്ണനെ പോയി കാണാൻ തീരുമാനിച്ചു. രാമലിംഗത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യ സുന്ദരാംബാളും അവരുടെ മക്കളായ സെൽവി , സെന്തിൽ എന്നിവരും ഉണ്ടായിരുന്നു. വളരെക്കാലത്തിനു ശേഷം ഒരു വിരുന്നുകാരെ കിട്ടിയ സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു. ഭീകര സദ്യ എന്നുതന്നെ പറയേണ്ടി വരും. കഴിച്ചു കഴിച്ചു വയർ പൊട്ടിപ്പോകുമോ എന്നുപോലും തോന്നിപ്പോയി.
അവിടെ കുറച്ചു നേരം വിശ്രമിച്ച ശേഷം ഞങ്ങൾ ഞങ്ങളുടെ താമസ സ്ഥലത്തേക്ക് മടങ്ങി. അനുരാധപുരത്തേക്ക് തിരിച്ചുള്ള യാത്രയിൽ പാർവതി മെമ്മോറിയൽ സ്കൂളും , അവിടത്തെ മതിലിൽ സ്ഥാപക ഫലകത്തിൽ മാധവൻതമ്പി എന്ന പേരും ഞങ്ങൾ കണ്ടു. കേരളത്തിൽ നിന്നും ആയിരക്കണക്കിന് മൈൽ അകലെ ശ്രീലങ്കയിൽ തന്റെ അച്ഛൻ ഒരു മഹാത്മാവ് എന്ന നിലയിൽ കാണപ്പെടുന്നത് ഏതൊരു മകനാണ് അഭിമാനം ഉണ്ടാക്കാത്തത്. കുഞ്ഞിമാമന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മാമൻ എന്റെ കയ്യിൽ മുറുക്കെപ്പിടിച്ചു .
രാവണ രാജ്യത്തിൽ എത്തിയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. നാട്ടിലെ വിവരങ്ങൾ ഒന്നും തന്നെ അറിയാൻ സാധിക്കുന്നില്ല. നാട്ടിലെ വായന ശാലയിൽ ഒരു ടെലഫോൺ ഉണ്ട്. പിന്നെ ഇടയക്കുന്നത്തുള്ള ചില ധനികരുടെ വീട്ടിലും. അനുരാധപുരം പോസ്റ്റ് ഓഫീസിൽ നിന്നും നാട്ടിലേക്ക് ഫോൺ വിളിക്കാനുള്ള സൗകര്യം രാമലിംഗം ഒരുക്കിത്തന്നു. ഞാൻ വായനശാലയിലേക്ക് ഫോൺ വിളിച്ചു. ദിനേശനാണ് ഫോൺ എടുത്തത്. സമരം ഒത്തുതീർപ്പായെന്നും, കളക്ടർ നേരിട്ട് ഇടപെട്ട് വയലുകൾ നിരത്തി ഫാക്ടറി പണിയുന്നതിനെതിരായി കോടതിയിൽ നിന്നും ഉത്തരവ് നേടി എന്നും ദിനേശൻ പറഞ്ഞു. നാളെ ഇതേ സമയത്തു വീണ്ടും വിളിക്കാമെന്നും , ലീലയെ നാളെ ഇതേ സമയത്ത് അവിടേക്ക് കൂട്ടിക്കൊണ്ടു വരണം എന്നും ദിനേശനോട് ചട്ടംകെട്ടി ഞാൻ ഫോൺ വെച്ചു.
കാര്യങ്ങളൊക്കെ നല്ല രീതിയിൽ അവസാനിച്ചതിൽ ഞങ്ങൾ സന്തോഷിച്ചു. എന്തായാലും ഇത്രയും കഷ്ടപ്പെട്ടതിന്റെ ഫലം ഉണ്ടായല്ലോ! ഇനിയിപ്പോൾ ജനകീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഫാക്ടറി തുടങ്ങാൻ മറ്റു തടസ്സങ്ങൾ ഒന്നുംതന്നെയില്ല. ഇന്നുതന്നെ കർണ്ണനെ സന്ധിച്ച ശേഷം നാട്ടിലേക്ക് എത്രയും വേഗം തന്നെ മടങ്ങണം എന്ന് ഞങ്ങൾ തീരുമാനിച്ചു. പക്ഷെ, ഞങ്ങൾ തീരുമാനിച്ചതിലും പിന്നെയും രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞ ശേഷമാണ് കർണ്ണനെ ഞങ്ങൾ കണ്ടത്. കുഞ്ഞിമാമനെ പോലെ തന്നെ എന്റെ മാമനാണ് കർണ്ണനും. കുഞ്ഞിമാമൻ കർണ്ണനെ പുണർന്നു. ആ നിമിഷം മുത്തച്ഛൻ സ്വർഗത്തിലിരുന്നു സന്തോഷിച്ചിട്ടുണ്ടാകും. മക്കൾ വിടുതൽ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ കേരളത്തിലേക്ക് ഞങ്ങൾക്കൊപ്പം പോവാനുള്ള ക്ഷണം അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു. മറ്റൊരു അവസരത്തിൽ തീർച്ചയായും നാട്ടിലെത്താമെന്നും എല്ലാവരെയും വന്നു കാണാം എന്നും ഞങ്ങൾക്ക് വാക്ക് നൽകി. മുത്തച്ഛൻ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് കർണ്ണൻ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. കുറേനേരം ഞങ്ങൾ അവിടെ കൈ കൂപ്പി നിന്നു.
ലീലയോട് ഫോണിൽ ഇവിടത്തെ വിശേഷങ്ങളെല്ലാം ഞാൻ പറഞ്ഞു. നാട്ടിലേക്ക് തിരികെ വരുമ്പോൾ , എനിക്ക് സതോഷമുണ്ടാക്കുന്ന ഒരു സംഗതി പറയാം എന്ന് പറഞ്ഞാണ് അവൾ ഫോൺ വെച്ചത്. പിറ്റേ ദിവസം തന്നെ ഞങ്ങൾ ശ്രീലങ്കയോട് വിട പറഞ്ഞു.
Comments